സൂപ്പർ ടൈഫൂൺ ഭീഷണിയിൽ ദക്ഷിണ ചൈന; 176 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കും; ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു; തായ്‌വാനിൽ 14 മരണം; പ്രദേശത്ത് അതീവ ജാഗ്രത

Update: 2025-09-24 07:42 GMT

ഗ്വാങ്‌ഡോങ്: ലോകത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ സൂപ്പർ ടൈഫൂൺ രാഗസ ദക്ഷിണ ചൈനയുടെ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഗുവാങ്‌ഡോങ് പ്രവിശ്യയിൽ നിന്ന് ഏകദേശം 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തായ്‌വാനിൽ രാഗസ വീശിയടിച്ച നാശനഷ്ടങ്ങളിൽ 14 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. കിഴക്കൻ മേഖലയിലെ ഒരു തടാകത്തിലെ വെള്ളം കരകവിഞ്ഞൊഴുകി കനത്ത വെള്ളപ്പൊക്കമുണ്ടായതാണ് മരണങ്ങൾക്ക് കാരണം. ഭൂമിശാസ്ത്രജ്ഞർ ഇതിനെ "പർവതങ്ങളിൽ നിന്നുള്ള സുനാമി" എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് രാഗസ.

ഏകദേശം കാറ്റഗറി 5 ഹരിക്കേൻ്റെ ശക്തിയുള്ള രാഗസ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദക്ഷിണ ചൈനാക്കടലിൽ വീശിയടിക്കുന്നു. ഫിലിപ്പീൻസ്, തായ്‌വാൻ, ഹോങ്കോംഗ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും ഉണ്ടായി. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ജിയാങ്‌മെൻ നഗരത്തിൽ 12:00 (04:00 GMT) ന് റെക്കോർഡ് ചെയ്ത ഏറ്റവും ശക്തമായ കാറ്റ് 67m/s ആയിരുന്നു. 2018-ൽ ടൈഫൂൺ മാംഗഖട്ടിൻ്റെ സമയത്തുണ്ടായ 54.6m/s എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ഹോങ്കോങ്ങിൽ, കൊടുങ്കാറ്റ് നേരിട്ട് തീരമടിച്ചില്ലെങ്കിലും, ശക്തമായ കാറ്റും കനത്ത മഴയും കാരണം 62 പേർക്ക് പരിക്കേറ്റു. 400-ൽ അധികം മരങ്ങൾ കടപുഴകിവീഴുകയും 15 ഇടങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ഒരു മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.

നിലവിൽ കാറ്റിൻ്റെ വേഗത അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും, മണിക്കൂറിൽ 176 കിലോമീറ്റർ വേഗതയിലും 268 കിലോമീറ്റർ ആഞ്ഞടിക്കുന്ന കാറ്റോടുകൂടിയും ടൈഫൂൺ ഇപ്പോഴും തുടരുകയാണ്. ഇന്ന് ഉച്ചയോടെ ഗുവാങ്‌ഡോങ് പ്രവിശ്യയിൽ ടൈഫൂൺ തീരമടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചതും കനത്ത നാശനഷ്ടങ്ങളും രാഗസ  പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.

Tags:    

Similar News