ഉമ്മന്‍ചാണ്ടി വളര്‍ത്തിയെടുത്ത യുവനേതാക്കള്‍ പാര്‍ട്ടിയുടെ നേതൃപദവിയിലേക്ക്; പി സി വിഷ്ണുനാഥിനും ഷാഫി പറമ്പിലിനും ഒരേ പദവി നല്‍കിയത് കഠിനാധ്വാനികളെന്ന തിരിച്ചറിഞ്ഞ്; സണ്ണി ജോസഫിന് തുണയായത് കെ സുധാകരന്റെ പിന്തുണയും; കോണ്‍ഗ്രസിലെ നേതൃമാറ്റം സാമുദായിക സമവാക്യങ്ങള്‍ പാലിച്ചുള്ളത്
ഉമ്മന്‍ചാണ്ടി വളര്‍ത്തിയെടുത്ത യുവനേതാക്കള്‍ പാര്‍ട്ടിയുടെ നേതൃപദവിയിലേക്ക്
തിരുവനന്തപുരം: യുദ്ധാന്തരീക്ഷത്തില്‍ രാജ്യം കടന്നു പോകുമ്പോഴാണ് സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റം നടന്നത്. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി പകരം വിശ്വസ്തനായ സണ്ണി ജോസഫിനെ അധ്യക്ഷനാക്കി. ഇവര്‍ക്കൊപ്പം പടനയിക്കാന്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെയാണ് നിയോഗിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ ഭാവിയില്‍ നയിക്കുന്ന ടീം ആരൊക്കെയാകും എന്ന ധാരണയിലേക്കാണ് പാര്‍ട്ടി നീങ്ങിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായിരുന്ന രണ്ട് പേരാണ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. കോണ്‍ഗ്രസിന്റെ ജനകീയ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കണ്ടെടുത്ത് വളര്‍ത്തിയെടുത്ത നേതാക്കളാണ് ഇരുവരും. പി സി വിഷ്ണുനാഥ് കെഎസ്യു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഹൈബി ഈഡന്‍ പ്രസിഡന്റായി. അതിന് ശേഷം പ്രസിഡന്റായി ഷാഫി പറമ്പില്‍ എത്തി. അതേ പോലെ തന്നെ വിഷ്ണുനാഥ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞപ്പോള്‍ ഡീന്‍ കുര്യാക്കോസ് അദ്ധ്യക്ഷനായി. തുടര്‍ന്ന് ഷാഫി പറമ്പിലുമെത്തി.
ഈ സ്ഥാനങ്ങളിലേക്കെല്ലാം ഇരുവരും എത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ആശിര്‍വാദത്തോടെയായിരുന്നു. ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തില്‍ എല്ലായെപ്പോഴും ഉമ്മന്‍ ചാണ്ടി ശൈലി കാണാമായിരുന്നു. ഓരോ ഘട്ടങ്ങളിലും ഇരുവരും ഉമ്മന്‍ ചാണ്ടിയെ സ്മരിക്കാറും ഉണ്ട്. അടിത്തട്ടില്‍ സാധാരണക്കാരായ ജനങ്ങളോട് സംവദിച്ചാണ് ഇരുവരും ജനപ്രതിനിധികളായതും. കൂട്ടത്തില്‍ പരിചയസമ്പത്ത് വിഷ്ണുവിനാണ് കൂടുതലെങ്കിലും ഒരേ പവദിയിലേക്ക് ഇരുവരും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഐക്യത്തോടെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍ പുതിയ ടീമിന് സാധിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.
തന്റെ പിന്‍ഗാമിയായാണ് സണ്ണി ജോസഫ് എത്തുന്നതു കൊണ്ട് തന്നെ കെ സുധാകരനും പുതിയ തീരുമാനത്തില്‍ വലിയ അതൃപ്തിയില്ല. സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഹൈക്കമാന്‍ഡ് നേതൃതലത്തിലെ അഴിച്ചുപണികള്‍ നടത്തിയതും. ഉമ്മന്‍ ചാണ്ടി വിടവാങ്ങിയതോടെ, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ നേതാവില്ലെന്നത് പാര്‍ട്ടി നേരിടുന്ന പ്രശ്‌നമാണ്. അത് പരിഹരിക്കാന്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് ക്രിസ്ത്യന്‍ നിര്‍ബന്ധമെന്ന പരിഗണനയാണ് അഡ്വ. സണ്ണി ജോസഫിലെത്തിയത്. ആന്റോ ആന്റണി എം.പി കൂടി പരിഗണിക്കപ്പെട്ടെങ്കിലും റോമന്‍ കാത്തലിക് സഭാംഗമെന്നതും സ്ഥാനമൊഴിയുന്ന കെ. സുധാകരന്റെ പിന്തുണയും സണ്ണി ജോസഫിന് മുന്‍തൂക്കമായി.
ഈഴവ വിഭാഗത്തില്‍നിന്നുള്ള കെ. സുധാകരനെ മാറ്റിയപ്പോള്‍ ആ വിഭാഗത്തിനുള്ള പരിഗണനയാണ് അടൂര്‍ പ്രകാശിന്റെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം. എസ്.എന്‍.ഡി.പിയിലടക്കം സ്വാധീനമുള്ള കോണ്‍ഗ്രസിലെ ഈഴവ പ്രമുഖനാണ് അടൂര്‍ പ്രകാശ്. ആ ബലത്തിലാണ് ഇടതുശക്തികേന്ദ്രമായ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ടുതവണ ലോക്‌സഭയിലേക്ക് ജയിച്ചത്. കെ.പി.സി.സി അധ്യക്ഷനായി തന്നെ പരിഗണിക്കപ്പെട്ട അടൂര്‍ പ്രകാശ് അവിടെ ക്രിസ്ത്യന്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് യു.ഡി.എഫ് നേതൃത്വത്തിലേക്ക് മാറേണ്ടിവന്നത്.
എം.എം. ഹസന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നുള്ള മാറ്റം പ്രതീക്ഷിച്ചതാണ്. അഴിച്ചുപണി മൊത്തത്തിലായതോടെ വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖിനെ മാറ്റി പകരം ഷാഫിയെത്തി. മുസ്‌ലിം സമുദായത്തിലും പുറത്തും കൂടുതല്‍ സ്വീകാര്യതയുള്ളയാളാണ് ഷാഫി. യുവനേതാവ് എന്നതുകൂടി പണിഗണിക്കുമ്പോള്‍ ഷാഫിയുടെ വരവ് മികച്ച തെരഞ്ഞെടുപ്പാണ്. പി.സി. വിഷ്ണുനാഥ് വര്‍ക്കിങ് പ്രസിഡന്റാകുന്നത് നായര്‍ വിഭാഗത്തിന്റെ പ്രാതിനിധ്യമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആ വിഭാഗത്തില്‍ നിന്നാണെന്നിരിക്കെ, വിഷ്ണുനാഥ് കൂടി കെ.പി.സി.സിയുടെ നിര്‍ണായക സ്ഥാനത്ത് പ്രതിഷ്ഠിച്ചത് കോണ്‍ഗ്രസിന്റെ പരാമ്പരാഗത വോട്ടുബാങ്ക് ഉറപ്പിച്ചുനിര്‍ത്താനുള്ള നീക്കമാണ്.
എ.പി. അനില്‍ കുമാര്‍ വര്‍ക്കിങ് പ്രസിഡന്റ് പദവിയിലെത്തിയതിലൂടെ തലപ്പത്ത് ദലിത് പ്രാതിനിധ്യവുമുറപ്പാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കെ.പി.സി.സി അധ്യക്ഷ പദവിയൊഴിഞ്ഞ കെ. സുധാകരനെ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയത് ആശ്വാസ നടപടിയാണ്. നിയമസഭ തെരഞ്ഞെടുപ്പ് വരെ തുടരാന്‍ ആഗ്രഹിച്ച സുധാകരന്റെ അതൃപ്തി അടക്കിനിര്‍ത്താന്‍ കൂടിയുള്ളതാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പുനഃസംഘടനയില്‍ സാമുദായിക സന്തുലനം കൃത്യമാക്കിയ ഹൈകമാന്‍ഡ് യുവത്വത്തിനും മതിയായ പരിഗണന നല്‍കിയത് പാര്‍ട്ടി അണികളുടെ കൂടി വികാരം കണക്കിലെടുത്തുള്ള തീരുമാനമാണ്.