കത്തിചാമ്പലായത് ആണവായുധ കേന്ദ്രമോ? ഇന്ത്യയുടെ തിരിച്ചടിയുടെ കാഠിന്യം തിരിച്ചറിഞ്ഞ് ട്രംപും വാന്‍സും ഇടപെട്ടത് അതിവേഗതയില്‍; പാക്ക് തര്‍ക്കത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കാത്തത് കാശ്മീര്‍ വിഷയത്തില്‍ മാത്രം; ലോക ബാങ്ക് മധ്യസ്ഥതയിലെ സിന്ധു നദീജല കരാര്‍ 'തേര്‍ഡ് പാര്‍ട്ടി'യ്ക്ക് തെളിവ്; 'മോദിസം' കണ്ട് 'ട്രംപിസം' ഭയന്നുവോ? വെടിനിര്‍ത്തലില്‍ സംഭവിച്ചത്
വാഷിങ്ടണ്‍: ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തലിലേക്ക് നയിച്ച ഇടപെടലുകള്‍ തങ്ങളാണ് നടത്തിയെന്ന് അവകാശപ്പെട്ട് വീണ്ടും യുഎസ് അധികൃതര്‍ രംഗത്തു വരുമ്പോള്‍ തെളിയുന്നത് മൂന്നാം കക്ഷി ഇടപെടല്‍. ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് യുഎസിന് ആശങ്കാജനകമായ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രംപ് ഭരണകൂടം വേഗത്തിലുള്ള ഇടപെടലുകള്‍ നടത്തിയതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ട്. വെടി നിര്‍ത്തലിലേക്ക് നയിച്ചത് തങ്ങളാണെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ ധാരണ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടാണ് ഉണ്ടാക്കിയതെന്ന് യുഎസ് ഭരണകൂടം സമ്മതിക്കുന്നുണ്ട്. ഇതിനിടെ ഇതിന് പിന്നിലേക്ക് വഴിയൊരുക്കിയതിന്റെ വിവരങ്ങളും പുറത്തു വരുന്നുണ്ട്. കാശ്മീര്‍ പ്രശ്‌നത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. മുമ്പും ഇതിന് പുറത്തുള്ള വിഷയങ്ങളില്‍ മൂന്നാം കക്ഷി ഇടപെട്ടിട്ടുണ്ട്. ലോക ബാങ്കിന്റെ സാന്നിധ്യത്തിലാണ് സിന്ധു നദീ ജല കരാര്‍ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട തിരിച്ചടിയില്‍ അമേരിക്ക ഇടപെട്ടതില്‍ അസ്വാഭാവികത ഇന്ത്യ കാണുന്നില്ലെന്നതാണ് വസ്തുത. എന്തുകൊണ്ടാണ് അമേരിക്ക ഇടപെട്ടതെന്നും മനസ്സിലാക്കിയിട്ടുണ്ട് ഇന്ത്യ. എന്നാല്‍ അമേരിക്കയുടെ ഭീതി അനാവശ്യമാണെന്നതാണ് ഇന്ത്യയുടെ നിലപാട്.
'യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് എന്നിവരുള്‍പ്പെടെയുള്ള യുഎസ്സിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പ്രധാന സംഘം, ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെ വെള്ളിയാഴ്ച രാവിലെ യുഎസിന് ആശങ്കാജനകമായ രഹസ്യവിവരം ലഭിച്ചു. അതിന്റെ ഗൗരവമാണ് വേഗത്തിലും ഫലപ്രദവുമായ ഇടപെടല്‍ നടത്താന്‍ യുഎസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്. അതേസമയം ഇവരുടെ ഇടപെടലില്‍ നിര്‍ണായകമായ ആ രഹസ്യ വിവരങ്ങള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു- സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ണായകമായ രഹസ്യ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിക്കുകയും ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായും പറയുന്നു. പാക്കിസ്ഥാനില്‍ സൈനിക നേതൃത്വത്തിന് മേല്‍ സര്‍ക്കാരിന് സ്വാധീനമില്ല. ഇന്ത്യന്‍ തിരിച്ചടി അതിഭയാനകവുമായിരുന്നു. ഇതോടെ പാക്കിസ്ഥാനെ നയിക്കുന്ന ഭീകര നേതൃത്വം ആശങ്കയിലായി. അതിനിടെ പാക്കിസ്ഥാന്റെ ആണവ ശേഖരം ഇന്ത്യ തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. വികരണ പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പാക്കിസ്ഥാനിലെത്തിയെന്നും സൂചനയുണ്ട്. ഇതിനൊപ്പം പ്രധാനമന്ത്രിയ്ക്ക് സ്വാധീനമില്ലാത്ത പാക്ക് സൈന്യം ആണവായുധം പ്രയോഗിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ടായി എന്നും സൂചനകളുണ്ട്. റാവല്‍പ്പിണ്ടിയില്‍ ഇന്ത്യന്‍ ആക്രമണം തകര്‍ത്തത് തന്ത്രപ്രധാന കേന്ദ്രമാണെന്നാണ് പുറത്തു വരുന്ന വിവരം. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ആരും പുറത്തു പറയുന്നില്ല.
ഈ വിവരം കിട്ടിയതോടെയാണ് അമേരിക്കന്‍ ഭരണ നേതൃത്വം വിഷയത്തില്‍ ഇടപെട്ടത് എന്നാണ് സൂചന. വെടിനിര്‍ത്തലില്‍ എങ്ങനെ എത്തിച്ചേരാം എന്നതിനെക്കുറിച്ചുള്ള പൊതുവായ ധാരണയാണ് അമേരിക്ക ഉണ്ടാക്കാന്‍ ശ്രമിച്ചത്. വാന്‍സിന്റെ മോദിയുമായുള്ള ഫോണ്‍ സംഭാഷണം ഇതില്‍ നിര്‍ണായകമായെന്നും യുഎസ് കണക്കാക്കുന്നു. വാന്‍സ് കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു, മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആ സംഭാഷണത്തില്‍ സഹായകരമായെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഈ സമയത്താണ് പഹല്‍ഗാമിലെ ആക്രമണവും ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വാന്‍സ് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചതെന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷം നാടകീയമായ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമെന്ന് വൈറ്റ്ഹൗസ് വിശ്വസിക്കുന്നതായി വാന്‍സ് പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും പാകിസ്ഥാനുമായി നേരിട്ട് ആശയവിനിമയം നടത്താനും സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ പരിഗണിക്കാനും പ്രേരിപ്പിച്ചതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാന്‍സിന്റെ ഇടപെടല്‍വരെ ഇന്ത്യയും പാക്കിസ്ഥാന്‍ തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്. ചര്‍ച്ചകളുടെ ഭാഗമായി റൂബിയോ ഉള്‍പ്പെടെയുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ രാത്രി മുഴുവന്‍ ഇന്ത്യയിലെയും പാക്കിസ്ഥാനിലേയും ഉന്നത നേതൃത്വങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.
കത്തിചാമ്പലായത് ആണവായുധ കേന്ദ്രമോ എന്ന ചോദ്യത്തിന് ഇതുവരെ പാക്കിസ്ഥാന്‍ മറുപടി പറയുന്നില്ല. ഇന്ത്യയിലെ 26 കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന അവകാശ വാദം പാക്കിസ്ഥാന്‍ നടത്തുന്നു. എന്നാല്‍ ഇതെല്ലാം ഇന്ത്യ പരസ്യമായി നിഷേധിച്ചു. ഇന്ത്യന്‍ സൈനിക താവളങ്ങളുടെ ഫോട്ടോയും പുറത്തു വിട്ടു. ആക്രമണത്തിന് മുമ്പും പിമ്പുമുള്ള ദൃശ്യങ്ങളില്‍ എല്ലാം വ്യക്തവുമാണ്. എന്നാല്‍ ഇന്ത്യയുടെ തിരിച്ചടിയെ നിഷേധിക്കാന്‍ പോലും പാക്കിസ്ഥാന് കഴിയുന്നില്ല. പാക്കിസ്ഥാനില്‍ നിന്ന് വിളി വന്നതു കൊണ്ടാണ് ഇന്ത്യ വഴങ്ങിയതെന്ന വെളിപ്പെടുത്തലും പാക്കിസ്ഥാന് നിഷേധിക്കാന്‍ കഴിയുന്നതല്ല. അതിനിടെയാണ് ഇന്ത്യയുടെ തിരിച്ചടിയുടെ കാഠിന്യം തിരിച്ചറിഞ്ഞ് ട്രംപും വാന്‍സും ഇടപെട്ടത് അതിവേഗതയില്‍ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പാക്ക് തര്‍ക്കത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ ഇന്ത്യ അനുവദിക്കാത്തത് കാശ്മീര്‍ വിഷയത്തില്‍ മാത്രമെന്ന സന്ദേശവും ഇതോടെ ശക്തമാകുന്നുണ്ട്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാക്കിസ്ഥാനിലുള്ള ഭീകരരെ വിട്ടു കിട്ടുന്നതില്‍ പോലും അമേരിക്കന്‍ സഹായം ഇന്ത്യ സ്വീകരിക്കാന്‍ ഇടയുണ്ട്. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനാണ് ഇന്ത്യയുടെ തീരുമാനം. ലോക ബാങ്ക് മധ്യസ്ഥതയിലെ സിന്ധു നദീദല കരാര്‍ 'തേര്‍ഡ് പാര്‍ട്ടി'യ്ക്ക് തെളിവായി വിദേശകാര്യ വിദഗ്ധരും ചൂണ്ടി കാണിക്കുന്നുണ്ട്.
യുദ്ധസമാനമായിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ നീക്കങ്ങളില്‍ നിര്‍ണായകമായത് യൂണിയന്‍ വാര്‍ ബുക്ക് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സായുധ പോരാട്ടമുണ്ടായാല്‍ സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങളുടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും എങ്ങനെയായിരിക്കണമെന്നതില്‍ രാജ്യത്തുടനീളമുള്ള പ്രധാന ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ സ്വഭാവമുള്ള വാര്‍ ബുക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പാകിസ്താനെതിരായ ഇന്ത്യന്‍ നീക്കങ്ങളില്‍ വാര്‍ ബുക്ക് ഒരു പ്രധാന രൂപരേഖയായി പ്രവര്‍ത്തിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200ലധികം പേജുകളുള്ള നീല നിറത്തിലുള്ള വാര്‍ബുക്ക് അതീവ രഹസ്യസ്വഭാവമുള്ളതാണ്. അഗ്‌നിശമന പരിശീലനങ്ങള്‍ മുതല്‍ ഒഴിപ്പിക്കലുകളും സൈറണുകളും വരെ, ഈ പുസ്തകമാണ് അടിയന്തര സാഹചര്യങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളും നിര്‍ദ്ദേശിക്കുന്നത്. ഒരു യുദ്ധമുണ്ടായാല്‍ പ്രധാന ഉദ്യോഗസ്ഥരില്‍ ഓരോരുത്തരും എന്തുചെയ്യണമെന്ന് വാര്‍ ബുക്കില്‍ വ്യക്തമാക്കുന്നു. ഒരുതരത്തിലുള്ള ആശയക്കുഴപ്പവും ഉണ്ടാകാതെ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ എല്ലാവര്‍ക്കും വ്യക്തമായ ധാരണ ലഭിക്കുന്നു. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ ഒരു പ്രധാന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. എല്ലാ സംസ്ഥാനങ്ങളും ഇതില്‍ നടപടികള്‍ എടുത്തിരുന്നു.
ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിരോധ നടപടി പ്രഖ്യാപിച്ച് മൂന്ന് ദിവസം കൊണ്ട് പാക്കിസ്ഥാന് നഷ്ടമായത് 35 മുതല്‍ 40 വരെ സൈനികരുടെ ജീവനാണ്. വായുവിലൂടെയുള്ള ആക്രമണം ഫലപ്രദമായി തടുക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, പാക്കിസ്ഥാന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇന്ത്യന്‍ മേഖലയില്‍ കടക്കാതിരിക്കാന്‍ ഇന്ത്യ വ്യോമതാവളങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന വ്യോമതാവളമായ സര്‍ഗോദ എയര്‍ബേസിനെ ഇന്ത്യ തകര്‍ത്തു.