സിഐ പീഡിപ്പിച്ചെന്ന പരാതിയുമെത്തിയ ആളിനെ ഡിവൈ എസ് പി പീഡിപ്പിച്ചു; സിഐയും ഡിവൈഎസ്പിയും പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ 'ഇരയെ' എസ് പിയും ചൂഷണം ചെയ്തു! ബെന്നിയുടെ പരാതി ട്വിസ്റ്റാകും; ഗൂഡാലോചന അന്വേഷണം നിര്‍ണ്ണായകം
വിവി ബെന്നിയുടെ പരാതിയില്‍ ഗൗരവ അന്വേഷണം നടക്കും
തിരുവനന്തപുരം: പൊന്നാനിയില്‍ വീട്ടമ്മയെ ലൈീഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ നിയമ നടപടിക്ക്. ആരോപണത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി മലപ്പുറം എസ്പിക്ക് പരാതി നല്‍കി. മുട്ടില്‍ മരംമുറി അന്വേഷിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്തതിലെ പ്രതികാരമാണ് ആരോപണം കെട്ടിച്ചമച്ചതിന് പിന്നിലെന്നും പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ചാനലില്‍ വാര്‍ത്ത വരാന്‍ കാരണമെന്നുമാണ് പരാതി. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയാണ് പരാതി. സിഐ വിനോദും സമാന പരാതി നല്‍കും. ഇതോടെ വിവാദം പുതിയ തലത്തിലേക്കും എത്തും. ബെന്നിയുടെ പരാതിയില്‍ സമഗ്രാന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.സുപ്രധാന കേസുകളിലെ മികവാര്‍ന്നതും കുറ്റമറ്റതും ചടുലവുമായ അന്വേഷണ മികവിനുള്ള സമ്മാനമായി കേന്ദ്ര പൊലീസ് മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥനാണ് വിവി ബെന്നി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി. ഏത് അന്വേഷണത്തേയും ശാസ്ത്രീയമായി തെളിയിക്കും. മുട്ടില്‍ മരം മുറി കേസില്‍ മരങ്ങളുടെ ഡി എന്‍ എ പരിശോധനയിലൂടെ കാലപ്പഴക്കം ഉറപ്പിച്ചതും വിവി ബെന്നിയുടെ മികവായിരുന്നു. ഇതായിരുന്നു മുട്ടില്‍ മരം മുറിയില്‍ പ്രതികള്‍ക്ക് ഊരാക്കുടുക്കായത്. ഇതോടെ ചിലര്‍ക്ക് ബെന്നി കണ്ണിലെ കരടായി. ബെന്നിയെ അന്വേഷണത്തില്‍ നിന്നും പുറത്താക്കാന്‍ പലവിധ കളികള്‍ നടന്നു. പക്ഷേ സര്‍ക്കാര്‍ അന്വേഷണവുമായി മുമ്പോട്ട് പോകാന്‍ അനുമതി നല്‍കി. അപ്പോഴിതാ പുതിയ ആരോപണം. മലപ്പുറത്തെ എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇത്തരമൊരു ട്വിസ്റ്റുണ്ടാകുമ്പോള്‍ മുട്ടില്‍ മരം മുറിയും ചര്‍ച്ചയാകുകയാണ്. ഈ സാഹചര്യത്തിലാണ് പീഡനാരോപണത്തിലെ ബെന്നിയുടെ നീക്കം.
ഡിജിപിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ബെന്നി പരാതി നല്‍കും. ആരോപണം നേരിട്ട മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, എസ്എച്ച്ഒ വിനോദ് എന്നിവരും ഇന്ന് ഡിജിപിക്കും മലപ്പുറം എസ്പിക്കും പരാതി നല്‍കും. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കോടതിയെ സമീപിക്കുന്നുണ്ട്. അതേസമയം ആരോപണം ഉന്നയിച്ച സ്ത്രീയുടെ പരാതി ഇതേവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ വിവാദം പുതിയ തലത്തിലേക്ക് എത്തുകയാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പൊലീസ് അസോസിയേഷന്‍ അറിയിച്ചിരുന്നു. അത്തരം ഉദ്യോഗസ്ഥര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടുപോകാം. അവര്‍ക്കൊപ്പം പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉണ്ടാകുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു പറഞ്ഞു.
വര്‍ത്തമാനകാലത്ത് പോലീസ് സംവിധാനത്തിനെതിരെയും ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുകയും അതില്‍ വലിയ ചര്‍ച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകള്‍ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തില്‍ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്. എന്നാല്‍ ഒരു വാര്‍ത്താ ചാനല്‍ 'പോലീസ് ഓഫീസര്‍മാരുടെ ബലാത്സംഗപരമ്പര' എന്ന വാര്‍ത്ത നല്‍കുന്നത് കാണാനിടയായി. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്.
ഒരു പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച ഐപി പീഡിപ്പിച്ചു എന്നും, ഐപി പീഡിപ്പിച്ചു എന്ന പരാതിയുമായി ഡിവൈഎസ്പിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പീഡിപ്പിച്ചു എന്നും, ഡിവൈഎസ്പി പീഡിപ്പിച്ചു എന്ന പരാതിയുമായി എസ്പിയെ കണ്ടപ്പോള്‍ അദ്ദേഹം പീഡിപ്പിച്ചുവെന്നും പരാതി പറയുമ്പോള്‍ അത് കേള്‍ക്കുന്ന ആര്‍ക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് വാര്‍ത്തയാക്കിയത് അത്യന്തം ഖേദകരമാണെന്നും സി.ആര്‍ ബിജു പറഞ്ഞു.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന് നേതൃത്വം നല്‍കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിനായിരുന്നു ബെന്നിക്ക് കേന്ദ്ര പുരസ്‌കാരം കിട്ടിയത്. 2021ലായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായില്‍ നിന്നുള്ള ഈ അംഗീകാരം കിട്ടിയത്. മാവോയിസ്റ്റ് ആക്രമണങ്ങളും യുഎപിഎ കേസുകളും ഇദ്ദേഹം അന്വേഷിച്ചിരുന്നു. മരട് ഫ്ലാറ്റ് കേസ്, ടി.പി വധക്കേസ്, പെരുവണ്ണാമൂഴി സെക്സ് റാക്കറ്റ്, ഹാദിയ കേസ് എന്നിവയിലും അന്വേഷണ ഉദ്യോഗസ്ഥനായി പേരെടുത്തു. ഇന്‍സ്പെക്ടറായിരിക്കെ മുന്നൂറോളം ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്സി പരീക്ഷാ പരിശീലനം നല്‍കാന്‍ നേതൃത്വം വഹിച്ചു. അതില്‍ 30 പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചതും ഏറെ അഭിനന്ദനങ്ങള്‍ക്കിടയാക്കി.
2003ല്‍ കേരള പൊലീസിലെത്തിയ ഇദ്ദേഹം പാനൂര്‍ എസ്ഐ ആയിട്ടായിരുന്നു നിയമനം. 2010 കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പെക്ടറായി. കോഴിക്കോട് ക്രൈംബ്രാഞ്ച്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ മുട്ടില്‍ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഡാലോചനയാണെന്ന് ഡിവൈഎസ്പി വിവി ബെന്നി പ്രതികരിച്ചിരുന്നു.