പാകിസ്ഥാനികളുടെ വ്യാജ വിസ റാക്കറ്റ് പൊളിച്ചു; അഭയത്തിനായി അപേക്ഷിക്കുന്നവരില്‍ ഏറ്റവുമധികം പേര്‍ പാക്കിസ്ഥാന്‍ പൗരന്‍മാര്‍; ഓണ്‍ലൈന്‍ വഴി തട്ടിപ്പ്

പാകിസ്ഥാനികളുടെ വ്യാജ വിസ റാക്കറ്റ് പൊളിച്ചു;

Update: 2025-07-22 05:55 GMT

ലണ്ടന്‍: വന്‍ തുക മുടക്കി വ്യാജ വിസയുമായി യു കെയില്‍ എത്തുക മാത്രമല്ല, ബ്രിട്ടീഷ് അതിര്‍ത്തികളിലെ ദുര്‍ബലമായ നിയന്ത്രണങ്ങള്‍ തകര്‍ക്കുന്നതിനെ കുറിച്ച് അഭിമാനത്തോടെ വിളിച്ചു പറയുക കൂടിയാണ് പാകിസ്ഥാനി കുടിയേറ്റക്കാര്‍. 50,000 പൗണ്ട് വരെ മുടക്കീയാണ് പലരും വ്യാജ വിസ എടുത്ത് ബ്രിട്ടനിലെത്തുന്നത്. പല അപേക്ഷകളിലും നിരവധി ഭാഷാ പിശകുകള്‍ ഉണ്ടെന്നുള്ളതാണ് രസകരം. പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലുള്ള മിര്‍പുട്ട് വിസ കണ്‍സള്‍ട്ടന്റ് ചീഫ് എക്സിക്യൂട്ടീവ് സയ്യ്ദ് കമ്രാന്‍ ഹൈദറാണ് യു കെയിലെ അഭയാര്‍ത്ഥി നിയമത്തിലുള്ള പഴുതുകള്‍ കണ്ടെത്തി പങ്കുവയ്ക്കുന്നത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത് എന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു കെയിലെ സിസ്റ്റത്തെ വളരെ എളുപ്പം ദുരുപയോഗം ചെയ്യാമെന്ന് പറയുന്ന ഹൈദര്‍ പരസ്യമായിട്ടാണ് ഓണ്‍ലൈന്‍ വഴി തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. നിലവില്‍ അഭയത്തിനായി അപേക്ഷിക്കുന്നവരില്‍ ഏറ്റവുമധികം ഉള്ളത് പാകിസ്ഥാന്‍ പൗരന്മാരാണ്. ഇവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ട് മുന്‍പത്തെ വര്‍ഷത്തില്‍ പാകിസ്ഥാനികള്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ലെന്ന് ഓര്‍ക്കണം.

പാകിസ്ഥാനികള്‍ക്ക് ചെറുയാനങ്ങളില്‍ അപകടകരമായ വിധത്തില്‍ യാത്ര ചെയ്തെത്തേണ്ട ആവശ്യമില്ലെന്നാണ് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷ ലോയര്‍ ഹര്‍ജാപ് ഭന്‍ഗാള്‍ പറയുന്നത്. അവര്‍ വിസയിലാണ് എത്തുന്നത്. വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും, സി വിയും ഉള്‍പ്പടെയുള്ള വ്യാജ രേഖകള്‍ തയ്യാറാക്കാന്‍ ആയിരക്കണക്കിന് പൗണ്ടാണ് ഹൈദറുടെ സ്ഥാപനം അപേക്ഷകരില്‍ നിന്നും ഈടാക്കുന്നത്. ടെലെഗ്രാഫിന് ചോര്‍ന്ന് കിട്ടിയ ഇത്തരത്തിലുള്ള രേഖകളില്‍ മുഴുവന്‍ വ്യാകരണ പിശകുകളും വ്യാജ വിവരങ്ങളുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിസയില്‍ എത്തി, വിസ കാലാവധി തീരുന്നതിന് മുന്‍പ് അപേക്ഷിച്ചാല്‍, വീണ്ടും ജോലിയില്‍ തുടരാമെന്നാണ് ഹൈദര്‍ പറയുന്നത്. ഹോം ഓഫീസ് നിയന്ത്രണങ്ങളിലെ പിഴവുകളാണ് ഇയാള്‍ മുതലെടുക്കുന്നത്. വിസയില്‍ യു കെയില്‍ എത്തിയാല്‍ ഉടന്‍ അഭയത്തിന് അപേക്ഷിക്കുക എന്നതാണ് പാകിസ്ഥാനികളുടെ പരിപാടി. അങ്ങനെ സ്റ്റുഡന്റ് വിസയിലെത്തി യൂണിവേഴ്സിറ്റികളീല്‍ പോകാത്തവരെയും, സന്ദര്‍ശന വിസയിലെത്തി മടങ്ങിപ്പോകാത്തവരെയുമൊക്കെ നിങ്ങള്‍ക്ക് ബ്രിട്ടനില്‍ കാണാന്‍ കഴിയും. പാകിസ്ഥാനിലെ അവസ്ഥ അത്രയ്ക്ക് പരിതാപകരമാണെന്നും ഒരു നിവൃത്തിയുണ്ടെങ്കില്‍ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തു കടക്കാനാണ് ജനങ്ങള്‍ താത്പര്യപ്പെടുന്നതെന്നും ഭന്‍ഗാള്‍ പറയുന്നു.

Tags:    

Similar News