നെറ്റ്സറിം ഇടനാഴിയില്‍നിന്ന് പിന്മാറി ഇസ്രയേല്‍ സൈന്യം; പിന്‍മാറ്റം വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗം

നെറ്റ്സറിം ഇടനാഴിയില്‍നിന്ന് പിന്മാറി ഇസ്രയേല്‍ സൈന്യം;

Update: 2025-02-10 14:28 GMT

ഗാസ സിറ്റി: ഗാസയില്‍ കടന്നാക്രമണം നടത്തിയ ഇസ്രയേല്‍ സൈന്യം താവളമാക്കിയിരുന്ന നെറ്റ്സറിം ഇടനാഴിയില്‍നിന്ന് പിന്‍വാങ്ങി. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് സുപ്രധാന മേഖലയില്‍നിന്നുള്ള പിന്‍മാറ്റം. ആറ് കിലോമീറ്ററോളം വരുന്ന നെറ്റ്സറിം ഇടനാഴിയെ നിയന്ത്രണത്തിലാക്കിയാണ് തെക്ക്- വടക്ക് ഗാസന്‍ മേഖലകളെ ഇസ്രയേല്‍ സൈന്യം വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത്.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ നെറ്റ്സറിമിലൂടെ പരിശോധനകള്‍ ഇല്ലാതെ കടന്നുപോകാന്‍ പലസ്തീന്‍ പൗരരെ ഇസ്രയേല്‍ സൈന്യം അനുവദിച്ചിരുന്നു. ഇതോടെ, വടക്കന്‍ ഗാസയിലേക്ക് ആയിരങ്ങളാണ് കടന്നുപോയത്. അതേസമയം, ഇസ്രയേലുമായും ഈജിപ്തുമായും അതിര്‍ത്തി പങ്കിടുന്ന ഗാസന്‍ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നുണ്ട്.

കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള രണ്ടാം ഘട്ട ചര്‍ച്ച പുരോഗമിക്കുകയാണ്. ജനുവരി 19-ലെ ഇസ്രയേല്‍--ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇതുവരെ 21 ബന്ദികളേയും 566 പലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോഴേക്കും 33 ബന്ദികളും 1,900 തടവുകാരും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 48,189 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

Tags:    

Similar News