ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസത്തിന് സര്‍ പദവി! ചാള്‍സ് രാജാവില്‍ നിന്ന് സര്‍ പദവി ഏറ്റ് വാങ്ങി ഡേവിഡ് ബക്കാം
ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസത്തിന് സര്‍ പദവി!
ലണ്ടന്‍: ഇരുപത്തഞ്ചോളം ട്രോഫികള്‍, 115 ഇംഗ്ലണ്ട് ക്യാപ്പുകള്‍, അഞ്ച് അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകള്‍, എണ്ണമില്ലാത്തത്ര മനോഹര ഗോളുകള്‍... ഈ ഫുട്‌ബോള്‍ കാലത്തൊന്നും തേടിവരാതിരുന്ന ചില ബഹുമതികള്‍ അവസാനം, ഇപ്പോള്‍ ഡേവിഡ് ബെക്കാമിനെ തേടി എത്തിയിരിക്കുകയാണ്.
ഈ സന്ദര്‍ഭത്തിനായി ഭാര്യ വിക്‌റ്റോറിയ ബെക്കാം രൂപകല്പന ചെയ്ത സ്യൂട്ടില്‍ വിന്‍ഡ്‌സര്‍ കാസിലില്‍ എത്തിയ ഡേവിഡ് ബെക്കാം ചാള്‍സ് രാജാവില്‍ നിന്നും നേരിട്ട് നൈറ്റ്ഹുഡ് ബഹുമതി ഏറ്റുവാങ്ങി. ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പം ബഹുമതി സ്വീകരിക്കാന്‍ എത്തിയ ബെക്കാം രാജാവിന് മുന്‍പില്‍ മുട്ടുകുത്തി നിന്നപ്പോള്‍, സ്നേഹപൂര്‍വ്വം ചാള്‍സ് ബെക്കാമിന്റെ ഇരു തോളുകളിലും തന്റെ വാള്‍ കൊണ്ട് മൃദുവായി സ്പര്‍ശിച്ചു.
ഉദ്യാനപാലനം, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവയില്‍ ഏറെ താത്പര്യമുള്ള ചാള്‍സ് രാജാവും ഡേവിഡ് ബെക്കാമും തമ്മില്‍ അടുത്തിടെ സൗഹൃദം ഉടലെടുത്തിരുന്നു. ചടങ്ങുകള്‍ക്കിടയില്‍ ഇരുവരും തമ്മില്‍ സൗഹൃദ സംഭാഷണം നടത്തുന്നുമുണ്ടായിരുന്നു. ഈ ബഹുമതി ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷിക്കുന്നതായി ചടങ്ങുകള്‍ക്ക് ശേഷം ബെക്കാം പ്രതികരിച്ചു.
തന്റെ കരിയറില്‍ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു, ഇപ്പോള്‍ നൈറ്റ്ഹുഡും, താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടന്‍ ഈസ്റ്റ് എന്‍ഡില്‍ നിന്നുള്ള, ലെയ്റ്റന്‍സ്റ്റോണില്‍ ജനിച്ച ഒരു ബാലന്‍, വിന്‍ഡ്‌സര്‍ കാസിലില്‍ രാജാവിനാല്‍ ആദരിക്കപ്പെടുന്നത് വലിയൊരു കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.