ഷഹബാസ് ഷെരീഫ് സര്‍ക്കാരിലെ ഹിന്ദു മന്ത്രിക്കെതിരെ ആക്രമണം; അന്വേഷിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി

ഷഹബാസ് ഷെരീഫ് സര്‍ക്കാരിലെ ഹിന്ദു മന്ത്രിക്കെതിരെ ആക്രമണം

Update: 2025-04-20 14:13 GMT

ലാഹോര്‍: ഹിന്ദുമത വിശ്വാസിയായ കേന്ദ്രമന്ത്രിക്കെതിരെ പാക്കിസ്ഥാനില്‍ ആക്രമണം. സിന്ധ് പ്രവിശ്യയിലാണ് ജലസേചന കനാലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭയിലെ മതവിശ്വാസകാര്യ മന്ത്രി ഖീല്‍ ദാസ് കോഹിസ്ഥാനിക്കെതിരെ ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഫെഡറല്‍ ഗവണ്‍മെന്റില്‍ അംഗമാണ് കോഹിസ്ഥാനി. തക്കാളിയും ഉരുളക്കിഴങ്ങും ഉപയോഗിച്ചായിരുന്നു ആക്രമണം.

ആക്രമണത്തില്‍ മന്ത്രിക്ക് പരിക്കേറ്റിട്ടില്ല. സിന്ധ് പ്രവിശ്യയിലെ തട്ട ജില്ലയില്‍ ജനസംഖ്യയില്‍ പ്രധാന വിഭാഗമാണ് ഹിന്ദുക്കള്‍. കോഹിസ്ഥാനിക്കെതിരെ നടന്ന ആക്രമണത്തെ നിശിതമായി വിമര്‍ശിച്ച ഷഹബാസ് ഷെരീഫ്, ജനപ്രതിനിധികള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വഖഫ് വിഷയത്തില്‍ ഇന്ത്യക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ പാകിസ്ഥാന്‍, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടിയാണ്, പാക്കിസ്ഥാനിലെ തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് പാര്‍ട്ടിയുടെ പ്രധാന നേതാവാണ് ആക്രമണത്തിനിരയായ കോഹിസ്ഥാനി. പഞ്ചാബ് പ്രതിയില്‍ 6 ജലസേചന കനാലുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്. ഈ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്.

Similar News