ഡാലസില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ആക്രമണം; വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; രണ്ട് പേര്‍ക്ക് പരിക്കേറ്റു; അക്രമി ജീവനൊടുക്കി
ടെക്‌സസ്: ടെക്‌സസിലെ ഡാലസില്‍ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടുപോകുകയായിരുന്ന വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. സംഭവസ്ഥലത്തേക്ക് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നത് കണ്ട് അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പോലീസ് അറിയിച്ചു.
ഡാലസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ICE) കേന്ദ്രത്തിലാണ് സംഭവം. വെടിവയ്പില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടതും പരിക്കേറ്റവരും കസ്റ്റഡിയിലുള്ള കുടിയേറ്റക്കാരാണെന്ന് അധികൃതര്‍ അറിയിച്ചു. പോലീസുകാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ വെടിവയ്പില്‍ പരിക്കേറ്റിട്ടില്ല.
തദ്ദേശീയനായ അക്രമി സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വെടിവച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമിയുടെയും ഇരകളുടെയും തിരിച്ചറിയല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവം അന്വേഷിച്ചുവരികയാണെന്നും, ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.