കംബോഡിയയും തായ്ലന്‍ഡും വെടിനിര്‍ത്തല്‍ വിപുലീകരണ കരാര്‍ ഒപ്പുവെച്ചു; അതിര്‍ത്തി പ്രദേശത്ത് നിന്ന് കനത്ത ആയുധങ്ങള്‍ നീക്കാന്‍ ഇരുപക്ഷവും

കംബോഡിയയും തായ്ലന്‍ഡും വെടിനിര്‍ത്തല്‍ വിപുലീകരണ കരാര്‍ ഒപ്പുവെച്ചു

Update: 2025-10-26 17:26 GMT

ക്വാലാലംപൂര്‍: കംബോഡിയയും തായ്ലന്‍ഡും തമ്മിലുള്ള വെടിനിര്‍ത്തല്‍ വിപുലീകരണ കരാര്‍ ഒപ്പുവെച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ ആണ് ധാരണ. ഇരു രാജ്യങ്ങളും അംഗങ്ങളായ അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) വാര്‍ഷിക ഉച്ചകോടിയില്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹന്‍ മാനെറ്റും തായ് പ്രധാനമന്ത്രി അനുട്ടിന്‍ ചര്‍ണ്‍വിരാകുളും കരാര്‍ ഒപ്പിട്ടു.

സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എത്തിയിരുന്നു. ക്വാലാലംപൂര്‍ ഉടമ്പടി പ്രകാരം ഇരു രാജ്യത്തിന്റെയും നേതാക്കള്‍ സംയുക്ത പ്രസ്താവനയും നടത്തി. തടവുകാരായ 18 കംബോഡിയന്‍ സൈനികരെ തായ്ലന്‍ഡ് മോചിപ്പിക്കും. അതിര്‍ത്തി പ്രദേശത്ത് നിന്ന് കനത്ത ആയുധങ്ങള്‍ നീക്കം ചെയ്യാന്‍ ഇരുപക്ഷവും നടപടി തുടങ്ങും.

തായ്ലന്‍ഡിനും കംബോഡിയയ്ക്കും ഇടയിലുള്ള 817 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശം പതിറ്റാണ്ടുകളായി തര്‍ക്കത്തിലാണ്. ജൂലൈയില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ അയല്‍ രാജ്യങ്ങളായ കംബോഡിയയും തായ്‌ലാന്‍ഡും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചു. ഒരു ദശകത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു. അതില്‍ ഏകദേശം 40 പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തു. ഇരുപക്ഷവും അവരുടെ 817 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ പീരങ്കി വെടിവയ്പ്പും വ്യോമാക്രമണവും നടത്തി.

Tags:    

Similar News