തൃശൂര്‍ ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്? ബിജെപി 50000 വോട്ട് പിടിക്കാന്‍ സാദ്ധ്യതയുള്ള 60 നിയോജകമണ്ഡലങ്ങള്‍ ഏതാണെന്ന് കണ്ടെത്തി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കൂ! അല്ലെങ്കില്‍ പലോട് പറഞ്ഞത് സംഭവിച്ചതിന് ശേഷം ഒരു കമ്മീഷനെ വെക്കാം; കോണ്‍ഗ്രസിനെ വെട്ടിലാക്കി തൃശൂര്‍ കുറിപ്പും; ഇനി അറിയേണ്ടത് യതീന്ദ്രദാസിന്റെ കാര്യം?
തൃശൂര്‍: കോണ്‍ഗ്രസിനെ വെട്ടിലാക്കി ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ ആണെന്ന യാഥാര്‍ഥ്യം ഓര്‍മിപ്പിച്ച് തൃശൂര്‍ മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറി പി യതീന്ദ്ര ദാസ് എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. പാലോട് രവിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് തൃശൂര്‍ ഡി സി സി മുന്‍ ജനറല്‍ സെക്രട്ടറി പി യതീന്ദ്ര ദാസിന്റെ പരാമര്‍ശം. മക്കളും ഭാര്യമാരും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ കഴിയുന്ന എത്ര നേതാക്കള്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്ന് യതീന്ദ്ര ദാസ് ചോദിക്കുന്നു. കടുത്ത അച്ചടക്കലംഘനമായി ഇതിനെ നേതൃത്വം വിലയിരുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ യതീന്ദ്ര ദാസിനെതിരെ നടപടി വരാന്‍ സാധ്യത ഏറെയാണ്.
അഖിലേന്ത്യാ, സംസ്ഥാന നേതാക്കള്‍ ബി ജെ പിയിലേക്ക് പോകുന്നത് മാത്രമേ വാര്‍ത്തയാകുന്നുള്ളൂ. പ്രാദേശിക നേതാക്കളുടെ പോക്കിന്റെ വല്ല കണക്കും ഹൈക്കമാന്‍ഡിന്റെ കൈയിലുണ്ടോ എന്നും യതീന്ദ്രദാസ് ചോദിക്കുന്നു. തൃശൂരിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവാണ് യതീന്ദ്ര ദാസ്. തൃശൂരിലെ ബിജെപി വിജയം കോണ്‍ഗ്രസ് പിന്തുണയോടെയാണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. ഇതിനെ കോണ്‍ഗ്രസ് പലതരത്തില്‍ പ്രതിരോധിക്കുന്നുമുണ്ട്. ഇതിനിടെയാണ് യതീന്ദ്രദാസിന്റെ തുറന്നെഴുത്ത്. കോണ്‍ഗ്രസില്‍ നിന്നും വന്‍തോതില്‍ വോട്ട് ചോര്‍ന്നെന്ന് പറഞ്ഞു വയ്ക്കുകയാണ് യതീന്ദ്രദാസ്. പാലോട് രവി സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ചില വസ്തുതകള്‍ പറഞ്ഞതെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുള്ളിലുണ്ട്. ഇതിന്റെ പേരില്‍ നടപടി എടുത്തതും വിമര്‍ശിക്കപ്പെടുന്നു. പാലോട് രവി രാജിവച്ചതാണെങ്കിലും രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നതാണ് വസ്തുത.
തിരുവനന്തപുരത്തെ ഒരു കാലത്ത് എ ഗ്രൂപ്പിന്റെ പ്രധാനിയായിരുന്നു പലോട് രവി. വയലാര്‍ രവി ആഭ്യന്തരമന്ത്രിയായിരുന്ന സമയത്ത് പലോട് രവിയായിരുന്നു ഏറ്റവും അടുപ്പമുള്ള ആള്‍. വയലാര്‍ രവി ഐഗ്രൂപ്പിലോട്ട് മ്ാറിയിട്ടും പാലോട് രവി ഗ്രൂപ്പ് മാറിയില്ല. എ ഗ്രൂപ്പില്‍ തന്നെ ഉറച്ചു നിന്നു.
യതീന്ദ്ര ദാസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
പലോട് രവി നടത്തിയ വിലയിരുത്തലാണോ തെറ്റ് ?
സ്വകാര്യസംഭാഷണം പുറത്ത് വിട്ടതാണോ തെറ്റ് ?
50 കൊല്ലമായി കോണ്‍ഗ്രസ്സില്‍ കേള്‍ക്കുന്ന പേരും കാണുന്ന മുഖവുമാണ് പലോട് രവി !
അല്ല ഒരു സംശയം പലോട് രവി പറഞ്ഞ വസ്തുത ഒന്ന് പരിശോധിക്കാന്‍ '' ഹൈ'
കമേന്റ്കാര്‍ക്ക് കഴിയുമോ?
കോണ്‍ഗ്രസ്സില്‍ നിന്ന് അഖിലേന്ത്യ സംസ്ഥാനനേതാക്കള്‍ ബിജെപി യിലേക്ക് പോകുന്നതെ വാര്‍ത്തയാകുന്നുള്ളൂ!
മണ്ഡലം ബൂത്ത്തല പ്രവര്‍ത്തകന്‍ പോകുന്നതിന്റെ വല്ല കണക്കും കാമെന്റന്മാരുടെ കയ്യിലുണ്ടോ?
എന്തിനധികം തൃശൂര്‍ ജില്ലയിലെ എത്ര ജില്ലാ ബ്ലോക്ക് നേതാക്കള്‍ക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ കഴിയും ഭാര്യമാരും മക്കളും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന്?
പലരുടേയും പ്രൊഫയിലില്‍ മോദിചിത്രമില്ലെന്ന് !
പലോടിനെ പ്രസിഡണ്ട്സ്ഥാനത്ത് നിന്ന് യറ്റി.
സംഘടനാപരമായി 'ഒകെ !
കമേന്റന്മാര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ മുഖവിലക്കെടുത്തും പാര്‍ട്ടി മിഷിനറി ഉപയോഗിച്ചും ( അങ്ങിനെ ഒരു മിഷിനറി സാങ്കല്പികമാണെങ്കിലും അഖിലേന്ത്യസംസ്ഥാന നേതാക്കളുടെ എര്‍ത്തുകള്‍ ഉപയോഗിച്ചെങ്കിലും)
ബിജെപി 50000 വോട്ട് പിടിക്കാന്‍ സാദ്ധ്യതയുള്ള 60 നിയോജകമണ്ഡലങ്ങള്‍ ഏതാണെന്ന് കണ്ടെത്തി എന്തെങ്കിലും പരിഹാരം കാണാന്‍ ശ്രമിക്കൂ!
അല്ലെങ്കില്‍ പലോട് പറഞ്ഞത് സംഭവിച്ചതിന് ശേഷം ഒരു കമ്മീഷനെ വെക്കാം.
എല്‍ഡിഎഫ് ഭരണം തുടരുമെന്നുള്ള ഫോണ്‍ സംഭാഷണം വിവാദമായതിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവക്കുകയായിരുന്നു. കെപിസിസി നേതൃത്വം രാജി എഴുതി വാങ്ങുകയായിരുന്നു. പാലോട് രവിയുടെ രാജി സ്വീകരിച്ചെന്നും ഫോണ്‍ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ പാര്‍ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ ജലീലിനെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരുന്നു. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണമുണ്ടാകുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാവുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാമതാകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. കാശ് കൊടുത്ത് 40,000-50,000 വോട്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും. മുസ്ലിം സമുദായങ്ങള്‍ വേറെ പാര്‍ട്ടിയിലേക്കും കുറച്ചുപേര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്കും പോകും. കോണ്‍ഗ്രസിലുണ്ടെന്ന് പറയുന്നവര്‍ ബിജെപിയിലേക്കും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറും.വാര്‍ഡ് കമ്മിറ്റി പ്രസിഡന്റുമാരുടെ ലിസ്റ്റ് ഇവിടെ തന്നു, വെറും വ്യാജം ആയിരുന്നു. നാട്ടിലിറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ഒറ്റൊരുത്തനും ആത്മാര്‍ത്ഥമായി പരസ്പര ബന്ധമോ സ്നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഒരോ നേതാവിന്റെ പേര് പറഞ്ഞ്, അവരുമായി ബന്ധം സ്ഥാപിച്ച് ഇതിനെ ചിന്നഭിന്നമാക്കുകയാണ് പലരും'- പലോട് രവി പറഞ്ഞു.