പിണറായിക്ക് മൂന്നാമൂഴം ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം വേണം; യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്താനും വിജയം അനിവാര്യം; ബിജെപിയിലെ പുതിയ നേതൃത്വവും ഒരുങ്ങി ഇറങ്ങുന്നത് കേരളം പിടിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഉയര്‍ത്താന്‍; തദ്ദേശ തിരഞ്ഞെടുപ്പിനെ മുന്നണികള്‍ നോക്കിക്കാണുന്നത് ഇങ്ങനെ
പിണറായിക്ക് മൂന്നാമൂഴം ഉറപ്പിക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം വേണം
തിരുവനന്തപുരം: കേരളത്തിലെ ഏറ്റഴും വലിയ ജനാധിപത്യ ഉത്സവമാണ് തദ്ദേശതിരിഞ്ഞെടുപ്പ്. പാര്‍ട്ടികളുടെ അടിത്തട്ടിലെ പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണിണ്. തദ്ദേശ സ്വയംഭരണ രംഗത്ത് കേരളം ലോകത്തിന് തീര്‍ത്ത മാതൃകയുടെ വിജയം ഈ തദ്ദേശ പോരാട്ടങ്ങളാണ്. ഇക്കുറിയും സംസ്ഥാനത്ത് മുന്നണികള്‍ തമ്മില്‍ പോരാട്ടം കടുക്കും. മുന്‍കാലങ്ങളില്‍ യുഡിഎഫ്- എല്‍ഡിഎഫ് എന്നതായിരുന്നു സംസ്ഥാനത്തെ സമവാക്യമെങ്കില്‍ ഇപ്പോള്‍ കേന്ദ്രഭരണത്തിന്റെ ബലത്തില്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്. വ്യവസായി സാബു ജേക്കബ് നേതൃത്വം കൊടുക്കുന്ന ട്വന്റി 20ും മുന്നണികള്‍ക്ക് വെല്ലുവിളിയായി രംഗത്തുണ്ട്. ഇക്കുറി കിഴക്കമ്പലത്തെ പരീക്ഷണം മറ്റിടങ്ങളിലേക്ക് പയാറ്റാനാണ് സാബുവും കൂട്ടരും ഒരുങ്ങുന്നത്.
പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ട് എന്ന് പറയുന്നത് പോലെയാണ് ഈ തിരഞ്ഞെടുപ്പിലെ വിജയം ഓരോ മുന്നണികള്‍ക്കും നിര്‍ണായകമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ സെമിഫൈനലാണ് ഇത്. അതുകൊണ്ട് തന്നെ പിണറായിക്ക് ഭരണത്തില്‍ മൂന്നാമൂഴം ഉറപ്പിക്കുമെന്ന പ്രചരണം ശക്തമാക്കാന്‍ എല്‍ഡിഎഫിന് തദ്ദേശത്തില്‍ മിന്നുന്ന വിജയം അനിവാര്യമാണ്. അതേസമയം തന്നെ യുഡിഎഫിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം ഉയര്‍ത്താനും വിജയം അനിവാര്യമാണ്. യുഡിഎഫിന് സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന വിശ്വാസം വരണമെങ്കില്‍ വിജയം അനിവാര്യമാണെന്നാണ് നേതാക്കള്‍ കരുന്നത്.
അതേസമയം ബിജെപിക്കും ഇക്കുറി കരുത്തുകാട്ടേണ്ടത് അനിവാര്യമാണ്. ബിജെപിയിലെ പുതിയ നേതൃത്വവും ഒരുങ്ങി ഇറങ്ങുന്നത് കേരളം പിടിക്കാന്‍ ബിജെപിക്ക് കഴിയുമെന്ന ആത്മവിശ്വാസം ഉയര്‍ത്താന്‍ വേണ്ടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ബിജെപിക്ക് ഇക്കുറി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കുക അടക്കമുള്ള ലക്ഷ്യങ്ങളുമുണ്ട്. ഈ തെരഞ്ഞെടുപ്പിലെ പരീക്ഷണങ്ങല്‍ വിജയം കണ്ടാല്‍ അത് നിയമസഭയിലും അവര്‍ക്ക് ആത്മവിശ്വാസം ഉയര്‍ത്തുന്നതാകും.
അടുത്ത മാസം 9,11 തീയ്യതികളിലാണ് തെരഞ്ഞടുപ്പ് തീയ്യതി. പ്രഖ്യാപനം വന്നതോടെ നേതാക്കളും ആത്മവിശ്വാസം പ്രകടിക്കുന്നുണ്ട്. തദ്ദശ തെരഞ്ഞെടുപ്പിനായുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍. ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. അഴിമതി രഹിത ഭരണം ബിജെപി കൊണ്ടുവരും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതുവരെ പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ ബിജെപി പരിഹരിച്ചിരിക്കും. അതിന് കഴിവുള്ള പാര്‍ട്ടിയാണ് എന്‍ഡിഎ. രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ലഭിച്ച അവസരമാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യ ജനാധിപത്യമുന്നണിയും ഒരുങ്ങിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. മഹാഭൂരിപക്ഷം സീറ്റുകളിലും ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇതിനായി മിഷന്‍ 2025 എന്ന പ്രവര്‍ത്തന പരിപാടിക്ക് നേരത്തെ രൂപം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും കൃത്യമായി നടത്തി. ബൂത്ത് കമ്മിറ്റി രൂപീകരണങ്ങള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളെ കഴുത്ത് ഞെരിച്ചു ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ പഞ്ചായത്തുകള്‍ക്കും അനുവദിക്കേണ്ട വികസന ഫണ്ട് അനുവദിച്ചില്ല. ഞങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വികസന രേഖകള്‍ വച്ചിട്ടുണ്ട്. വിജയപ്രതീക്ഷ മാത്രമാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ചു. നല്ല സ്ഥാനാര്‍ഥികളെയാണ് കണ്ടെത്തിയത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ വാര്‍ഡ് കമ്മിറ്റികളാണ് കണ്ടെത്തിയത്. ഐക്യത്തോടെ കെട്ടുറപ്പോടെയും പ്രവര്‍ത്തിക്കും, സണ്ണി ജോസഫ്.
യുഡിഎഫ് പൂര്‍ണ വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. തീരുമാനങ്ങള്‍ കാലേകൂട്ടി നിറവേറ്റാന്‍ സാധിച്ചു. ഇടതുപക്ഷത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തികൊണ്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വരും തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ചിത്രം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 22 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ 49 സീറ്റുകളില്‍ ഘടകകക്ഷികളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. 50 വര്‍ഷത്തെ അഴിമതി ഭരണത്തെ ഇല്ലാതാക്കാനും കോഴിക്കോടിന്റെ പ്രതാപം വീണ്ടെടുക്കാനും ജനങ്ങള്‍ തീരുമാനിക്കും. യുഡിഎഫ് തിരിച്ചു വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള എല്ലാ ജില്ലകളിലെയും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു. ഞങ്ങളെ സംബന്ധിച്ച് പ്രശ്‌നങ്ങളില്ല. കണ്ണൂരാണ് പിടിക്കേണ്ടത് അതിനു വേണ്ടിയുള്ള നല്ല ശ്രമം നടത്തുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി പൂര്‍ണമായി തയ്യാറാണെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണ്. ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഉണ്ടായത് ഏറ്റവും മികച്ച ഭരണമാണെന്നും പി. രാജീവ്. എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരം നേടിയ ഭരണമാണ് അവിടെയുണ്ടായത്. ഭരണ തുടര്‍ച്ച ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ മുന്നേറ്റം ഉണ്ടാക്കുമെന്നും പി. രാജീവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നടക്കില്ല എന്ന് വിചാരിച്ച പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. എല്ലാവര്‍ക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. സിപിഐയുമായി തര്‍ക്കങ്ങള്‍ ഇല്ല. നല്ല ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. ജയിച്ചു വരുന്നവരില്‍ ഏറ്റവും മികച്ച ആളെ തന്നെ മേയറാക്കുമന്നും പി. രാജീവ് വ്യക്തമാക്കി.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ ആണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
