ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ എത്രയും പെട്ടെന്ന് പരിഹാരം കാണണം; അല്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ആപത്ത്; മാർപാപ്പ

Update: 2025-09-06 11:59 GMT

റോം: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാൻ രണ്ട് രാഷ്ട്രങ്ങൾ എന്ന പരിഹാരം മാത്രമാണ് മുന്നിലുള്ളതെന്ന് മാർപാപ്പ. ഇസ്രയേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗും മാർപാപ്പയും തമ്മിൽ വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ പ്രതികരണം പുറത്തുവന്നത്. കൂടിക്കാഴ്ചയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീട്രോ പരോളിൻ, വിദേശകാര്യ മന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലഗർ എന്നിവരും പങ്കെടുത്തു.

ഇസ്രയേൽ അധിനിവേശങ്ങളെ വിമർശിക്കുന്ന നിലപാട് മുൻ മാർപാപ്പ ബെനഡിക്ട് പതിനാറാമന്റെതുപോലെ തന്നെ പുതിയ മാർപാപ്പയും സ്വീകരിക്കുന്നതായാണ് സൂചന. ഗസ്സയിലെ ഇസ്രയേൽ നടപടികൾ കൂട്ടക്കൊലയാണെന്നും പട്ടിണിയെ ആയുധമാക്കുന്നതും അധാർമ്മികമാണെന്നും മാർപാപ്പ പറഞ്ഞിരുന്നു. ഇത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ നിലപാട് ഇസ്രയേൽ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

അതിനിടെ, ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ 84 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 338 പേർക്ക് പരിക്കേറ്റു. ഗസ്സ സിറ്റിയിലെ ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 64,231 ആയി ഉയർന്നു. 1,61,583 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    

Similar News