കഴിഞ്ഞ വര്‍ഷം യുകെയില്‍ ജനിച്ച കുട്ടികളില്‍ പത്തില്‍ നാല് പേരും വിദേശികളുടെ മക്കളായി പിറന്നവര്‍; കുടിയേറ്റ വിരുദ്ധ വികാരം ശക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട് കൂടി
കഴിഞ്ഞ വര്‍ഷം യുകെയില്‍ ജനിച്ച കുട്ടികളില്‍ പത്തില്‍ നാല് പേരും വിദേശികളുടെ മക്കളായി പിറന്നവര്‍
ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരം ശക്തമാക്കുന്ന തരത്തില്‍ മറ്റൊരു റിപ്പോര്‍ട്ടു കൂടി പുറത്തു വന്നിരിക്കുകയാണ്. 2024 ല്‍ ബ്രിട്ടനില്‍ ജനിച്ച കുട്ടികളില്‍ 40.4 ശതമാനം പേരുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും വിദേശിയാണെന്നതാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പ് ഇത് 35.1 ശതമാനം മാത്രമായിരുന്നു. ഇംഗ്ലണ്ടിലെ 17 ശതമാനം കൗണ്‍സില്‍ ഏരിയകളില്‍ ജനിച്ച കുട്ടികളുടെ അമ്മയോ അച്ഛനോ ഒരാളെങ്കിലും വിദേശത്ത് ജനിച്ചവരുമാണ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കാണിത്.
ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് തലസ്ഥാന നഗരമായ ലണ്ടന്‍ തന്നെയാണ്. ലണ്ടന്‍ നഗരത്തില്‍ ജനിച്ച കുട്ടികളില്‍ 84,4 ശതമാനം കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും വിദേശത്ത് ജനിച്ചവരാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രെന്റില്‍ ഇത്തരം കുട്ടികള്‍ 83.9 ശതമാനവും മൂന്നാം സ്ഥാനത്തുള്ള ന്യൂഹാമില്‍ 82.4 ശതമാനവുമാണ്. 82.2 ശതമാനം കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളെങ്കിലും വിദേശിയായിട്ടുള്ള ഈലിംഗ് നാലാം സ്ഥാനത്തും 81.4 ശതമാനവുമായി വെസ്റ്റ്മിനിസ്റ്റര്‍ അഞ്ചാം സ്ഥാനത്തും ഉണ്ട്.
കൂടുതലായും യുവാക്കളാണ് കുടിയേറുന്നത് എന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നാണ് ഓക്സ്‌ഫോര്‍ഡ് യൂണിവെഴ്സിറ്റിയീലെ മൈഗ്രേഷന്‍ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മൊത്തം പ്രസവങ്ങളില്‍ 33 ശതമാനവും വിദേശ അമ്മമാരുടേതായിരുന്നു എന്നും ഒ എന്‍ എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ 4.4 ശതമാനം ഇന്ത്യന്‍ അമ്മമാരാണ്. 3.6 ശതമാനവുമായി പാകിസ്ഥാന്‍ തൊട്ടു പുറകെയുണ്ട്. 2.5 ശതമാനം അമ്മമാരുമായി നൈജീരിയ മൂന്നാം സ്ഥാനത്തും 2 ശതമാനം അമ്മമാരുമായി റൊമേനിയ നാലാം സ്ഥാനത്തുമാണ്.