ഇവിടെ വനിതാ സൈനികർക്ക് എന്ത് സുരക്ഷയാണ് ഉള്ളത്?; ഒരു മേലുദ്യോഗസ്ഥൻ കാരണം മകളെ നഷ്ടപ്പെട്ട അമ്മയാണ് ഞാൻ; ശ്രദ്ധ നേടി ജെയ്‌സ്‌ലി ബെക്കിൻ്റെ മാതാവിന്റെ വാക്കുകൾ
ലണ്ടൻ: സൈന്യത്തിൽ പ്രവേശിക്കുന്ന യുവതികളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ഇപ്പോഴും ആശങ്കയുണ്ടെന്ന്, ലൈംഗികാതിക്രമത്തിനിരയായി ആത്മഹത്യ ചെയ്ത സൈനികൻ ജെയ്‌സ്‌ലി ബെക്കിൻ്റെ അമ്മ ലീഗൻ പറഞ്ഞു. ഇവരുടെ കേസിൽ പ്രതിയായ ഉദ്യോഗസ്ഥൻ കുറ്റം സമ്മതിച്ചതിന് ശേഷവും ഈ അഭിപ്രായമാണ് അമ്മ പ്രകടിപ്പിച്ചത്.
2021-ൽ ലണ്ടൻ ക്യാമ്പിലെ ബാരക്കിൽ വെച്ചാണ് 19 വയസ്സുള്ള ജെയ്‌സ്‌ലി ബെക്കിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ക്രിസ്മസ് പാർട്ടിക്കിടെ മേലുദ്യോഗസ്ഥനായ വാറന്റ് ഓഫീസർ മൈക്കിൾ വെബറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത് യുവതിയുടെ മരണത്തിലേക്ക് നയിച്ചതായി കോറോണർ വിധി പ്രസ്താവിച്ചിരുന്നു. വെള്ളിയാഴ്ച, വെബർ ലൈംഗികാതിക്രമം നടത്തിയതായി കുറ്റം സമ്മതിച്ചു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നീതി ലഭിച്ചതെന്നും, എന്നാൽ അത് തങ്ങളുടെ മകളെ തിരികെ നൽകില്ലെന്നും ലീഗൻ പറഞ്ഞു. "ഞങ്ങൾ ഇതിലൂടെ കടന്നുപോകേണ്ടി വന്നില്ലായിരുന്നു," അവർ കൂട്ടിച്ചേർത്തു.
2021 ജൂലൈയിൽ നടന്ന ഒരു പരിശീലനത്തിനിടെയാണ് ജെയ്‌സ്‌ലി ആദ്യമായി പരാതി നൽകിയത്. വെബർ തന്നോട് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി അവർ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് യുവതി ഭയന്ന് സ്വന്തം കാറിൽ ഉറങ്ങേണ്ട അവസ്ഥയിലായി. ജെയ്‌സ്‌ലി രണ്ട് തവണ പരാതി നൽകിയിട്ടും വേണ്ടത്ര നടപടിയുണ്ടായില്ലെന്ന് അമ്മ ആരോപിച്ചു. മകളുടെ മരണശേഷം, താൻ നീതിക്കുവേണ്ടി പോരാടുകയായിരുന്നെന്നും, ദുഃഖിക്കാൻ പോലും സമയം കിട്ടിയില്ലെന്നും അവർ വേദനയോടെ ഓർത്തു.
സൈന്യത്തിൻ്റെ സംസ്കാരം മാറ്റേണ്ടതുണ്ടെന്നും, എല്ലാവരെയും സംരക്ഷിക്കണമെന്നും പ്രതിരോധ സഹമന്ത്രി ലൂക്ക് പൊള്ളാർഡ് പറഞ്ഞു. സൈന്യത്തിൽ ചേരുന്ന ഏതൊരാൾക്കും സംരക്ഷണം ഉറപ്പ് നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിൽ പ്രവേശിക്കുന്ന യുവ സൈനികർക്ക് വേണ്ടത്ര സുരക്ഷ നൽകുന്നതിൽ സൈന്യം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.