ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ ശക്തമായ തിരിച്ചടി നല്‍കും; രാജ്യത്തെ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിക്കും; വീടുകളിലെ വിളക്കുകള്‍ പൂര്‍ണമായി അണക്കണം; അനാവശ്യമായി പുറത്തിറങ്ങരുത്; നിര്‍ദേശം നല്‍കി പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിലുള്ള സൈനിക നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും രാജ്യത്തെ സംരക്ഷിക്കാനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പാക്കിസ്ഥല്‍ സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയുള്ള ദൃശ്യപ്രകാശം ഒഴിവാക്കാന്‍ വീടുകളിലെ വിളക്കുകള്‍ പൂര്‍ണമായി അണക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും പൗരന്മാരോട് ആവശ്യപ്പെട്ടു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വ്യോമ-കര-നാവിക സേനകള്‍ സംയുക്തമായി 'ഓപ്പറേഷന്‍ സിന്ദൂര്‍' നടത്തിയത്. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനില്‍ 70-ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായും 60-ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളുടെ കേന്ദ്രങ്ങള്‍ക്കെതിരെയാണ് ഇന്ത്യയുടെ ആക്രമണം നടന്നത്. മുരിഡ്കെ, ബഹാവല്‍പൂര്‍, മുസാഫറാബാദ്, സിയാല്‍ക്കോട് എന്നിവിടങ്ങളിലുള്ള പ്രധാന താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണം നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.