ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ യുദ്ധമോഹമോ? രണ്ടാം ലോക മഹായുദ്ധം തുടങ്ങാന്‍ പ്രേരകമായ പോളണ്ട് ആക്രമണം പോലെ ഒന്ന് പ്രതീക്ഷിക്കുന്നുവോ? ജപ്പാനെയും അമേരിക്കയെയും ശത്രു രാജ്യങ്ങളായി പ്രഖ്യാപിച്ചുള്ള ചൈനീസ് നീക്കത്തില്‍ സംശയിച്ച് ലോകം; തായ്വാന്‍ അധിനിവേശത്തിന് ചൈന ഒരുങ്ങുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ്
ന്യൂഡല്‍ഹി: പഹല്‍ഗാമിലെ പാക്കിസ്ഥാന്‍ ഭീകരാക്രമണത്തിന് പിന്നില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണയുണ്ടോ? ഉണ്ടെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിക്കാനുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന വിലയിരുത്തല്‍. പാക്കിസ്ഥാന് പിന്നില്‍ ചൈനീസ് പന്തുണയുണ്ടെന്ന വാദം ശക്തമാകുകയാണ്. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ യുദ്ധമോഹാണെന്ന ചര്‍ച്ചയാണ് സജീവമാകുന്നത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങാന്‍ പ്രേരകമായ പോളണ്ട് ആക്രമണം പോലെ ഒന്ന് പ്രതീക്ഷിക്കണമെന്ന വിലയിരുത്തല്‍ പശ്ചാത്യ രാജ്യങ്ങളിലും സജീവമാണ്. ജപ്പാനെയും അമേരിക്കയെയും ശത്രു രാജ്യങ്ങളായി പ്രഖ്യാപിച്ചുള്ള ചൈനീസ് നീക്കത്തില്‍ പലവിധ സംശയങ്ങളുമുണ്ട്. തായ്വാന്‍ അധിനിവേശത്തിന് ചൈന ഒരുങ്ങുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പഹല്‍ഗാമിലെ കൂട്ടക്കുരുതിയ്ക്ക് മാനങ്ങള്‍ ഏറെയാണെന്നാണ് വിലയിരുത്തല്‍. അമേരിക്കയേയും ജപ്പാനേയും ശത്രുക്കളായി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ട് രാജ്യങ്ങളുമായി ഇന്ന് നല്ല ബന്ധത്തിലാണ് ഇന്ത്യ. ഈ സാഹചര്യത്തിലാണോ പഹല്‍ഗാമിലെ ആക്രമണമെന്ന സംശയമുണ്ട്.
1939 സപ്തംബര്‍ ഒന്നിന് ജര്‍മ്മനിയുടെ പോളണ്ട് ആക്രമണത്തോടെയാണ് രണ്ടാംലോകമഹായുദ്ധത്തിന് തിരശീലയുയര്‍ന്നത്. സപ്തംബര്‍ മൂന്നിന് ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ തുടങ്ങിയവ ചേര്‍ന്ന സഖ്യം അച്ചുതണ്ട് ശക്തികള്‍ എന്നറിയപ്പെട്ടു. 1941ല്‍ റഷ്യയും പേള്‍ബാര്‍ബര്‍ ആക്രമണത്തെ തുടര്‍ന്ന് യുഎസും സഖ്യകക്ഷികള്‍ക്കൊപ്പം ചേര്‍ന്നു. ആരംഭത്തില്‍ വിജയങ്ങള്‍ നേടിയ ജര്‍മ്മന്‍പക്ഷം 1942 ആയതോടെ പരാജയപ്പെട്ടു തുടങ്ങി. 1943ല്‍ ഇറ്റലി കീഴടങ്ങി. 1945 ഏപ്രില്‍ 28ന് മുസോളിനി കൊല്ലപ്പെട്ടു. ഏപ്രില്‍ 30ന് ഹിറ്റ്ലര്‍ സ്വയം ജീവനൊടുക്കി. ആഗസ്റ്റില്‍ അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചു. സപ്തംബര്‍ രണ്ടിന് ജപ്പാനും കീഴടങ്ങിയതോടെ രണ്ടാംലോകമഹായുദ്ധത്തിന് തിരശീല വീണു. ഇതാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ ലഘു ചരിത്രം. സമാന രീതിയില്‍ ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ട് തെക്കനേഷ്യയില്‍ കാര്യങ്ങള്‍ വഷളാക്കുമ്പോള്‍ തായ് വാനിലേക്ക് ഇരച്ചു കയറാന്‍ ചൈന ആഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ അതൊരു ലോക മഹായുദ്ധമായി മാറും. വ്യാപരാ ചുങ്കത്തിലെ ചര്‍ച്ചകളും പ്രതിസന്ധികളുമെല്ലാം അമേരിക്കയും ചൈനയും തമ്മിലെ ബന്ധം വഷളാക്കിയിട്ടുണ്ട്. ഇതിനൊപ്പം തായ് വാന്‍ പ്രതിസന്ധിയും കൂടുതല്‍ ശക്തമാകുകയാണ്. അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകളെ 'ശത്രു കപ്പലുകള്‍' എന്ന് വിളിച്ച് ചൈന കൂടുതല്‍ പ്രകോപനത്തിന് ശ്രമിക്കുന്നുമുണ്ട്.
ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ചൈന രംഗത്തു വന്നിരുന്നു. ഇന്ത്യ നേരിടേണ്ടി വന്ന ദുരന്തത്തില്‍ ഏറ്റവും ആത്മാര്‍ഥമായി സഹതപിക്കുന്നതായി ചൈനയുടെ വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയോര്‍ത്ത് വ്യസനിക്കുന്നതായും കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളോട് ആത്മാര്‍ഥമായ അനുതാപം പ്രകടിപ്പിക്കുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. ആക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണസംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ ചൈന ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചതായും ക്രൂരമായ ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. അപ്പോഴും പാക്കിസ്ഥാനെതിരെ ചൈന ഒന്നും പറയുന്നില്ല. പാക്കിസ്ഥാനും കൂടുതല്‍ പ്രകോപനത്തിനാണ് ശ്രമിക്കുന്നത്. ആണവ യുദ്ധ ഭീഷണി പോലും ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നു. ഇതിനെല്ലാം പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്നാണ് അമേരിക്ക അടക്കം വിലയിരുത്തുന്നത്. ചൈനയുടെ രഹസ്യ പിന്തുണയില്‍ ഏഷ്യയെ സംഘര്‍ഷത്തിലേക്ക് കൊണ്ടു പോകാനും അതു വഴിയ തായ് വാനിലേക്കുള്ള ചൈനയുടെ കടന്നു കയറ്റത്തിന് അവസരമുണ്ടാക്കുകയുമാണ് ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.
തായ്വാനിന്റെ കടലിന് സമീപത്തുകൂടി ക്രൂയിസ് കപ്പല്‍ അയച്ച് ചൈന പ്രകോപന സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. ഹെങ്ചുന്‍ ഉപദ്വീപില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ (3.7 കിലോമീറ്റര്‍) അകലെയായാണ് ചൈനയുടെ ക്രൂയിസ് കപ്പല്‍ സഞ്ചരിച്ചത്. ഇത് ചൈനയുടെ ഗ്രേ സോണ്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് തായ്വാന്‍ പ്രതികരിച്ചു. സംഭവം അധികാരികളിലും രാഷ്ട്രീയ നിരീക്ഷകരിലും ആശങ്ക ഉളവാക്കിയിട്ടുണ്ടെന്ന് തായ്പേയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1,800 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാവുന്ന, ബെര്‍മുഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രൂയിസ് കപ്പലായ ഗുലാങ്യു ആണ് തായ്വാന്‍ കടലിന് സമീപം കണ്ടത്. പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഒരു ബറ്റാലിയന്‍ സൈനിക യൂണിറ്റിന് തുല്യമായ ആളുകളെ കപ്പലില്‍ കയറ്റാനാകുമെന്നും തായ്വാന്‍ എഡിഇസെഡ് ചൂണ്ടിക്കാട്ടി. ഇതിനൊപ്പം നിരവധി യുദ്ധക്കപ്പലുകളും തായ് വാനെ ലക്ഷ്യമിട്ട് ചൈന ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കാലങ്ങളായി തായ് വാന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന അമേരിക്കയെ അവഗണിച്ചുകൊണ്ട് അമേരിക്കയ്ക്കും തായ് വാനും ഭീഷണി ഉയര്‍ത്തി തങ്ങളുടെ സൈനിക അഭ്യാസ പ്രകടനങ്ങള്‍ ചൈന പലപ്പോഴും നടത്തുന്നുമുണ്ട്. യു.എസും ചൈനയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് തായ്വാന്‍. സ്വയംഭരണാധികാരമുള്ള ദ്വീപായ തായ്വാനെ സ്വന്തം ഭാഗമായി ചൈന കാണുന്നു. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചെടുക്കാന്‍ മടിയില്ലെന്നാണ് ചൈനീസ് നിലപാട്. സ്വാതന്ത്ര്യത്തിനായി തായ്വാനീസ് നേതാക്കള്‍ ശബ്ദമുയര്‍ത്തിയാല്‍ തായ്വാന് ചുറ്റും കടലിലും ആകാശത്തും സൈനികാഭ്യാസം നടത്തി വിരട്ടുന്നതും ചൈനയുടെ പതിവാണ്.
തായ്വാനില്‍ യു.എസിന്റെ തലയിടല്‍ ചൈനയ്ക്ക് ഇഷ്ടമല്ല. നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും യു.എസ് തായ്വാന് പിന്തുണ നല്‍കുന്നതിനെതിരെ ചൈന മുന്നറിയിപ്പ് നല്‍കുന്നു. യു.എസിന് നേട്ടമുണ്ടാക്കുന്ന നയങ്ങള്‍ക്ക് മാത്രമാണ് ട്രംപ് ഊന്നല്‍ നല്‍കുക. ട്രംപ് വിദേശ സഹായങ്ങള്‍ വെട്ടിക്കുറച്ചതും യുക്രെയിന്‍ യുദ്ധത്തില്‍ റഷ്യയോട് ചായുന്നതും ഗാസയെ ഏറ്റെടുക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചതുമൊക്കെ തായ്വാന് ആശങ്കയാണ്. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്തുണ തേടിയിരുന്നു. വിവിധ രാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയത്തില്‍ ക്ഷണിച്ചു വരുത്തി വിശദീകരണം നല്‍കുകയും ചെയ്തു. പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം വെട്ടിക്കുറച്ച ഇന്ത്യ, ഡല്‍ഹിയിലെ പാക്ക് എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചു വരുത്തി പ്രതിരോധ ഉപദേശകരുടെ അംഗീകാരം റദ്ദാക്കിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട കേന്ദ്ര കാബിനറ്റ് സമിതിയാണു ബുധനാഴ്ച നയതന്ത്രബന്ധം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തത്. ഇതിനു പിന്നാലെയാണു പാക്ക് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ രേഖാമൂലം അറിയിച്ചത്. തുടര്‍ന്നു യുഎസ്, യുകെ, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളെ സൗത്ത് ബ്ലോക്കിലേക്ക് ക്ഷണിച്ചു വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു. സാധാരണക്കാരായ മനുഷ്യര്‍ക്കു നേരെയുണ്ടായ ഏറ്റവും ക്രൂരമായ ആക്രമണത്തില്‍ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭീകരത ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനയെ അടക്കം അറിയിച്ചിട്ടുണ്ട്.
ഒമാന്‍, യുഎഇ, ഖത്തര്‍, നോര്‍വെ, ഇറ്റലി, ഇന്തൊനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും എത്തിയിരുന്നു. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെ പ്രതിരോധിച്ചു പാക്കിസ്ഥാനും രംഗത്തെത്തിയതോടെയാണു കേന്ദ്രസര്‍ക്കാര്‍ മറ്റു രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കം ആരംഭിച്ചത്. ഇറ്റലി, ഫ്രാന്‍സ്, ഇസ്രയേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ തലവന്‍മാര്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ആക്രമണത്തില്‍ അനുശോചനം അറിയിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ കൂടുകയാണ്. ഇതിനിടെയിലും പാക്ക് മനസ്സില്‍ എന്തെന്ന് ആര്‍ക്കും വ്യക്തത വന്നിട്ടില്ല. തെക്കനേഷ്യയിലെ ഈ സംഘര്‍ഷ സാഹചര്യം ചൈന മുതലെടുക്കുമെന്ന ആശങ്കയാണ് പൊതുവേ ഉയരുന്നത്.