ടേക്ക് ഓഫിന് വൈകിയത് രക്ഷയായി; വിമാനത്തിനുള്ളിൽ തീ പടർന്നുപിടിച്ചു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കി; ഒഴിവായത് വൻദുരന്തം
ഡെൻവർ: ടേക്ക് ഓഫിന് വൈകിയത് കൊണ്ട് മാത്രം യാത്രക്കാർ രക്ഷപ്പെട്ട സംഭവമാണ് ഡെൻവറിൽ സംഭവിച്ചിരിക്കുന്നത്. വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 110ലേറെ യാത്രക്കാരാണ്. വെള്ളിയാഴ്ച ഡെൻവർ വിമാനത്താവളത്തിലാണ് സൗത്ത് വെസ്റ്റ് എയർലൈൻ വിമാനത്തിനുള്ളിൽ തീ പടർന്നത്. യാത്രക്കാരിലൊരാളുടെ കയ്യിലുണ്ടായിരുന്നു ഫോണിന്റെ ബാറ്ററിക്ക് തീ പിടിച്ചതിന് പിന്നാലെയാണ് ക്യാബിനിൽ തീ ആളിക്കത്തിയത്.
വിമാനം ടേക്ക് ഓഫ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഡെൻവറിൽ നിന്ന് ടെക്സാസിലെ ഹൂസ്റ്റണിലേക്ക് പുറപ്പെടാനൊരുങ്ങുന്നതിനിടെയാണ് ക്യാബിനിൽ തീ കണ്ടത്. ബോയിംഗ് 737-0700 ട്വിൻ ജെറ്റ് എൻജിനിലാണ് തീ പടർന്നത്. ക്യാബിനിൽ നിന്ന് ആളുകൾ തീ കണ്ട് ഭയന്ന് ബഹളം വച്ചതോടെ എമർജൻസി വാതിലിലൂടെ അടക്കം ആളുകൾ പുറത്തേക്ക് ചാടി.
തീയുണ്ടാകാനുള്ള കാരണം തിരിച്ചറിയാതെ വന്നതോടെ ടേക്ക് ഓഫിന് ഒരുങ്ങിയ ആളുകൾ കയ്യിൽ കിട്ടിയ ലഗേജുമായി പുറത്തിറങ്ങാൻ തിക്കും തിരക്കും കൂട്ടിയതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.