ഇന്ത്യന്‍ വംശജനായ കത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു; പ്രതി മുറിയിലേക്ക് എത്തി പ്രകോപനമില്ലാതെ മൂന്നു തവണ നിറയൊഴിച്ചു; കൊലപാതക കാരണം അവ്യക്തം
ഇന്ത്യന്‍ വംശജനായ കത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ കത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. ഹൈദരാബാദില്‍ വേരുകളുള്ള ഫാ. അരുള്‍ കരസാല(57)യാണ് അമേരിക്കയിലെ കന്‍സാസ് പ്രവശ്യയില്‍ വെടിയേറ്റ് മരിച്ചത്. കാന്‍സാസിലെ സെനെക്കയിലുള്ള സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളിയോട് അനുബന്ധിച്ചുള്ള റെക്ടറിയില്‍ വെടിയേറ്റു മരിച്ചത്. പ്രാദേശികസമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഒക്ലഹൊമയ്ക്കടുത്ത തുള്‍സ സ്വദേശി ഗാരി എല്‍.ഹെര്‍മേഷ് (66) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. ഫാ. അരുളിന്റെ റൂമിലേക്ക് എത്തിയ പ്രതി യാതൊരു കാരണവുമില്ലാതെ മൂന്നു തവണ നിറയൊഴിക്കുകയായിരുന്നുവെന്ന് ഇടവകയിലെ മതബോധന ഡയറക്ടര്‍ ക്രിസ് ആന്‍ഡേഴ്‌സന്‍ പറഞ്ഞു.
കൊലപാതകത്തിനു കാരണമെന്തെന്നു വ്യക്തമായിട്ടില്ല.തെലുങ്കാനയിലെ കടപ്പ രൂപതാംഗമായ ഫാ. കരസാല 1994ല്‍ പൗരോഹിത്യം സ്വീകരിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജെയിംസ് പി. കെലെഹറിന്റെ ക്ഷണപ്രകാരം 2004ല്‍ അദ്ദേഹം അമേരിക്കയിലെ കന്‍സാസില്‍ എത്തി. 2011ല്‍ യുഎസ് പൗരത്വം സ്വീകരിച്ചു. ഒനാഗയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍, കോര്‍ണിംഗിലെ സെന്റ് പാട്രിക് എന്നിവയുള്‍പ്പെടെ കന്‍സാസ് രൂപതയിലെ നിരവധി ഇടവകകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
ഫാ. കരസാലയുടെ മരണത്തില്‍ കന്‍സാസ് സിറ്റി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് നൗമാന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാ. അരുളിന്റെ ദാരുണമായ മരണവാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ ഹൃദയഭേദകമായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തിലേറെയായി അതിരൂപതയെ വിശ്വസ്തതയോടെ സേവിച്ച അര്‍പ്പണബോധവും തീക്ഷ്ണതയുമുള്ള വൈദികനായിരുന്നു ഫാ. കരസാലയെന്ന് ആര്‍ച്ച്ബിഷപ് അനുസ്മരിച്ചു. വൈദികനെ അനുസ്മരിച്ച് ആര്‍ച്ച്ബിഷപ് നൗമാന്‍ വിശുദ്ധ കുര്‍ബാനയും അര്‍പ്പിച്ചു.