ശരാശരി എല്ലാ വിമാനങ്ങളും 21 മിനിറ്റ് വൈകും..! കൃത്യനിഷ്ട ഇല്ലാത്ത വിമാന സര്‍വീസിന് റിക്കോര്‍ഡ് ഇട്ട് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ട്

കൃത്യനിഷ്ട ഇല്ലാത്ത വിമാന സര്‍വീസിന് റിക്കോര്‍ഡ് ഇട്ട് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ട്

Update: 2025-04-22 06:19 GMT
ശരാശരി എല്ലാ വിമാനങ്ങളും 21 മിനിറ്റ് വൈകും..! കൃത്യനിഷ്ട ഇല്ലാത്ത വിമാന സര്‍വീസിന് റിക്കോര്‍ഡ് ഇട്ട് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ട്

ലണ്ടന്‍: വിമാനയാത്രകള്‍ക്ക് ശരാശരി 23 മിനിറ്റ് വരെ കാലതാമസം വരുത്തി ഗാറ്റ്വിക് വിമാനത്താവളം ബ്രിട്ടനിലെ ഏറ്റവും മോശം വിമാനത്താവളം എന്ന പദവി ഒരിക്കല്‍ കൂടി കൈയ്യടക്കി. തിരക്കേറിയ വേനലവധിക്കാലം എത്തുന്നതിന് തൊട്ടു മുന്‍പാണ് ഇത്തരമൊരു കണക്ക് പുറത്തു വന്നിരിക്കുന്നത്. ഇത്തവണ വിമാനങ്ങള്‍ വൈകാനുള്ള സാധ്യത വളരെയേറെയാണെന്ന് ഈ മേഖലയിലുള്ളവര്‍ ഇതിനോടകം തന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ഗാറ്റ്വിക് പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവിടെ വിമാനങ്ങള്‍ വൈകിയത് ശരാശരി 27 മിനിറ്റായിരുന്നു. എന്നിരുന്നാലും മറ്റു പല വിമാനത്താവളങ്ങളേക്കാള്‍ ഇപ്പോഴുള്ള കാലതാമസം വളരെ കൂടുതലാണെന്നാണ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പറയുന്നത്. കഴിഞ്ഞ വര്‍ഷം, യൂറോപ്പിലാകെ അനുഭവപ്പെട്ട ട്രാഫിക് കണ്‍ട്രോള്‍ ജീവനക്കാരുടെ ക്ഷാമം ഗാറ്റ്വിക്കിനെയും ബാധിച്ചിരുന്നു. ഇത്തവണ ഈസ്റ്റര്‍ വാരാന്ത്യത്തിലും യുണൈറ്റ് യൂണിയനിലെ നൂറോളം ജീവനക്കാരുടെ സമരവും ഗാറ്റ്വിക്കിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഒഴിവുകാല യാത്രയ്ക്ക് പോകുന്നവരില്‍ പലരും ഒരു വര്‍ഷത്തെ വരുമാനത്തില്‍ നിന്നും ഏറെ ക്ലേശിച്ച് മിച്ചം പിടിച്ചിട്ടാണ് അതിനു തയ്യാറാകുന്നതെന്ന് അഡ്വാന്റേജ് ട്രാവല്‍ പാര്‍ട്ട്ണര്‍ഷിപ്പിലെ ജൂലിയ ലോ ബ്യൂ പറയുന്നു. അതുകൊണ്ടു തന്നെ കാലതാമസവും, വിമാനം റദ്ദാക്കലും പോലുള്ള ദുരിതങ്ങള്‍ അവരെ വൈകാരികമായി ഏറെ ബാധിക്കുമെന്നും അവര്‍ പറയുന്നു. വിമാനത്താവള ടെര്‍മിനലുകളില്‍ മണിക്കൂറുകള്‍ ചെലവഴിക്കാന്‍ ആരും ആഗ്രഹിക്കില്ല എന്നും അവര്‍ കൂട്ടി9ച്ചേര്‍ത്തു. ശരാശരി കാലതാമസം 21 മിനിറ്റുള്ള ബിര്‍മ്മിംഗ്ഹാം വിമാനത്താവളമാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 20 മിനിറ്റ് കാലതാമസം വരുത്തിയ മാഞ്ചസ്റ്റര്‍ മൂന്നാം സ്ഥാലത്തും എത്തി.

Tags:    

Similar News