മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ പണിമുടക്കി; ആശങ്ക പങ്കുവച്ച് ഉപയോക്താക്കള്‍
ലണ്ടന്‍: മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതിന് ശേഷം പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. യു.കെയില്‍ മാത്രം ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ശേഷം ഈ മൂന്ന് പ്ലാറ്റ്ഫോമുകളിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. യുകെയില്‍ നിന്നുള്ള 2,000-ല്‍ അധികം ഉപയോക്താക്കള്‍ക്ക് ഇതിനോടകം തകരാറിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതായി ഡൗണ്‍ ഡിറ്റക്ടര്‍ സൂചിപ്പിക്കുന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം, ബര്‍മിംഗ്ഹാം, കാര്‍ഡിഫ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 66 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനുകളിലും, 17 ശതമാനം പേര്‍ ലോഗിന്‍ പ്രശ്‌നങ്ങളിലും, 17 ശതമാനം പേര്‍ ആപ്പിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാട്ട്സ്ആപ്പ് ഉപയോക്താക്കളില്‍ 64 ശതമാനം പേര്‍ സന്ദേശങ്ങള്‍ അയക്കുന്നതിലും, 21 ശതമാനം പേര്‍ വെബ്‌സൈറ്റിലും, 16 ശതമാനം പേര്‍ ആപ്പിലും പ്രശ്‌നങ്ങള്‍ നേരിട്ടു. ഇന്‍സ്റ്റാഗ്രാമില്‍, 89 ശതമാനം ഉപയോക്താക്കള്‍ ആപ്പിലും, 9 ശതമാനം പേര്‍ വെബ്‌സൈറ്റിലും, 1 ശതമാനം പേര്‍ ഫീഡിലും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് നിരവധി ഉപയോക്താക്കള്‍ മറ്റൊരു സാമൂഹ്യമാധ്യമമായ എക്‌സ് (ട്വിറ്റര്‍) വഴി തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചു. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ ഒരുമിച്ച് പ്രവര്‍ത്തനരഹിതമാകുന്നത് സാമൂഹ്യമാധ്യമ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.