ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ എഫ്.എം സ്റ്റേഷനുകളില്‍ വിലക്ക്; ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് പകരമെന്ന് അവകാശവാദം

ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ എഫ്.എം സ്റ്റേഷനുകളില്‍ വിലക്ക്

Update: 2025-05-02 09:14 GMT

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഇന്ത്യന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി പാക്കിസ്ഥാന്‍ എഫ്.എം റേഡിയോ സ്റ്റേഷനുകള്‍. രാജ്യത്തുടനീളമുള്ള പാക്കിസ്ഥാന്‍ എഫ്.എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തുന്നത് പാകിസ്താന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ (പി.ബി.എ) പ്രാബല്യത്തില്‍ വരുത്തിയെന്ന് പി.ബി.എ സെക്രട്ടറി ജനറല്‍ ഷക്കീല്‍ മസൂദ് അറിയിച്ചു.

പാക്കിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ആട്ട തരാര്‍ ഈ നീക്കത്തെ പ്രശംസിച്ചു. പി.ബി.എയുടെ തീരുമാനത്തെ 'ദേശസ്‌നേഹം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരം പരീക്ഷണ സമയങ്ങളില്‍ ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും അടിസ്ഥാന മൂല്യങ്ങളെ പിന്തുണക്കുന്നതിലും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്നതിന് തെളിവാണ് ഇന്ത്യന്‍ ഗാനങ്ങള്‍ നിരോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച ചിത്രം 'അബിര്‍ ഗുലാല്‍' ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പാക്കിസ്ഥാനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. തിയറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറായിട്ടില്ലെന്നും നിരവധി സംഘടനകള്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

പിന്നീട്, അബിര്‍ ഗുലാല്‍ പാക്കിസ്ഥാനിലും റിലീസ് ചെയ്യില്ലെന്ന് പാക്കിസ്ഥാന്റെ മുതിര്‍ന്ന സിസ്ട്രിബ്യൂട്ടറായ സതീഷ് ആനന്ദ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ താരം വാണി കപൂര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് വിലക്കിന് കാരണം.

Tags:    

Similar News