മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ്; തായ്‌ലന്‍ഡിന്റെ പ്രവീണര്‍ സിങ്ങ് റണ്ണര്‍ അപ്; ഇന്ത്യന്‍ സുന്ദരി മാണിക വിശ്വകര്‍മ ടോപ്പ് 12-ല്‍ ഇടം നേടാതെ പുറത്തായി

മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്‌സ്

Update: 2025-11-21 08:51 GMT

ബാങ്കോക്ക്: 2025ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്. തായ്‌ലന്‍ഡില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ വിജയി ഡെന്‍മാര്‍ക്കിന്റെ വിക്ടോറിയ തെയ്ല്‍വിഗ് ഫാത്തിമയെ 74ാം മിസ് യൂണിവേഴ്‌സ് കിരീടമണിയിച്ചു. തായ്‌ലന്‍ഡിന്റെ പ്രവീണര്‍ സിങ്ങാണ് ഫസ്റ്റ് റണ്ണര്‍ അപ്. ഇവര്‍ക്കു പുറമെ വെനസ്വേലയുടെ സ്റ്റെഫാനി അബസാലി, ഫിലിപ്പൈന്‍സിന്റെ അഹ്തിസ മനാലോ, ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ എന്നിവര്‍ ടോപ്പ് 5ലെത്തി.

ഇന്ത്യയെ പ്രതിനിധീകരിച്ച മാണിക വിശ്വകര്‍മ ടോപ്പ് 12-ല്‍ ഇടം നേടാതെ പുറത്തായി. 2021ലാണ് ഇന്ത്യ അവസാനമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയത്. ഹര്‍നാസ് സന്ധുവായിരുന്നു വിജയി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് മെക്‌സിക്കോ വീണ്ടും കിരീടം ചൂടുന്നത്. 2020ല്‍ മെക്‌സിക്കോയുടെ ആന്‍ഡ്രിയ മേസ ആയിരുന്നു വിജയി. മെക്‌സിക്കോയിലെ ടബാസ്‌കോയിലെ വില്ലഹെര്‍മോസയില്‍ നിന്നുള്ള 25കാരിയായ ഫാത്തിമ ബോഷ് വിവാദങ്ങള്‍ക്കൊടുവിലാണ് വിജയിയാകുന്നത്. നവംബര്‍ ആദ്യം മിസ് യൂണിവേഴ്‌സ് ഡയറക്ടര്‍ നവത് ഇറ്റ്‌സരാഗ്രിസില്‍ ഫാത്തിമയോട് ആക്രോശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.

ഫാത്തിമയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മറ്റ് മത്സരാര്‍ഥികള്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജമൈക്കന്‍ മത്സരാര്‍ഥിക്ക് വേദിയില്‍ നിന്ന് വീണ് പരിക്കേറ്റതും വിധികര്‍ത്താക്കളില്‍ ചിലര്‍ രാജി വച്ചതും ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് മത്സരങ്ങളിലുണ്ടായി.

സംഭവം വിവാദമായതോടെ സംഘാടകര്‍ നവതിനെ ചുമതലയില്‍ നിന്ന് മാറ്റി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം മത്സരാര്‍ഥികളാണ് മിസ് യൂണിവേഴ്‌സില്‍ പങ്കെടുത്തത്. ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍ വിധികര്‍ത്താവായിരുന്നു.

Tags:    

Similar News