അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; ഫ്രാന്‍സില്‍ പ്രധാനമന്ത്രി ബെയ്റോ പുറത്ത്
അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു; ഫ്രാന്‍സില്‍ പ്രധാനമന്ത്രി ബെയ്റോ പുറത്ത്
പാരീസ്: ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പുറത്ത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ബെയ്റോ പുറത്തായത്. ഫ്രാന്‍സിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ പദ്ധതിയാണ് ബെയ്റോവിന് വിനയായത്.
അവിശ്വാസ വോട്ടെടുപ്പില്‍ 364 എംപിമാരാണ് ബെയ്റോവിനെതിരെ വോട്ടു ചെയ്തത്. 194 പേര്‍ അനുകൂലിച്ചു. 74 കാരനായ ബെയ്റോ പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് ഒമ്പതു മാസം മാത്രമേ ആയിരുന്നുള്ളൂ. ബെയ്റോവിന്റെ മുന്‍ഗാമി മിഷെല്‍ ബാര്‍ന്യേ വെറും മൂന്നു മാസം മാത്രം പദവിയിലിരുന്ന ശേഷം കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പിലാണു പുറത്തായത്.
രണ്ട് പൊതുഅവധിദിനങ്ങള്‍ റദ്ദാക്കുക. പെന്‍ഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാന്‍സ്വ ബെയ്റോ ബജറ്റില്‍ നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 44 ബില്യണ്‍ യൂറോ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവ. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഇത് പ്രധാനമന്ത്രിക്കെതിരെ ആയുധമാക്കുകയായിരുന്നു. ഇടത് പക്ഷവും തീവ്രവലത് പക്ഷവും ഒരു പോലെ എതിര്‍ത്തതോടെയാണ് വിശ്വാസ വോട്ടില്‍ ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടത്.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പുറത്താകുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് ഫ്രാന്‍സ്വ ബെയ്റോ.