തെഹ്‌രീകെ താലിബാന്‍ പാകിസ്താന്റെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം; ഖൈബര്‍ പഖ്തൂന്‍ഖ താഴ്വരയില്‍ ബോംബിട്ട് പാക് വ്യോമസേന; സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: സ്വന്തം പ്രവിശ്യയില്‍ പാകിസ്ഥാന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഖൈബര്‍ പഖ്തൂന്‍ഖ പ്രവിശ്യയിലെ തിറാ താഴ്വരയിലാണ് ബോംബാക്രമണം നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും തദ്ദേശവാസികളാണ്. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണസംഖ്യ കൂടാനാണ് സാധ്യത. കൊല്ലപ്പെട്ടവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്.
തെഹ്‌രീകെ താലിബാന്‍ പാകിസ്താന്റെ(ടി.ടി.പി)ഒളികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു മേഖലയില്‍ പാക് വ്യോമസേനയുടെ ആക്രമണം. എട്ട് തവണ ബോംബാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്ന് ഉപയോഗിക്കുന്ന എല്‍എസ്-6 ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ആക്രമണത്തില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പാക് താലിബാന്റെ പ്രാദേശിക കമാന്‍ഡര്‍മാരാണ് കൊല്ലപ്പെട്ടത്. ഈ ഒളികേന്ദ്രങ്ങളില്‍ വെച്ചാണ് ഭീകരര്‍ റോഡരികില്‍ സ്ഥാപിക്കുന്ന ബോംബുകള്‍ നിര്‍മിച്ചിരുന്നത് എന്നാണ് പാക് അധികൃതര്‍ പറയുന്നത്.
സിവിലിയന്‍മാരെ മനുഷ്യകവചമായും ഇവര്‍ ഉപയോഗിച്ചിരുന്നു. പള്ളികളിലും മറ്റ് ജില്ലകളിലുമാണ് ഇവര്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്. പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഖൈബര്‍ പഖ്തൂന്‍ഖ. ഈ വര്‍ഷം ജനുവരിക്കും ആഗസ്റ്റിനും ഇടയില്‍ ഇവിടെ 605 ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 200ലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
സെപ്തംബര്‍ 13, 14 തീയതികളില്‍ ഖൈബര്‍ പഖ്തുന്‍ഖ്വ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 31 ടിടിപി തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.ഇന്നലെ ദേരാ ഇസ്മായില്‍ ഖാന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് തീവ്രവാദികളെ വധിച്ചതായി സൈന്യം പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ മൂന്നുപേര്‍ അഫ്ഗാന്‍ പൗരന്മാരും രണ്ടുപേര്‍ ചാവേറുകളുമായിരുന്നുവെന്നാണ് സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്‌ളിക് റിലേഷന്‍സ് വ്യക്തമാക്കിയത്.