റിമാ കല്ലിങ്ങലിനെതിരായ ആരോപണം മുക്കി മാധ്യമങ്ങള്‍; എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തത് എന്ന് ഭാഗ്യലക്ഷ്മിയും; താര വേട്ട തിരിഞ്ഞുകൊത്തുന്നോ?

ഡബ്ല്യുസിസിക്ക് എതിരെയും വിമര്‍ശനം

By :  Brajesh
Update: 2024-09-05 15:56 GMT

കോഴിക്കോട്: ഹേമാകമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ മാധ്യമ വേട്ടയാണ് കേരളത്തിലെ ചലച്ചിത്ര നടന്‍മാര്‍ക്കുനേരെ നടക്കുന്നത്. ഒരു ആരോപണം വന്നാല്‍ പ്രഥമദൃഷ്ടായുള്ള യാതൊരു പരിശോധനയും കൂടാതെയാണ് മാധ്യമങ്ങള്‍ അത് എടുത്തിട്ട് അലക്കുന്നത്. എന്നാല്‍ ആ ഒരു രീതി നടികള്‍ക്കെതിരെ ആരോപണം വരുമ്പോള്‍ എന്തുകൊണ്ടാണ് ഉണ്ടാവാത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ഇനി ഏറ്റവും വലിയ ഉദാഹരണമായി പറയുന്നത്, നടിയും സംവിധായകന്‍ ആഷിക്ക് അബുവിന്റെ ഭാര്യയുമായ റിമാ കല്ലിങ്കലിനെതിരെ വന്ന ലഹരി ആരോപണമാണ്. തമിഴ് ഗായിക സുചിത്രയാണ്, റിമ കല്ലിങ്ങല്‍ വീട്ടില്‍ മയക്കമരുന്ന് പാര്‍ട്ടി നടത്തിയിരുന്നതായി ആരോപണം ഉന്നയിച്ചത്്. ഈ വാര്‍ത്ത വന്ന് അല്‍പ്പം സമയത്തിനകം അത് പ്രമുഖ മാധ്യമങ്ങളില്‍ നിന്നൊക്കെ അപ്രത്യക്ഷമായി. ഇത് ഇരട്ടത്താപ്പാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എതിരെ ആഞ്ഞടിച്ച മാധ്യമപ്രവര്‍ത്തകയാണ് ദ ന്യൂസ് മിനിറ്റിന്റെ ഉടമയും മാധ്യമപ്രവര്‍ത്തകയുമായ ധന്യാ രാജേന്ദ്രന്‍. പക്ഷെ റിമക്കെതിരായ ആരോപണത്തില്‍ ധന്യാ രാജേന്ദ്രനും ഒന്നും മിണ്ടിയിട്ടില്ല.




ഇതിനെതിരെ നടി ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. നിങ്ങള്‍ എന്തുകൊണ്ടാണ് റിമയുടെ വാര്‍ത്തകള്‍ മുക്കിയത് എന്നായിരുന്നു, കഴിഞ്ഞ ദിവസം അവര്‍ തുറന്നടിച്ചത്. അതുപോലെ തന്നെ, സംവിധായകന്‍ രഞ്ജിത്ത്, തന്റെ നഗ്ന ഫോട്ടോകള്‍ നടി രേവതിക്ക് അയച്ചു നല്‍കിയെന്ന യുവാവിന്റെ പ്രതികരണത്തില്‍ രേവതിയുടെ മൊഴി പോലും എടുക്കേണ്ട എന്ന നിലപാടാണ് പല മാധ്യമങ്ങളം എടുത്തത്. ഇത് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് പലരും, ഡബ്ല്യുസിസിയെവരെ വിമര്‍ശിക്കുന്നത്.

അതുപോലെ കാരവാനിലെ ടോയ്‌ലറ്റില്‍ കയറാന്‍ അനുവാദം ചോദിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടിയെ ഇറക്കിവിട്ട ഡബ്ല്യുസിസിയിലെ പ്രമുഖ നായിക ആരെന്ന് വെളിപ്പെടുത്തണമെന്നും, സമൂഹമാധ്യമങ്ങളില്‍ ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. സംവിധായകനായ അഖില്‍ മാരാര്‍, നിര്‍മ്മാതാവായ സാന്ദ്ര തോമസ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഡബ്ല്യുസിസിയിലെ പ്രമുഖ നടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ സ്ത്രീവിരുദ്ധ സമീപനം തുറന്നു കാട്ടിയിരുന്നു.




 

സോഷ്യല്‍ മീഡിയയിലെ ഒരു കമന്റ് ഇങ്ങനെയാണ്-'അമ്മ പോലുള്ള സംഘടനയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെങ്കില്‍ ആ പേര് പുറത്തുവന്നേനെ, പക്ഷേ ഇവിടെ പ്രതിസ്ഥാനത്ത് പുരോഗമനം പറയുന്ന, സ്ത്രീപക്ഷ നിലപാട് പറയുന്ന ഡബ്ല്യുസിസിയാണ്. അതുകൊണ്ടാണ് ആ പ്രമുഖ താരത്തിന്റെ പേര് പുറത്തുവരാത്തത്'- ഇങ്ങനെയാണ് വിമര്‍ശനം പോവുന്നത്. ഇതോടെ താരങ്ങളെ ശുദ്ധീകരിക്കാനിറങ്ങിയ ഡബ്ല്യുസിസിയും ഫലത്തില്‍ പുലിവാല് പിടിച്ചിരിക്കയാണ്. അതുപോലെ നടന്‍മാര്‍ക്ക് തുല്യമായി വേതനം വേണമെന്ന് പറയുന്ന ഡബ്ല്യുസിസി ഒന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരെ നടക്കുന്ന വിവേചനത്തിനും ചൂഷണത്തിനും എതിരെ യാതൊന്നും പ്രതികരിക്കാറില്ല.

Tags:    

Similar News