'ഈ പാര്‍ട്ടിയെന്നാല്‍ ലുലു ഹെപ്പര്‍ മാര്‍ക്കറ്റല്ല; ബാസ്‌ക്കറ്റുമായി കയറി എം എല്‍ എ, എം പി സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും എടുത്തിട്ട് പുറത്തിറങ്ങാന്‍; എന്തിനായിരുന്നു ഇന്നത്തെ വാര്‍ത്താ സമ്മേളനം? ' പി സരിനോട് ചോദ്യങ്ങളുമായി ഡോ പ്രവീണ്‍ സാകല്യ

പി സരിനോട് ചോദ്യങ്ങളുമായി ഡോ പ്രവീണ്‍ സാകല്യ

Update: 2024-10-16 10:20 GMT

രിന്‍ സുഹൃത്താണ് ... എനിക്ക് ബഹുമാനവുമുണ്ട് ... കെ പി സി സി ഡിജിറ്റല്‍ മീഡിയാ സെല്ലിനെ ചലനാത്മകവും സക്രിയമാക്കി മാറ്റിയ വ്യക്തിയുമാണ് . ഇന്നും പാര്‍ട്ടി സോഷ്യല്‍ മീഡിയാ വിഭാഗത്തെ ശരിയായ ദിശയില്‍ നയിക്കുന്ന വ്യക്തിയാണ്. പോരാളി ഷാജിമാരും കാവി പടകളും , ചെമ്പട ഹാന്‍ഡിലുകളും മാത്രം നടമാടിയിരുന്ന പ്രതലങ്ങളിലേക്ക് ത്രിവര്‍ണ്ണ ആശയങ്ങളും പ്രതിവാദങ്ങളും സന്നിവേശിപ്പിക്കുന്നതില്‍ സരിന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സരിന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് ജയിച്ചു കയറി വരണമെന്ന് വ്യക്തിപരമായി ആഗ്രഹമുള്ള വ്യക്തി കൂടിയാണ് ഞാന്‍.

എന്നിരുന്നാലും ഇന്നത്തെ പത്ര സമ്മേളനം വേണ്ടായിരുന്നു. എന്തിനായിരുന്നു ഇന്നത്തെ വാര്‍ത്താ സമ്മേളനം ? ഇന്ന് പൊതുജനത്തെ അറിയിക്കേണ്ട എന്ത് കാര്യമുണ്ടായിരുന്നു ? എന്ത് അനിവാര്യതയുണ്ടായിരുന്നു. കേരളത്തിലെ ഏതു പാര്‍ട്ടി നേതാവിന്റേയും മുറിയില്‍ ഏതു സമയവും തട്ടാതെയും മുട്ടാതെയും മുന്‍കൂര്‍ അനുമതി പോലുമെടുക്കാതെ കയറിചെന്ന് കാതില്‍ രഹസ്യമായിട്ടോ ഹൈ ഡെസിബെല്‍ ശബ്ദത്തിലോ പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്ന വ്യക്തി എന്തിന് ഇന്ന് മാധ്യമ സമ്മേളനം വിളിച്ചു . ഇനി പാര്‍ട്ടി ഘടകങ്ങളില്‍ തൊണ്ട പൊട്ടി പറഞ്ഞാല്‍ മതിയായിരുന്നല്ലോ. നേതാക്കളും അണികളും സാധാരണ പ്രവര്‍ത്തകരും അങ്ങയെ ശ്രദ്ധിക്കില്ലേ ...? പരിണാമങ്ങളും പരിവര്‍ത്തനങ്ങളും നമുക്ക് നടപ്പില്‍ വരുത്തിക്കൂടേ ?

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 2016 നു ശേഷമാണ് സരിന്‍ കോണ്‍ഗ്രസ് പാര്‍ട്ടി യിലേക്ക് വരുന്നത് . അങ്ങനെ വന്നൊരു വ്യക്തിക്ക് 2021 ല്‍ പാര്‍ട്ടി സീറ്റ് തന്നില്ലേ ? അന്ന് അവിടെ അനിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ലേ ? അര്‍ഹരായ പലരേയും മാറ്റി നിര്‍ത്തി അവരുടെ ദീര്‍ഘകാല പാര്‍ട്ടി പ്രവര്‍ത്തനം മറന്ന് പാര്‍ട്ടിയില്‍ ജൂനിയര്‍ ലാറ്ററല്‍ എന്‍ട്രി വിഭാഗക്കാരനായ അങ്ങേക്ക് ഈ പാര്‍ട്ടി സീറ്റ് തന്നില്ലേ ..? ആരെങ്കിലും ഒരു ചെറു പ്രതിഷേധമെങ്കിലും നടത്തിയോ ? പത്ര സമ്മേളനം നടത്തിയോ ? അതാണ് പാര്‍ട്ടി അച്ചടക്കം .. പാര്‍ട്ടിക്കൂറ് .. പാര്‍ട്ടി വിധേയത്വം.

ചിന്തിക്കുക എരിവെയിലെത്തും പൊരിവെയിലെത്തും മഴയത്തും തെരുവില്‍ ചോര ചീറ്റി ജലപീരങ്കികളയും ലാത്തി ചാര്‍ജുകളേയും അതേ തുടര്‍ന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങളും പേറി പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ് ഈ പാര്‍ട്ടി . അവര്‍ക്ക് ഈ പാര്‍ട്ടി എന്താണ് തിരികെ നല്കിയത് ? അന്വേഷിച്ചിട്ടുണ്ടോ ? എന്നിട്ടും അവര്‍ പാര്‍ട്ടിക്കായി പോരാടുന്നു ..

പിന്നെ ഈ പാര്‍ട്ടിയെന്നാല്‍ ലുലു ഹെപ്പര്‍ മാര്‍ക്കറ്റല്ല . പൊടുന്നനെ ഒരു ദിവസം ഒരു വശത്തോടെ ബാസ്‌ക്കറ്റുമായി കയറി എം എല്‍ എ, എം പി സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും എടുത്തിട്ട് മറുവശത്തോടെ പുറത്തിറങ്ങാന്‍ . ... ഇന്ന് പാര്‍ട്ടിയെ നവീകരിക്കാനാണ് സമ്മേളനം നടത്തിയത് എന്ന് വിശ്വസിക്കാന്‍ എന്റെ ഒരു പഴയ കെ എസ് യു കാരന്റെ ബുദ്ധിയില്‍ ചിന്തിച്ചിട്ട് തോന്നുന്നില്ല . പരീക്ഷ എഴുതാന്‍ തയ്യാറായി നില്കുന്ന കുട്ടിയോടു സിലബസ്സ് മോശമെന്നും, പഠന പ്രക്രിയ മോശമെന്നും, ചില അധ്യായങ്ങള്‍ ഇങ്ങനെയല്ല പഠിക്കേണ്ടതെന്നും പറയുന്നതു പോലെയായിരുന്നു ഇന്നത്തെ വാര്‍ത്താ സമ്മേളനം.

മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പാലക്കാട് സീറ്റില്‍ രാഹുല്‍ വന്നതിലുള്ള പ്രതിഷേധമെന്നാണ് , അതിനു പുറമെ താങ്കളുടെ നഷ്ടബോധം വിഷമം എന്നിങ്ങനെ മാത്രമേ പൊതു സമൂഹം ചിന്തിക്കുകയുള്ളു . മാധ്യമങ്ങള്‍ വിഭിന്നതലത്തില്‍ വാര്‍ത്ത നല്കി . ഇടതു സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ചൊടിപ്പിച്ച് നടപടി ഇരന്നു വാങ്ങുന്നു എന്നു പോലും പലരും എഴുതി കണ്ടു . സത്യം നിങ്ങള്‍ക്കേ അറിയു ... നിങ്ങളാണ് വ്യക്തത വരുത്തേണ്ടത്.

സരിനെ നിങ്ങളെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണം .... നിങ്ങളുടെ ഭാവി കോണ്‍ഗ്രസ്സിലാണ് ... കോണ്‍ഗ്രസ്സിന്റെ ഭാവി നിങ്ങളും കൂടി ചേരുന്നതാണ് ... കാവിയും ചുവപ്പും മാച്ച് നമുക്ക് ത്രിവര്‍ണ്ണമുള്ള ആകാശമൊരുക്കാം ...ജയ് ഹിന്ദ് ജയ് കോണ്‍ഗ്രസ്സ് ... സ്‌നേഹത്തോടെ ബഹുമാനത്തോടെ

പ്രവീണ്‍സാകല്യ

Full View


Tags:    

Similar News