ക്ഷമിച്ചും സാക്ഷ്യം നൽകിയും ഐക്യത്തിൽ എത്തിച്ചേരണം; ക്ഷമയെന്ന കഴിവ് എല്ലാവരും ആർജിക്കണം; വിശ്വാസികൾക്ക് പുതു സന്ദേശം നൽകി ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ക്ഷമിച്ചും സാക്ഷ്യം നൽകിയും ഐക്യത്തിൽ എത്തിച്ചേരണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ കൂടിയായ ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിയിൽ ത്രികാലജപ പ്രാർഥന ചൊല്ലിയ ശേഷം അദ്ദേഹം സന്ദേശം നൽകുകയായിരുന്നു.
പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പാത പിന്തുടർന്നു ക്ഷമയെന്ന കഴിവ് ആർജിക്കേണ്ടതിനെക്കുറിച്ചും സഭകൾക്കിടയിൽ ഐക്യമുണ്ടാകേണ്ടതിനെക്കുറിച്ചുമാണ് മാർപാപ്പ തുറന്നുസംസാരിച്ചു. റോമാ സഭയുടെ വേരുകൾ രൂപംകൊണ്ടത് ഈ ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിലാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു.
ശ്ലീഹന്മാരുടെ പാരന്പര്യമാണ് ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി ജീവൻ ത്യജിക്കാൻ ഇന്നും ക്രൈസ്തവർക്കു പ്രചോദനം നല്കുന്നത്. പത്രോസും പൗലോസും ചിന്തിയ രക്തത്താൽ ഇതര സഭകളെ സേവിക്കാൻ റോമാസഭ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.