ലണ്ടനിലെ ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് ചാള്‍സ് രാജാവും ഭാര്യ കാമിലയും; കാവിയണിഞ്ഞ പുരോഹിതര്‍ പുഷ്പഹാരം ചാര്‍ത്തി സ്വീകരിച്ചു

ലണ്ടനിലെ ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് ചാള്‍സ് രാജാവും ഭാര്യ കാമിലയും

Update: 2025-10-31 05:42 GMT

ലണ്ടന്‍: ലണ്ടനിലെ ഹിന്ദു ക്ഷേത്രത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ ചാള്‍സ് രാജാവും കാമില രാജ്ഞിയും സന്ദര്‍ശനത്തിനെത്തി. നീസ്‌ഡെന്‍ ക്ഷേത്രം എന്ന് പൊതുവേ അറിയപ്പെടുന്ന ബി എ പി എസ് ശ്രീ സ്വാമിനാരായണ മന്ദിറില്‍ എത്തിയ രാജാവും രാജ്ഞിയും ഭക്തര്‍ക്ക് വൈകിയുള്ള ദീപാവലി ആശംസകളും നേര്‍ന്നു.

കാവിയണിഞ്ഞ പുരോഹിതര്‍ പുഷ്പഹാരം ചാര്‍ത്തിയാണ് രാജാവിനെയും രാജ്ഞിയെയും സ്വീകരിച്ചത്. അതുപോലെ തന്നെ പൂജിച്ച ചരടുകള്‍ അവരുടെ വലതു കൈകളില്‍ കെട്ടുകയും ചെയ്തു. തങ്ങള്‍ തമ്മിലുള്ള ബന്ധം എക്കാലവും ഊഷ്മളമായിരിക്കും എന്നതിന്റെ അടയാളമാണതെന്നും പുരോഹിതര്‍ രാജാവിനോട് പറഞ്ഞു.

മേല്‍ക്കൂരയുള്‍പ്പടെ എവിടെയും ഉരുക്ക് ഉപയോഗിക്കാതെ ക്ലാസിക്കല്‍ വേദിക് വാസ്തുശില്‍പശാസ്ത്രം അനുസരിച്ചാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. ഇവിടെ പതിപ്പിച്ചിരിക്കുന്ന മാര്‍ബിളിലേയും ലൈം സ്റ്റോണിലേയും ശില്പങ്ങള്‍ ഇന്ത്യയില്‍ വിദഗ്ധ ശില്പികള്‍ നിര്‍മ്മിച്ച് ബ്രിട്ടനിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് ബ്രിട്ടനിലും പുറത്തുമുള്ള ആയിരക്കണക്കിന് വോളന്റിയര്‍മാരുടെയും സ്‌പോണ്‍സര്‍മാരുടെയും സഹായത്തോടെ ഇവിടെ വെച്ച് യോജിപ്പിക്കുകയായിരുന്നു.

ഇത് നാലാം തവണയാണ് രാജാവ് ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. 2009 ല്‍ വെയ്ല്‍സ് രാജകുമാരനായിരിക്കുമ്പോള്‍ കാമിലയുമൊത്ത് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചിരുന്നു. 2001 ലും 1996 ലും ചാള്‍സ് മാത്രമായി ഇവിടെ എത്തിയിരുന്നു.

Tags:    

Similar News