പലസ്തീൻ പതാക നിറമുള്ള വസ്ത്രമണിഞ്ഞ് പാർലമെന്റിൽ; എംപിയോട് സഭ വിട്ട് പുറത്തുപോകാൻ സ്പീക്കർ; തിരിച്ചെത്തിയത് തണ്ണിമത്തന്റെ ചിത്രമുള്ള വസ്ത്രത്തിൽ
ആംസ്റ്റർഡാം: പലസ്തീൻ പതാകയിലെ നിറങ്ങളോട് സാമ്യമുള്ള വസ്ത്രം ധരിച്ച് നെതർലാൻഡ്സ് പാർലമെന്റിൽ എത്തി എംപിയോട് സഭ വിട്ട് പുറത്തുപോകാൻ ആവശ്യപ്പെട്ട് സ്പീക്കർ. ഡച്ച് എംപി എസ്തര്‍ ഔവഹാന്‍ഡിനോടാണ് സ്പീക്കര്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്. ബഡ്ജറ്റ് ചർച്ചയ്ക്കിടെ എംപി സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് സ്പീക്കർ ഇടപെട്ടത്. തീവ്ര വലതുപക്ഷ പാർട്ടിയായ പാർട്ടി ഫോർ ഫ്രീഡം (പിവിവി) നേതാവാണ് സ്പീക്കർ.
'നിങ്ങൾ ആ നിറങ്ങളുമായി ഇവിടെ നിൽക്കുന്നത് അനുചിതമാണ്' എന്ന് പറഞ്ഞ സ്പീക്കർ, വസ്ത്രം മാറി വരാൻ എംപിയോട് ആവശ്യപ്പെട്ടു. എന്നാൽ, ചുവപ്പ്, പച്ച, വെളുപ്പ്, കറുപ്പ് നിറങ്ങൾ ധരിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി എംപി നിലപാട് കടുപ്പിച്ചു. ഒടുവിൽ സമ്മർദ്ദത്തെ തുടർന്ന് ഔവഹാൻഡ് സഭ വിട്ടു.
പിന്നീട്, പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന തണ്ണിമത്തൻ ചിത്രം പതിച്ച ഷർട്ട് ധരിച്ച് അവർ പാർലമെന്റിൽ തിരിച്ചെത്തി. പാർലമെന്റ് നിഷ്പക്ഷമായിരിക്കണമെന്നും രാഷ്ട്രീയ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പാർലമെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഗാസയിലെ സാഹചര്യം ചൂണ്ടിക്കാട്ടി എംപി സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ചു. 'രാജാവ് നമ്മുടെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ, ഗാസയിൽ ഒരു വംശഹത്യ നടക്കുകയാണ്. കുട്ടികളും കുടുംബങ്ങളും പട്ടിണി കിടന്ന് മരിക്കുന്നു. എല്ലാവരുടെയും ശ്രദ്ധ ഗാസയിലായിരിക്കണം,' അവർ കുറിച്ചു. ഗാസയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഭരണകക്ഷി 'വംശഹത്യ' എന്ന പദം ഒഴിവാക്കുന്നതായും പരിക്കേറ്റ പലസ്തീൻ കുട്ടികളെ ഡച്ച് ആശുപത്രികളിൽ ചികിത്സിക്കാൻ തയ്യാറാകുന്നില്ലെന്നും അവർ ആരോപിച്ചു.