കിടക്കയില്‍ നിന്നും ബ്രിട്ടീഷ് പോലീസ് പൊക്കിയ ചൈനീസ് ക്രിപ്‌റ്റോ തട്ടിപ്പുകാരിക്ക് ജയില്‍ശിക്ഷ; 5.5 ബില്യന്‍ പൗണ്ട് തട്ടിയെടുത്തത് 'ബിറ്റ് കോയിന്‍ ക്വീന്‍' എന്നറിയപ്പെടുന്ന ഷിമിന്‍ ക്വിയാന്‍
കിടക്കയില്‍ നിന്നും ബ്രിട്ടീഷ് പോലീസ് പൊക്കിയ ചൈനീസ് ക്രിപ്‌റ്റോ തട്ടിപ്പുകാരിക്ക് ജയില്‍ശിക്ഷ
ലണ്ടന്‍: കിടക്കയില്‍ നിന്നും കൈയ്യോടെ ബ്രിട്ടീഷ് പോലീസ് പൊക്കിയ ചൈനീസ് ബിറ്റ് കോയിന്‍ തട്ടിപ്പുകാരിയെ 11 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് കോടതി ശിക്ഷിച്ചു. 5.5 ബില്യന്‍ പൗണ്ടിലധികം തുകയാണ് ഇവര്‍ തട്ടിച്ചെടുത്തത്. ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ എറ്റവും വലിയ തട്ടിപ്പ് നടത്തിയ, 'ബിറ്റ് കോയിന്‍ ക്വീന്‍' എന്നറിയപ്പെടുന്ന ഷിമിന്‍ ക്വിയാന് ഇന്നലെയാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധിക്ക് ശേഷം പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളില്‍ ഇവരെ ഉറക്കത്തിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന രംഗങ്ങളുണ്ട്. കള്ളപ്പണവുമായി ബന്ധപ്പെട്ട് ഒരു വീട്ടില്‍ നടന്ന റെയ്ഡിനിടയില്‍ 2018 ല്‍ പോലീസ് ഇവരെ കണ്ടെത്തിയിരുന്നു.
എന്നാല്‍, കിടപ്പ് രോഗിയാണെന്ന് അഭിനയിച്ച്, വ്യാജപേര് നല്‍കി ഇവര്‍ അന്ന് പോലീസില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കാലിനും മസ്തിഷ്‌കത്തിനും പരിക്കേറ്റിരിക്കുകയാണെന്നായിരുന്നു അന്ന് അവര്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്നുള്ള ആറ് വര്‍ഷക്കാലും ഇവര്‍ തികഞ്ഞ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ചൈനയില്‍ ഒരു തട്ടിപ്പു പദ്ധതിയിലൂടെ 1,28,000 നിക്ഷേപകരെ പറ്റിച്ച ഇവര്‍ യഥാര്‍ത്ഥത്തില്‍ ബ്രിട്ടനില്‍ ഒളിവ് ജീവിതം നയിക്കുകയായിരുന്നു. തട്ടിപ്പിലൂടെ നേടിയ ലക്ഷക്കണക്കിന് ബിറ്റ് കോയിന്‍ നല്‍കുന്ന സമൃദ്ധിയുടെ പിന്‍ബലത്തില്‍ ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധം സ്ഥാപിക്കാനും അവര്‍ ശ്രമിച്ചിരുന്നു.
ഹാംപ്സ്റ്റഡൊലെ വാടകയ്ക്കെടുത്ത ഒരു ആഡംബര സൗധത്തില്‍ താമസിച്ചിരുന്ന അവര്‍, യു കെയില്‍ കൂടുതല്‍ ആഡംബര സൗധങ്ങള്‍ സ്വന്തമാക്കാനും അതുവഴി ബ്രിട്ടനിലെ പ്രഭുക്കളുമായും പ്രഭ്വിമാരുമായും ബന്ധങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചിരുന്നു. ദലൈലാമയുമായും മാര്‍പ്പാപ്പയുമായും അടുത്ത ബന്ധം സ്ഥാപിക്കാനും അവര്‍ ആഗ്രഹിച്ചിരുന്നു. ഡന്യൂബ് നദിയിലെ ഒരു ദ്വീപില്‍ ലിബെര്‍ലാന്‍ഡ് എന്ന രാഷ്ട്രം സ്ഥാപിക്കുക, അവിടെ യൂറോപ്പിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം നിര്‍മ്മിക്കുക എന്നിവയൊക്കെ അവരുടെ ആഗ്രഹങ്ങളായിരുന്നു. ആഗ്രഹങ്ങളുടെ ഒരു പട്ടികതന്നെ എഴുതി തയ്യാറാക്കിയ ഒരു ഡയറിയും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.