കുവൈത്തില്‍ സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ധനയ്ക്ക് വിലക്ക്; വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

കുവൈത്തില്‍ സ്വകാര്യ സ്‌കൂള്‍ ഫീസ് വര്‍ധനയ്ക്ക് വിലക്ക്;

Update: 2025-09-06 14:36 GMT

കുവൈത്ത് സിറ്റി : 2025-2026 അധ്യയന വര്‍ഷത്തില്‍ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വര്‍ധനയ്ക്ക് വിദ്യാഭ്യാസമന്ത്രി ജലാല്‍ അല്‍ തബ്തബെയിന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഫീസ് വര്‍ധിപ്പിക്കാനുള്ള സ്‌കൂള്‍ അധികൃതരുടെ നീക്കം മന്ത്രി ഉത്തരവിലൂടെ റദ്ദാക്കി. വ്യവസ്ഥ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും വിദ്യാഭ്യാസ ചെലവില്‍ നിയന്ത്രണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് നടപടി. ഫീസ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയെ ചുമതലപ്പെടുത്തി.

2018-ല്‍ പുറപ്പെടുവിച്ച സ്വകാര്യ സ്‌കൂള്‍ ഫീസ് നിയന്ത്രണ ഉത്തരവിന്റെ കാലാവധി നീട്ടി കൊണ്ടാണ് തീരുമാനം കൈക്കൊണ്ടത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കുള്ള 2020-ലെ വിലക്ക് 2025-2026 അധ്യയന വര്‍ഷത്തിലും തുടരും.

Tags:    

Similar News