കേരളം സമര്‍പ്പിച്ച 2219.033 കോടിയുടെ കണക്കുകള്‍ പെരുപ്പിച്ചതെന്ന് കേന്ദ്രനിലപാട്; വയനാട് പാക്കേജില്‍ സംസ്ഥാനം ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല; സൂക്ഷ്മ പരിശോധനയുടെ പേരില്‍ കേന്ദ്രസഹായം വൈകുന്നു; ദുരിതാശ്വാസ നിധിയില്‍ കേരളത്തിന് പണമുണ്ടെന്ന് കേന്ദ്രനിലപാട്
വയനാട് പാക്കേജില്‍ സംസ്ഥാനം ചോദിച്ചതിന്റെ പകുതി പോലും കിട്ടില്ല
ന്യൂഡല്‍ഹി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്രസഹായം എത്തിക്കുന്ന കാര്യത്തില്‍ മെല്ലേപ്പോക്കാണ്. കേന്ദ്രസഹായം വൈകുന്നതു കൊണ്ടു തന്നെ ദുരിതബാധിതരായവരുടെ പുനരധിവാസവും വൈകുകയാണ്. ഇക്കാര്യത്തില്‍ പ്രതിഷേധവും വിവിധ കോണുകളില്‍ നിന്നും ശക്തമാകുകയും ചെയ്യുന്നു. ഇതിനിടെയാണ് കേന്ദ്രത്തില്‍ നിന്നും സഹായം ലഭിച്ചാലും കാര്യമായ തുക ഉണ്ടാകില്ലെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കുന്നത്.
ഉരുള്‍പൊട്ടല്‍ പുനര്‍നിര്‍മാണ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം സമര്‍പ്പിച്ച 2219.033 കോടി രൂപയുടെ പാക്കേജില്‍ പകുതിപോലും ലഭിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത വിധത്തില്‍ തൊടുന്യായങ്ങളാണ് കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്രം പറയുന്നത്. കേന്ദ്ര ഉന്നതതല ഉദ്യോഗസ്ഥസംഘം കേരളത്തിന്റെ റിപ്പോര്‍ട്ടിന്മേല്‍ സൂക്ഷ്മപരിശോധന നടത്തി വരുകയാണെങ്കിലും ഇതില്‍ 600-700 കോടിക്ക് മുകളില്‍ നല്‍കാന്‍ വകുപ്പില്ലെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതായാണ് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്.
കേരളത്തിന്റെ കണക്കുകള്‍ പലതും പെരുപ്പിച്ചുകാട്ടിയതാണെന്നാണ് വിലയിരുത്തല്‍. പല പ്രവൃത്തികള്‍ക്കും കാണിച്ച തുക ദേശീയ മാനദണ്ഡപ്രകാരമുള്ളതിനെക്കാള്‍ അധികമാണ്. ഇതില്‍ സൂക്ഷ്മപരിശോധനയ്ക്കുശേഷമാകും അന്തിമവിധി. തുക എപ്പോള്‍ ലഭ്യമാക്കുമെന്നതിലും വ്യക്തതയില്ല. ചൂരല്‍മല പ്രദേശത്തെ സമഗ്രമായി പുനര്‍നിര്‍മിക്കാനുള്ള കേരളത്തിന്റെ സ്വപ്നം ഇതോടെ പൊലിയും. സമഗ്ര പുനരധിവാസ പാക്കേജിനായുള്ള വിശദറിപ്പോര്‍ട്ട് നവംബര്‍ 13-നാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്. കേരളത്തിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥസംഘത്തെ കേന്ദ്രം ചുമതലപ്പെടുത്തി.
പുനരധിവാസത്തിന് ഇതുവരെ തുക അനുവദിച്ചിട്ടില്ല. തുടക്കം മുതല്‍ തന്നെ കേന്ദ്രം കേരളത്തോട് അവഗണന കാണിക്കുകയായിരുന്നു. പ്രധാനമന്ത്രി എത്തിയിട്ടും സഹായം എത്താന്‍ വൈകിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ കേരളത്തിന്റെ പക്കല്‍ പണമുണ്ടെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചതും എതിര്‍പ്പിന് ഇടയാക്കിയിരുന്നു.
വയനാട് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി മതിയായ തുക സംസ്ഥാന ദുരന്തപ്രതികരണനിധിയില്‍ ലഭ്യമാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ദുരന്ത നിവാരണ മാനദണ്ഡപ്രകാരം 12 ഇനം പ്രകൃതിദുരന്തങ്ങള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് തുക ലഭ്യമാക്കുന്നത്. ഇവയില്‍ ഗുരുതരസ്വഭാവമുള്ള ദുരന്തങ്ങള്‍ക്ക് ദേശീയ ദുരന്തപ്രതികരണനിധിയില്‍നിന്ന് അധിക സഹായധനം ലഭ്യമാക്കും. അത് ലഭ്യമാക്കുന്നത് കേന്ദ്രം നിയോഗിക്കുന്ന വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
അതേസമയം 2024-25ല്‍ സംസ്ഥാന ദുരന്തപ്രതികരണനിധിയില്‍ കേരളത്തിന് അനുവദിച്ചത് 388 കോടി രൂപയാണ്. ഇതില്‍ 291.20 കോടി കേന്ദ്രവിഹിതവും 96.80 കോടി കേരളത്തിന്റേതുമാണ്. കേന്ദ്രവിഹിതത്തിന്റെ ആദ്യ രണ്ടുഗഡുക്കളായി 145.60 കോടി രൂപവീതം ജൂലായ് 31-നും ഒക്ടോബര്‍ ഒന്നിനും നല്‍കി. അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏപ്രിലില്‍ എസ്.ഡി.ആര്‍.എഫില്‍ അവശേഷിച്ച തുക 394.99 കോടിയാണ്. ഇതും പുതുതായി അനുവദിച്ചതും ചേര്‍ത്ത് 782.99 കോടി രൂപ ശേഷിക്കുന്നുണ്ട്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നതതലസമിതി 153.47 കോടികൂടി നല്‍കുന്നതിന് അംഗീകാരം നല്‍കി. നിലവില്‍ എസ്.ഡി.ആര്‍.എഫില്‍ ലഭ്യമായ തുകയുടെ 50 ശതമാനം തുകയില്‍ അഡ്ജസ്റ്റ് ചെയ്താകും ഈ തുക അനുവദിക്കുക. അതായത്, 153.47 കോടി തുക പൂര്‍ണമായി കിട്ടില്ലെന്നര്‍ഥം.
ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് ഒരു വീട് നിര്‍മാണത്തിന് 50,000 രൂപ കൂടുതല്‍ കിട്ടും. ദുരന്തത്തില്‍ പൂര്‍ണമായി വീടുതകര്‍ന്നാല്‍ 1,80,000 രൂപ വരെ ലഭിക്കും. നേരത്തേ ഒരു വീടിന് 1.3 ലക്ഷമായിരുന്നു. വയനാട്ടില്‍ ഒരു വീടിന് 25 ലക്ഷം ചെലവുവരുമെന്നാണ് കണക്ക്. നിലവിലെ എന്‍.ഡി .ആര്‍.എഫ്. വ്യവസ്ഥയനുസരിച്ച് ചെറിയ തുകയേ ലഭിക്കൂ. അതിനാലാണ് വയനാട്ടിലേത് അതിതീവ്ര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്. അങ്ങനെ വന്നാല്‍, വ്യവസ്ഥകള്‍ക്ക് അതീതമായി പ്രത്യേകം സഹായവും പാക്കേജും നല്‍കാം.
അതേസമയം വയനാട് പുനരധിവാസം വൈകുന്നതില്‍ സംസ്ഥാനത്ത് പരസ്യപ്രതിഷേധങ്ങള്‍ക്ക് തുടക്കമാകുയാണ്. യൂത്ത് കോണ്‍ഗ്രസ് വയനാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു, പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. വയനാട് പുനരധിവാസം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് എതിരെയാണ് പ്രതിഷേധം നടത്തിയത്.
കളക്ടറേറ്റ് പടിക്കലിരുന്ന് സമരം ചെയ്യുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനിടെ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണയിലിരുന്ന മറ്റ് സംഘടനാ പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി. പ്രശ്നം രൂക്ഷമായതോടെ ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്ത ഗേറ്റിലൂടെ കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തി വീശിയത്. നാലുതവണ ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. അതിനിടെ പരിക്കേറ്റ പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിക്കുകയും ചെയ്തു.
വയനാട് പുനരധിവാസം, കേന്ദ്രസര്‍ക്കാര്‍, പാക്കേജ്