നിയമം കയ്യിലെടുത്ത് ഭീകരത സൃഷ്ടിക്കുന്ന കേഡര്‍ പാര്‍ട്ടിയിലെ ചിലരെ നമുക്ക് യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാകില്ല; പക്ഷെ വോട്ടു ചെയ്തു തോല്‍പ്പിക്കാനാകും; ആ വിവേകം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണം ഉപകാരപ്പെടട്ടെയെന്ന് സജീവന്‍ അന്തിക്കാട്
ശക്തമായ പ്രതികരണവുമായി സജീവന്‍ അന്തിക്കാട്
തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണത്തില്‍ ശക്തമായ പ്രതികരണവുമായി സ്വതന്ത്ര ചിന്തകനും സംവിധായകനുമായ സജീവന്‍ അന്തിക്കാട്. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളില്‍ പെട്ടവരില്‍ ചിലര്‍ നിയമം കയ്യിലെടുക്കുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നു. അവരെ നമുക്ക് യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാകില്ല. പക്ഷെ വോട്ടു ചെയ്തു തോല്‍പ്പിക്കാനാകും-
അതിനുള്ള വിവേകം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ മറുനാടനെതിരെ നടന്ന ഈ ഗുണ്ടാ ആക്രമണം ഉപകാരപ്പെടട്ടെയെന്ന് സജീവന്‍ അന്തിക്കാട് കുറിച്ചു.
സജീവന്‍ അന്തിക്കാടിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഷാജന്‍ സ്‌കറിയ എന്റെ ഒരു സുഹൃത്താണ്. അദ്ദേഹം ഇവിടെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകനും കൂടിയാണ്. അദ്ദേഹത്തിന് ഒരു പ്രത്യേകരാഷ്ട്രീയപാര്‍ട്ടി ഇല്ല .എന്നാല്‍ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ഇന്ത്യക്ക് നല്ലതേ വരുത്തുവെന്ന് തെളിവില്ലാതെ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാളാണദ്ദേഹം.
അതിനു തക്ക പ്രൊപ്പഗണ്ട അദ്ദേഹം സ്വന്തം മാധ്യമത്തിലൂടെ ചെയ്തു വരുന്നുമുണ്ട്. ഒരു സുഹൃത്തെന്ന നിലയില്‍ എനിക്കതില്‍ വിരുദ്ധാഭിപ്രായമുണ്ട്. മോദിഭക്തന്‍ എന്ന് ഞാനദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കാറുണ്ട്. മാത്രമല്ല അദ്ദേഹത്തിന് മോദിയെ കുറിച്ചുള്ള ധാരണകള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ പാകത്തിലുള്ള ഒരു പാട് വീഡിയോകളും പോസ്റ്റുകളും ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരാളുടെ വിശ്വാസത്തെ പുന:പരിശോധിപ്പിക്കുന്നതിനായി ഇതല്ലാതെ വേറെന്താണ് നാം ചെയ്യുക.
ഇതാണ് ഒരു ജനാധിപത്യ വിശ്വാസിക്ക് പറ്റുന്ന കാര്യം. ലോ ആന്‍ഡ് ഓര്‍ഡറില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് ഇത്രക്കെ സാധിക്കൂ. നീ RSS ആണോടാ എന്ന് ചോദിച്ച് ഒരാളുടെ കാല്‍ വെട്ടിയെടുത്താല്‍ അയാള്‍ ഇരുപതു കൊല്ലം കഴിഞ്ഞ് MP യായി മാറുന്നത് നമ്മള്‍ കാണും. നീ കമൂണിസ്റ്റാണോടാ എന്ന് ചോദിച്ച് അടിച്ചു കാലൊടിച്ചാല്‍ അയാള്‍ മുഖ്യമന്ത്രിയായി വരുന്നത് നമ്മള്‍ കാണും..
എല്ലാവരും ഒരേ പോലെ ചിന്തിക്കുന്ന കാലം ഉണ്ടാകില്ല.
എന്നാല്‍ ആളുകള്‍ സ്വന്തം കൂതറ വിശ്വാസങ്ങളെല്ലാം ഉള്ളില്‍ അടക്കി വെച്ച് എല്ലാ വിഭിന്ന ആശയക്കാരോടും സൗഹാര്‍ദ്ദത്തോടെ പെരുമാറുന്ന കാലം ഉണ്ടാകുകയും ചെയ്യും.
പക്ഷെ അതിന് തടസ്സം നില്‍ക്കുന്നവര്‍ ഈ സമൂഹത്തിലുണ്ട്. കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളില്‍ പെട്ടവര്‍. അവരില്‍ ചിലര്‍ നിയമം കയ്യിലെടുക്കുന്നു, ഭീകരത സൃഷ്ടിക്കുന്നു. അവരെ നമുക്ക് യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാകില്ല. പക്ഷെ വോട്ടു ചെയ്തു തോല്‍പ്പിക്കാനാകും-
അതിനുള്ള വിവേകം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ മനുനാടനെതിരെ നടന്ന ഈ ഗുണ്ടാ ആക്രമണം ഉപകാരപ്പെടട്ടെ.
#alwaysforfreedomofexpression