ചൈനയില്‍ റെസ്റ്റോറന്റില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 22 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
ചൈനയില്‍ റെസ്റ്റോറന്റില്‍ വന്‍ തീപിടിത്തം;
ബീജിംഗ്: ചൈനയിലെ റെസ്റ്റോറന്റില്‍ വന്‍ തീപിടിത്തം. വടക്ക്-കിഴക്കന്‍ ചൈനയിലെ ലിയോയാങ് നഗരത്തിലുണ്ടായ റെസ്റ്റോറന്റിലുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചു. ഉച്ചസമയത്തോടെയാണ് തീ പടര്‍ന്നുപിടിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റെസ്റ്റോറന്റില്‍ നിന്നും തീജ്വാലകള്‍ പടരുന്നതും തെരുവില്‍ പുക നിറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റെസിഡന്‍ഷ്യല്‍, വാണിജ്യ മേഖലകളില്‍ ഉണ്ടായ മറ്റ് മാരകമായ തീപിടിത്തങ്ങളും വാതക സ്‌ഫോടനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നതിനിടയിലാണ് സംഭവം.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമാനമായ നിരവധി സംഭവങ്ങള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രിലില്‍ വടക്കന്‍ പ്രവിശ്യയിലെ ഹെബെയിലെ വയോജനങ്ങള്‍ക്കായുള്ള നഴ്‌സിങ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ഷെന്‍ഷെന്‍ പ്രവിശ്യയിലെ ജനവാസ മേഖലയില്‍ നടന്ന മറ്റൊരു പൊട്ടിത്തെറിയില്‍ രണ്ട് പേരാണ് മരിച്ചത്. അപകടത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റു.
തീപിടുത്തം 'ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക്' കാരണമായിട്ടുണ്ടെന്നും അതില്‍ നിന്നുള്ള പാഠങ്ങള്‍ 'ഗൗരവമുള്ളതാണ്' എന്നുമായിരുന്നു പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും, തീപിടിത്തത്തിന്റെ കാരണം വേഗത്തില്‍ കണ്ടെത്തുന്നതിനും, എല്ലാ ശ്രമങ്ങളും നടത്തണമെന്നും' ഷി അറിയിച്ചു.