യുഎസിലും 'ലോക' എഫക്ട്; ഭീതി പടർത്തി 'രക്തദാഹി'യായ അണ്ണാൻ; കണ്ടാൽ മുഖം പൊത്തണം; ഇല്ലെങ്കിൽ ജീവന് തന്നെ ഈ ഭീകരൻ ഭീഷണിയാകും; ജനങ്ങൾക്ക് ജാഗ്രത നിദ്ദേശവുമായി അധികൃതർ
ന്യൂയോർക്ക്: അപ്രതീക്ഷിതമായ ആക്രമണങ്ങളിൽ ഏർപ്പെട്ട് നഗരവാസികളെ ഭീതിയിലാഴ്ത്തി 'രക്തദാഹിയായ' അണ്ണാൻ. യു.എസിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയയിലാണ് സംഭവം. കുറഞ്ഞത് അഞ്ച് പേരെയെങ്കിലും ഈ അണ്ണാൻ കടിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇതേത്തുടർന്ന്, അണ്ണാനെ കണ്ടാൽ അകലം പാലിക്കണമെന്ന മുന്നറിയിപ്പ് അധികൃതർ പുറപ്പെടുവിച്ചു.
"തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുന്നേ അണ്ണാൻ മുഖത്തേക്ക് ചാടി വീണ് ആക്രമിക്കുകയായിരുന്നു," പരിക്കേറ്റവരിൽ ഒരാളായ ലൂകാസ് വാലി സ്വദേശിനി ഇസബെൽ കാംപോയ് പറഞ്ഞു. നടക്കാൻ ഇറങ്ങിയ തനിക്ക് നേരെ നിലത്ത് നിന്ന് അണ്ണാൻ ചാടുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
സമൂഹ മാധ്യമങ്ങളിൽ ഈ സംഭവത്തെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. ഇത്രയും നിരുപദ്രവകാരിയായ ഒരു ജീവിക്ക് ഇങ്ങനെ ക്രൂരമായി പെരുമാറാൻ കഴിയുമോ എന്നാണ് പലരും ചോദിക്കുന്നത്. പരിസ്ഥിതി പ്രവർത്തകർ സംഭവം അന്വേഷിക്കുന്നുണ്ട്.
2019ൽ സമാനമായ ഒരു സംഭവം അലബാമയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ലഹരിക്ക് അടിമയായിരുന്ന മിക്കി പോൾക്ക് എന്നയാൾ മനുഷ്യർക്ക് നേരെ ആക്രമണം നടത്താനായി ഒരു അണ്ണാനെ പരിശീലിപ്പിച്ചിരുന്നു. വീട്ടിൽ വളർത്തിയ അണ്ണാന് സ്ഥിരമായി മെത്താംഫെറ്റാമൈൻ നൽകി അതിനെ ആക്രമണകാരിയാക്കി മാറ്റുകയായിരുന്നു ഇയാൾ. തന്നെ പിടികൂടാൻ വരുന്നവരെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പറയപ്പെടുന്നു.