പഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രം
ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ?
ചണ്ഡീഗഢ്: ഡല്‍ഹിയില്‍ തോറ്റ അരവിന്ദ് കെജ്രിവാളിനെ എഴുതി തള്ളാന്‍ വരട്ടെ! പഞ്ചാബില്‍, കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ വ്യാപകമായ പ്രചാരണം. ഈ പ്രചാരണത്തിന് പിന്നില്‍, പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളാണ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ മാറ്റി കെജ്രിവാള്‍ ആ സ്ഥാനം ഏറ്റെടുക്കുമെന്നാണ് പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിങ് ബജ്വ 'ദി ഇന്ത്യന്‍ എക്്‌സ്പ്രസിനോട് 'പറഞ്ഞത്.
' ഏതാനും ദിവസം മുമ്പ് പഞ്ചാബിലെ എഎപി സംസ്ഥാന അദ്ധ്യക്ഷന്‍ അമന്‍ അറോറ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഒരു ഹിന്ദുവിനും പഞ്ചാബിലെ മുഖ്യമന്ത്രിയാകാം എന്നാണ് അറോറ പറഞ്ഞത്. ഹിന്ദുവെന്നോ, സിഖെന്നോ ഉള്ള കണ്ണിലൂടെയല്ല മുഖ്യമന്ത്രി സ്ഥാനത്തെ കണക്കാക്കേണ്ടത്. ആ സ്ഥാനത്തേക്കുള്ള യോഗ്യത കഴിവ് മാത്രമാണ്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രസ്താവന എന്ന നിലയില്‍ പഞ്ചാബിലെ മുഖ്യമന്ത്രി കസേരയില്‍ കെജ്രിവാളിനെ ഇരുത്താന്‍ എഎപി നേതൃത്വം വഴിയൊരുക്കുന്നതിന്റെ സൂചനയാണത്. ലുധിയാനയിലെ ഒരുനിയമസഭാ സീറ്റ് ഇപ്പോള്‍ സിറ്റിങ് എം എല്‍ എയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ചുകയറാന്‍ കെജ്രിവാളിന് സൗകര്യമാണ്'- ബജ്വ പറഞ്ഞു.
എഎപിയുടെ പഞ്ചാബ് ഘടകത്തില്‍, ആഭ്യന്തര കലഹം ഉണ്ടാകും. ഭഗവന്ത് മന്നും അദ്ദേഹത്തിന്റെ അനുയായികളും ഡല്‍ഹിയിലെ ആപ് നേതൃത്വത്തിന് എതിരെ തിരിയുകയും അധികാര വടംവലി ഉണ്ടാകുകയും ചെയ്യും. പഞ്ചാബിലെ എം എല്‍ എമാര്‍ക്കിടയില്‍ വ്യാപകമായ കൂറുമാറ്റം സംഭവിക്കുകയും ചെയ്യും, ബജ്വ പറഞ്ഞു.
അതേസമയം, ഡല്‍ഹിയിലെ വന്‍തോല്‍വിയെ തുടര്‍ന്ന് പഞ്ചാബില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് ഗുര്‍ദാസ്പൂരിലെ കോണ്‍ഗ്രസ് എംപി സുഖ്വിന്ദര്‍ സിങ് രണ്‍ധാവ പറയുന്നത്. ' പഞ്ചാബിലെ ഏകദേശം 35 ഓളം എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് മറ്റുപാര്‍ട്ടികളിലേക്ക് ചാടാന്‍ തയ്യാറെടുത്തിരിക്കുകയാണ്. ഡല്‍ഹി മദ്യനയഅഴിമതി കേസിന്റെ ചുവട് പിടിച്ച് പഞ്ചാബിലും മദ്യക്കോഴയുടെ പേരിലും നെല്ലിന്റെ മിനിമം താങ്ങുവില കോഴയുടെ പേരിലും വ്യാപകമായി അഴിമതി നടത്തിയിട്ടുണ്ട്. അതെല്ലാം ഇനി പുറത്തുവരും', രണ്‍ധാവ പറഞ്ഞു.
കെജ്രിവാളുമായി തെറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്ന എം എല്‍ എ സുഖ്പാല്‍ സിങ് ഖൈര ഇത് ആപ്പിന്റെ നാണംകെട്ട തോല്‍വിയെന്നാണ് വിശേഷിപ്പിച്ചത്. 'വ്യാജ വിപ്ലവകാരികളുടെ വഞ്ചനയുടെയും നുണയുടെയും രാഷ്ട്രീയത്തിന്റെ പരാജയമാണിത്. ഈ തിരഞ്ഞെടുപ്പ് ഫലം ഭഗവന്ത് മന്നിനുള്ള സന്ദേശമാണ്. പഞ്ചാബില്‍ നുണകളുടെയും, പകയുടെയും രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള സന്ദേശം'-അദ്ദേഹം പറഞ്ഞു.
ചുരുക്കി പറഞ്ഞാല്‍, എഎപിയുടെ ഡല്‍ഹി പരാജയം, പഞ്ചാബില്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ തയ്യാറെടുത്തുകഴിഞ്ഞിരിക്കുകയാണ് പഞ്ചാബിലെ കോണ്‍ഗ്രസ്. എഎപിയിലേക്ക് കൂറുമാറിയ വോട്ടര്‍മാരെ തിരിച്ചുപിടിക്കുകയാണ് ആദ്യവെല്ലുവിളി. അതിനൊപ്പം, സംസ്ഥാന യൂണിറ്റിലെ തമ്മിലടിയും വിഭാഗീയതയും അവസാനിപ്പിച്ച് ഐക്യത്തിന്റെ പാത ഒരുക്കുകയും വേണം. നിറവേറ്റാത്ത വാഗ്ദാനങ്ങള്‍, ക്രമസമാധാന തകര്‍ച്ച, സാമ്പത്തിക തകര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിച്ച് പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി ഭരണത്തിന് എതിരെ ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
എഎപിയില്‍ നിന്ന് കൂറുമാറ്റങ്ങള്‍ ഉണ്ടായാല്‍, കോണ്‍ഗ്രസ് അതിനെയും പ്രോത്സാഹിപ്പിക്കും. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറിയാണ് പഞ്ചാബില്‍ എഎപിയുടെ ഉയര്‍ച്ച. അടിത്തട്ടില്‍ നന്നായി പ്രവര്‍ത്തിച്ചും, ഗ്രാമീണ-നഗര വോട്ടര്‍മാരെ കേന്ദ്രീകരിച്ച് കൃഷി, തൊഴില്‍, മയക്കുമരുന്ന് തുടങ്ങിയ പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിച്ചും പാര്‍ട്ടിയെ വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് പദ്ധതി. എന്നിരുന്നാലും കോണ്‍ഗ്രസിന് തരണം ചെയ്യാനുളളത് പാര്‍ട്ടിയിലെ തന്നെ പാളയത്തില്‍ പടയാണ്.