എട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല; 'വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരുമെന്ന് ഡബ്ല്യസിസി; അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ് സുകുമാരന്‍; പിന്തുണ അറിയിച്ച് മഞ്ജുവാര്യര്‍ മുതല്‍ അഹാന വരെയുള്ള നടിമാരും
എട്ടരവര്‍ഷം നീണ്ട പോരാട്ടത്തില്‍ ഞങ്ങളുടെ സഹപ്രവത്തകയ്ക്ക് ലഭിച്ചത് നീതിയല്ല
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി വിധിക്കെതിരെ അതിജീവിത രംഗത്തുവന്നതിന് പിന്നാലെ കൂടുതല്‍ പേര്‍ പിന്തുണയുമായി രംഗത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) നടിക്ക് പിന്തുണ അറിയിച്ചു പോസ്റ്റിട്ടു. ഈ വിധി കടുത്ത നിരാശയാണെന്നും എട്ടരവര്‍ഷം നീണ്ട ഈ പോരാട്ടത്തില്‍ അത് തങ്ങളുടെ സഹപ്രവത്തകയ്ക്ക് മുന്നില്‍ ബാക്കി വച്ചത് നീതിയല്ല, കരുതലല്ല എന്നും ഡബ്ല്യുസിസി പ്രതികരിച്ചു. 'പെണ്‍ കേരളത്തിന് അത് നല്‍കുന്ന സാമൂഹ്യപാഠം, ഇനി പരാതിയുമായി മുന്നോട്ട് വരരുത് എന്ന അത്യന്തം നിരാശാജനമായ വിലക്കാണ്. വിധി സൂക്ഷ്മമായി പഠിച്ച് തുടര്‍ നടപടികളുമായി ഞങ്ങള്‍ ശക്തമായി മുന്നോട്ടു വരും. പോരാട്ടം തുടരും.' ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് അതിജീവിത പങ്കുവെച്ച പോസ്റ്റിന് പിന്തുണയുമായി വനിതാ ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി നടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, അഹാന കൃഷ്ണ, ഷഫ്ന, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, പ്രൊഡ്യൂസര്‍ സുപ്രിയ മേനോന്‍, സയനോര ഫിലിപ്പ്, ലീലാ സന്തോഷ്, തുടങ്ങിയവര്‍ അതിജീവിതയുടെ പോസ്റ്റുകള്‍ റീഷെയര്‍ ചെയ്തു.
കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ലെന്നും എന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് നടി മഞ്ജു വാര്യരുടെ കുറിപ്പ്. അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ് സുകുമാരനും രംഗത്തുവന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അതിജീവിതയുടെ കുറിപ്പ് പൃഥ്വിരാജ് പങ്കുവെച്ചത്
അതിജീവിതയ്ക്കായി ആദ്യം മുതല്‍ നിലയുറപ്പിച്ചിരുന്ന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. അമ്മ സംഘടനയ്ക്ക് അകത്തും പുറത്തും അതിജീവിതയ്ക്കായി ശബ്ദം ഉയര്‍ത്തിയ ആളാണ് പൃഥ്വി. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് അമ്മയെന്ന സംഘടന സ്വീകരിച്ചപ്പോള്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് നിലപാട് സംഘടനയ്ക്ക് ഉള്ളില്‍ ഉയര്‍ത്തിയവരിലൊരാളാണ് പൃഥ്വിരാജ്.
വിചാരണക്കോടതിക്ക് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് അതിജീവിത പ്രതികരിച്ചത്. ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാല്‍ തനിക്കിതില്‍ അത്ഭുതമില്ലെന്നും 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും നടി പറയുന്നു. നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ താനിപ്പോള്‍ തിരിച്ചറിയുന്നു, 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇംഗ്ലീഷില്‍ മൂന്ന് പേജിലും മലയാള വിവര്‍ത്തനമായി അഞ്ചു പേജിലുമായി അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ തുടക്കമാണിത്. അതിശക്തമായ ഭാഷയിലാണ് താന്‍ ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയെയും വിധിയെയും നടി കുറിപ്പില്‍ ചോദ്യംചെയ്തത്. അതേസമയം, നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലും കുറിപ്പിലുണ്ട്. കുറ്റാരോപിതരുടെയോ ജഡ്ജിയുടെയോ കോടതിയുടെയോ പേര് പറയാതെയാണ് കുറിപ്പ് തയാറാക്കിയത്.
താന്‍ അനുഭവിച്ച വേദന കൃത്യമായി പൊതുസമൂഹത്തിലേക്ക് കൈമാറുകയും ഏതു സമയം മുതലാണ് കേസിന്റെ വിചാരണയുടെ ഗതി മാറിത്തുടങ്ങിയതെന്നും കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. ഡിസംബര്‍ 12ന്റെ തീയതി വെച്ച് തയാറാക്കിയ കുറിപ്പ് ഡിസംബര്‍ 14ന് വൈകീട്ട് നാലോടെയാണ് പുറത്തുവിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ തന്റെ പ്രതികരണം മുങ്ങിപ്പോകരുതെന്ന ബോധ്യത്തിലാണ് രണ്ടു ദിവസം വൈകി പുറത്തുവിടാന്‍ കാരണമെന്നാണ് സൂചന. അതേസമയം, അപ്പീലുമായി താന്‍ മുന്നോട്ടുപോകില്ലെന്ന സൂചനയും അതിജീവിത നല്‍കുന്നുണ്ട്. തന്റെ വേദനജനകമായ യാത്രയുടെ അവസാനമെന്ന് തുടക്കത്തില്‍തന്നെ ഇത് പറയുന്നത് ഇക്കാര്യം സൂചിപ്പിക്കുന്നതാണ്.
ഡിസംബര്‍ എട്ടിന് ആറ് പ്രതികളെ കുറ്റക്കാരായും മറ്റുള്ളവരെ വെറുതെ വിട്ടുമുള്ള കോടതി വിധിക്കും ഡിസംബര്‍ 12ന് ആറ് പ്രതികളെ 20 വര്‍ഷം തടവിന് ശിക്ഷിച്ച ശേഷമുള്ള വിധിക്കും ശേഷം അതിജീവിതയെ ബന്ധപ്പെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. അതിജീവിതക്കൊപ്പം തൃശൂരിലെ വീട്ടിലുണ്ടായിരുന്ന നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിജീവിത ഷോക്കിലാണെന്നും പിന്നീട് നിലപാട് വ്യക്തമാക്കുമെന്നുമാണ് അവര്‍ വ്യക്തമാക്കിയത്.
