മെക്സിക്കോയെ നടുക്കി ബസ് അപകടം; ചരക്കു തീവണ്ടി ഡബിൾ ഡക്കറിലേക്ക് പാഞ്ഞു കയറി; ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി; പത്ത് പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-09-09 14:02 GMT

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്കു തീവണ്ടി ഡബിൾ ഡെക്കർ ബസുമായി കൂട്ടിയിടിച്ച് 10 പേർ മരിച്ചു. സംഭവത്തിൽ 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 115 കിലോമീറ്റർ വടക്കുപടിഞ്ഞാറായി മറാവറ്റിയോ-അറ്റ്ലാകോ മുൽകോ ഹൈവേയിലെ ലെവൽ ക്രോസിംഗിലാണ് തിങ്കളാഴ്ച അപകടം നടന്നത്.

ലെവൽ ക്രോസിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന്റെ മധ്യഭാഗത്താണ് അതിവേഗത്തിലെത്തിയ ചരക്കു തീവണ്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ബസ്സിൽ ആകെ 51 പേരാണ് ഉണ്ടായിരുന്നതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഏഴു പുരുഷന്മാരും ഉൾപ്പെടുന്നു.

അപകടത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. തീവണ്ടി ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags:    

Similar News