'ഖുർആന്‍ ഇനിമുതൽ ഉച്ചത്തിൽ വായിക്കരുത്';'കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരെ കാണരുത്'; അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ പുതിയ നിയന്ത്രണങ്ങളുമായി താലിബാൻ
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകൾക്ക് മേൽ അവർ അടിച്ചേൽപ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കർശന നിയമങ്ങളാണ് അഫ്‌ഗാനിൽ ഉള്ളത്. ഇപ്പോഴിതാ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണവുമായി താലിബാൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഇനിമുതൽ സ്ത്രീകൾ ഉറക്കെ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കിയാണ് താലിബാൻ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
നേരത്തെ സ്ത്രീകൾ വാങ്ക് വിളിക്കുന്നതും തക്ബീർ മുഴക്കുന്നതും താലിബാൻ കർശനമായി വിലക്കിയിരുന്നു. പിന്നാലെയാണ് ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നതും വിലക്കിയത്. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറയുന്നു.
അതേസമയം, സ്ത്രീകൾ മുഖമടക്കം മൂടി നടക്കണം എന്നാണ് താലിബാന്റെ ഉത്തരവ്. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി കാഴ്ച സമ്പർക്കം പുലർത്തുന്നത് ഇതോടെ നിരോധിക്കുകയും ചെയ്തു. ടാക്‌സി ഡ്രൈവർമാർക്ക് ഒരു പുരുഷ ബന്ധു കൂടെയില്ലാതെ സ്ത്രീകളെ കയറ്റിയതിന് പിഴകൾ നേരിടേണ്ടിവരും. വിലക്കുകൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷയാണ് നൽകുന്നത്.