നാല് ദിവസമായി കുടിവെള്ളമില്ലാതെ 44 വാര്‍ഡുകള്‍; 'കുറ്റകരമായ അനാസ്ഥ, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; തലസ്ഥാനത്തെ കുടിവെള്ള മുടക്കത്തില്‍ വിമര്‍ശിച്ച് വികെ പ്രശാന്ത് എംഎല്‍എ
കുടിവെള്ളമില്ലാതെ തലസ്ഥാന നഗരം
തിരുവനന്തപുരം: തലസ്ഥാനനഗരത്തില്‍ നാലുദിവസമായി നേരിടുന്ന കുടിവെള്ള പ്രതിസന്ധിയില്‍ ജല അതോറിറ്റിയെ വിമര്‍ശിച്ച് സി.പി.എം. എം.എല്‍.എയും കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ വി.കെ. പ്രശാന്ത്. ജല അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്ന് കഴക്കൂട്ടം എം.എല്‍.എ. കുറ്റപ്പെടുത്തി. മുന്‍ധാരണയില്ലാതെയാണ് അതോറിറ്റി കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും പ്രശാന്ത് ആരോപിച്ചു.
കുറ്റകരമായ അനാസ്ഥയാണിതെന്ന് എംഎല്‍എ രൂക്ഷവിമര്‍ശനമുന്നയിച്ചു. ഒരു സ്ഥലത്ത് പണി നടക്കുന്നത് കാരണം മുഴുവന്‍ ജലവിതരണവും മുടങ്ങുന്നത് എങ്ങനെയാണെന്നും എംഎല്‍എ ചോദിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ഇതുവരേയും നഗരത്തില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഉണ്ടായിട്ടില്ല. വാട്ടര്‍ അതോറിറ്റി മുന്‍കൂര്‍ ധാരണയില്ലാതെ കൈകാര്യം ചെയ്തുവെന്ന് മന്ത്രി വിളിച്ച യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. നേമത്ത് നടക്കുന്ന പ്രവൃത്തിക്ക് നഗരമാകെ വെള്ളം കിട്ടാത്ത അവസ്ഥ എങ്ങനെ വന്നുവെന്നത് പരിശോധിക്കണം. യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇങ്ങനെയൊരു സ്ഥിതി എങ്ങനെയുണ്ടായെന്ന് മന്ത്രി പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. മന്ത്രിക്ക് പരാതി നല്‍കും. വാട്ടര്‍ അതോറിറ്റിക്ക് വീഴ്ചയുണ്ടായി. 48 മണിക്കൂറില്‍ തീരേണ്ടപണി നീണ്ടുപോയി. ബദല്‍മാര്‍ഗം ഏര്‍പ്പെടുത്തുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരമൊരു സാഹചര്യത്തിലേക്ക് നഗരത്തെ തള്ളിവിടേണ്ട ഒരുകാര്യവുമില്ല. ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി സംശയിക്കുന്നു. ഏകോപനക്കുറവ് ഉണ്ടായി. എന്നാല്‍, നഗരസഭയ്ക്ക് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം, തലസ്ഥാന നഗരത്തില്‍ നാല് ദിവസം കുടിവെള്ളം മുട്ടിച്ച പൈപ്പ് മാറ്റിയിടല്‍ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. രാത്രിയോടെ പമ്പിംഗ് തുടങ്ങാനാകുമെന്നും താഴ്ന്ന പ്രദേശങ്ങളില്‍ രാത്രിയോടെ വെള്ളം കിട്ടി തുടങ്ങുമെന്നുമാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.
തിരുവനന്തപുരം കന്യാകുമാരി റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈന്‍ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാല്‍പ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാല്‍പ്പത്തിനാല് വാര്‍ഡുകളില്‍ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയില്ല. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാല്‍വിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനത്തു.
ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി. മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാല്‍വില്‍ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വേണം പമ്പിംഗ് തുടങ്ങാന്‍. ആദ്യ മണിക്കൂറില്‍ പൈപ്പ് ലൈന്‍ വൃത്തിയാക്കും. പിന്നീട് വേണം കുടിവെള്ളം എത്തിക്കാന്‍. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഇനിയും മണിക്കൂറുകളെടുക്കും.