'മരിച്ചാലും വിടില്ല...'; ഒരു ഭാവഭേദവുമില്ലാതെ സെമിത്തേരിയിലേക്ക് കയറിച്ചെന്ന യുവാവ്; കല്ലറയ്ക്ക് മുകളിൽ വച്ച പാനീയം എടുത്തുകുടിച്ച് വൈറലായി; പിന്നാലെ വിവാദം
ടോക്കിയോ: ജപ്പാനിലെ ഒരു സെമിത്തേരിയിൽ ഉറ്റവരുടെ കല്ലറയിൽ വെച്ചിരുന്ന ബിയർ കുടിച്ച് വിവാദത്തിലായ ഓസ്ട്രേലിയൻ വിനോദസഞ്ചാരിക്ക് യാത്രാ മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ എംബസി. ടൂറിസത്തിന്റെ പേരിൽ തദ്ദേശീയരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് എംബസി വിനോദസഞ്ചാരികളെ ഓർമ്മിപ്പിച്ചു.
ഓഗസ്റ്റ് ആദ്യവാരമാണ് സംഭവം. ഓസ്ട്രേലിയയിൽ നിന്നുള്ള വിനോദസഞ്ചാരിയും യൂട്യൂബറുമായ ലോച്ചി ജോൺസ് എന്നയാൾ, ജപ്പാനിലെ ഒരു സെമിത്തേരിയിൽ കല്ലറയിൽ ബഹുമാനാർത്ഥം വെച്ചിരുന്ന ബിയർ കാനെടുത്ത് കുടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. പിന്നീട്, മരിച്ച വ്യക്തിക്ക് വിഷമം ഉണ്ടാവാതിരിക്കാനായി കല്ലറയിൽ രണ്ട് സിഗരറ്റുകൾ വെച്ച് ഇയാൾ മടങ്ങുന്നതും വീഡിയോയിൽ കാണാം.
ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, സെമിത്തേരികൾ വികാരനിർഭരമായ സ്ഥലങ്ങളാണെന്നും ഇയാളെ ഇനി ജപ്പാനിലേക്ക് പ്രവേശിപ്പിക്കരുതെന്നുമുള്ള ശക്തമായ പ്രതികരണങ്ങൾ ഉയർന്നു. ഇതിനെത്തുടർന്നാണ് ചൊവ്വാഴ്ച ജപ്പാനിലെ ഓസ്ട്രേലിയൻ എംബസി ഔദ്യോഗികമായി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വിവാദ വീഡിയോ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു എംബസിയുടെ പ്രതികരണം.