700 പൗണ്ടിന് പന്തയം; കുടിച്ച് തീര്‍ത്തത് 350 മില്ലിലിറ്റര്‍ വിസ്‌കി; പിന്നാലെ ഛര്‍ദ്ദിച്ച് ബോരഹിതനായി; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; ആല്‍ക്കഹോള്‍ വിഷബാധയെ തുടര്‍ന്ന് തായ്‌ലാന്‍ഡ് പ്രമുഖ സോഷ്യല്‍ മീഡിയ താരത്തിന് ദാരുണാന്ത്യം; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2024-12-30 06:38 GMT

തായ്‌ലാന്‍ഡ്: പന്തയം വെച്ച് 350 മില്ലിലിറ്റര്‍ വിസ്‌കി കുടിച്ചു തീര്‍ത്ത് തായ്‌ലന്‍ഡ് സോഷ്യല്‍ മീഡിയ താരത്തിന് ദാരുണാന്ത്യം. തായ്ലാന്‍ഡിലെ ചന്ദാബുരി പട്ടണത്തിലായിരുന്നു സംഭവം നടന്നത്. 21 കാരനായ താങ്കം കാന്തീയാണ് വെല്ലുവിളി നടത്തുന്നതിനിടെ മരിച്ചത്. ബാങ്ക് ലെസ്റ്റര്‍ എന്ന പേരിലാണ് കാന്തി സോഷ്യല്‍ ലോകത്ത് അറിയപ്പെട്ടിരുന്നത്.

30,000 തായ് ബാത്ത് അല്ലെങ്കില്‍ 700 പൗണ്ടിനാണ് കാന്തീ വെല്ലുവിളി ഏറ്റെടുത്തത്. തന്റെ കുടുംബത്തിനായി പണം സമ്പാദിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി, ഇത്തരത്തിലുള്ള വെല്ലുവിളികളില്‍ പങ്കെടുക്കുന്നത് കാന്തിയുടെ പതിവായിരുന്നു. നേരത്തെ, ഹാന്‍ഡ് സാനിറ്റൈസര്‍ കുടിക്കലും വസാബി കഴിക്കലും ഉള്‍പ്പെടെ വിവിധ അപകടകരമായ വെല്ലുവിളികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.

ഡിസംബര്‍ 26-ന് രാവിലെയോടെയാണ് അപകടം നടന്നത്. ചാന്തബുറിയിലെ ഒരു ജന്മദിന പാര്‍ട്ടിയിലായിരുന്നു സംഭവം. കാന്തി മദ്യകുപ്പി കുടിച്ചതിന് പിന്നാലെ ഛര്‍ദിക്കുകയും രാത്രി 3.40-ഓടെ ബോധരഹിതനാകുകയും ചെയ്തു. ആല്‍ക്കഹോള്‍ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ഈ സംഭവവുമായി ബന്ധപ്പെട്ട്, ചാന്തബുറി പ്രവിശ്യാ പൊലീസ് എക്കചാര്‍ട്ട് 'എം' മീപ്രോം എന്നയാളെ നിക്ഷിപ്ത ജാഗ്രതയില്ലായ്മ വഴി മരണത്തിന് കാരണമായ കുറ്റത്തിന് അറസ്റ്റ് ചെയ്തു. തായ്ലന്‍ഡിന്റെ ശിക്ഷാനിയമപ്രകാരം, ഈ കുറ്റത്തിന് 10 വര്‍ഷം വരെ തടവോ 200,000 ബാത്ത് വരെയുള്ള പിഴയോ, ഇരുവരും ചുമത്താവുന്ന ശിക്ഷയോ ലഭിക്കും. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അദ്ദേഹത്തിന് ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍, തുടര്‍ അന്വേഷണം നടക്കുന്നതുവരെ എക്കചാര്‍ട്ടിനെ 12 ദിവസം കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്.

കാന്തിയുടെ നിര്യാണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനമറിയിച്ച് എത്തിയിരുന്നു. 'നിന്റെ കുടുംബത്തിന് നീ സംഭാവനചെയ്തത് എല്ലാത്തിനും നന്ദി. നിന്റെ ആത്മാവിന് സമാധാനം ലഭിക്കട്ടെ,' ഒരു ആരാധകന്‍ കുറിച്ചു. 'നീ മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷം നല്‍കുകയും ചെയ്തു. അതിന് ഒരായിരം നന്ദി,' മറ്റൊരു ആരാധകന്‍ എഴുതി. കാന്തിയുടെ മരണം സോഷ്യല്‍ മീഡിയ ആരാധകരെയും തായ്ലന്‍ഡിലെ ജനങ്ങളെയും വലിയ രീതിയില്‍ ഞെട്ടിച്ചിരിക്കുന്നത്.

Tags:    

Similar News