പറഞ്ഞത് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിലെന്ന നിലപാടില്‍ ഉറച്ച് തരൂര്‍; പാര്‍ട്ടിയുടെ താക്കീതിലും തല്‍ക്കാലം കുലുങ്ങില്ല; തരൂരിന്റെതിന് സമാന നിലപാടുകാര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്ന തിരിച്ചറിവില്‍ തുടര്‍ നടപടികള്‍ക്ക് നില്‍ക്കാതെ കോണ്‍ഗ്രസ് നേതൃത്വവും; തിരുവനന്തപുരം എംപി പാര്‍ട്ടി ലൈന്‍ മാറുന്നതിലെ അതൃപ്തി താക്കീതില്‍ ഒതുങ്ങും
പറഞ്ഞത് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിലെന്ന നിലപാടില്‍ ഉറച്ച് തരൂര്‍
ന്യൂഡല്‍ഹി: രാജ്യം സംഘര്‍ഷ സാഹചര്യം നേരിടുമ്പോള്‍ സൈന്യത്തിനും രാജ്യതാല്‍പ്പര്യത്തിന് ഒപ്പം നിന്നതിന്റെ പേരിലാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ പാര്‍ട്ടിയുടെ കണ്ണില്‍ കരടായി മാറുന്നത്. വ്യക്തിപരമെന്ന് അടിവരയിട്ടു കൊണ്ട് അദ്ദേഹം വ്യക്തമാക്കി നിലാപാടുകളെയാണ് പാര്‍ട്ടി ചോദ്യം ചെയ്യുന്നത്. ഇതോടെ പാര്‍ട്ടി ലൈനില്‍ നിന്നും കോണ്‍ഗ്രസ് വ്യതിചലിക്കുന്നു എന്നതാണ് തരൂരിന് മേല്‍ ചുമത്തപ്പെട്ട കുറ്റം. എന്നാല്‍, താന്‍ ശരിയെന്ന് തോന്നുന്ന നിലപാടുകള്‍ വ്യക്തമാക്കിയെന്നാണ് തരൂര്‍ ഉറച്ചുവിശ്വസിക്കുന്നത്. രാഷ്ട്രീയം കളിക്കേണ്ട സമയമല്ല ഇപ്പോഴെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ താക്കീതിലും തരൂര്‍ ഇപ്പോള്‍ കുലുങ്ങില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ മുതല്‍ രാഹുല്‍ ഗാന്ധിയുമായി നല്ല രസത്തിലല്ല തരൂര്‍. പാര്‍ട്ടിയില്‍ അവസരങ്ങള്‍ നല്‍കാതെ ചവിട്ടി ത്താഴ്ത്താനാണ് ശ്രമം നടക്കുന്നതെന്ന വികാരവും തരൂരിനുണ്ട്. അതുകൊണ്ട് കൂടിയാണ് രണ്ടും കല്‍പ്പിച്ചു കൊണ്ട് അദ്ദേഹം മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും എളുപ്പത്തില്‍ തരൂരിനെ തള്ളാന്‍ കഴിയില്ല. കാരണം രാജ്യതാല്‍പ്പര്യം മുന്നില്‍ നിര്‍ത്തിയാണ് തരൂര്‍ സംസാരിച്ചത്. തരൂരിന്റെ ഈ നിലപാടിനെ അനുകൂലിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട് താനും. അതുകൊണ്ട് തരൂരിനെതിരായ കോണ്‍ഗ്രസ് നടപടി താക്കീതില്‍ ഒതുങ്ങും.
എഐസിസി താക്കീതിന് പിന്നാലെയും പറഞ്ഞതിലുറക്കുകയാണ് ശശി തരൂര്‍. ശരിയെന്നു തോന്നിയ കാര്യങ്ങളാണ് വ്യക്തമാക്കിയതെന്നാണ് തരൂരിന്റെ പക്ഷം. അതേസമയം പാര്‍ട്ടി താക്കീത് മറികടന്ന് പരസ്യപ്രതികരണവുമായി ശശി തരൂര്‍ മുന്നോട്ടുപോയാല്‍ തുടര്‍നടപടികളിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചന. ശശി തരൂരിന്റെ പ്രസ്താവനകള്‍ നിരവധി തവണ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടും കണ്ടില്ലെന്നു നടിച്ചു മുന്നോട്ട് പോവുകയായിരുന്നുവെന്നും എന്നാല്‍ പ്രവര്‍ത്തകസമിതി അംഗത്തിന്റെ ഭാഗത്തുനിന്നുള്ള തുടര്‍ച്ചയായ നടപടി ഗൗരവതരം ആണെന്നും നേതാക്കളില്‍ ഒരുവിഭാഗം പറയുന്നു.
നേതൃത്വവുമായി ഉടക്കി പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകാനുള്ള വഴിയാണ് ശശി തരൂര്‍ തേടുന്നതെന്ന് വിലയിരുത്തുന്നവരുമുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രതികരണം നടത്തിയതിനാണ് ശശി തരൂരിനെ ഇന്നലെ താക്കീത് ചെയ്തത്. പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ അറിയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വ്യക്തിപരമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സമയം ഇതല്ലെന്നും നേതൃത്വം തരൂരിനെ അറിയിച്ചിരുന്നു. തരൂര്‍ പരിധി ലംഘിക്കുകയാണെന്ന കടുത്ത വിമര്‍ശനമാണ് മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ ഉയര്‍ത്തിയത്. ഇതോടെയാണ് എഐസിസി താക്കീത് ചെയ്തത്.
പഹല്‍ ഗാം സംഭവത്തിന് പിന്നാലെ നടന്ന നടന്ന മൂന്ന് പ്രവര്‍ത്തക സമിതി യോഗങ്ങളിലൂടെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. അത് തള്ളിയാണ് തരൂര്‍ കേന്ദ്രത്തിന് അനുകൂലമായ നിലപാട് പറയുന്നത്. ജനങ്ങള്‍ക്കിടയില്‍ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ലൈന്‍ അനുസരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് നല്‍കിയത്. അതേസമയം ശശി തരൂരിനെതിരെ തുടര്‍ നടപടികള്‍ ഇപ്പോള്‍ ആലോചനയിലില്ല. പാര്‍ട്ടി ലൈന്‍ മാറുന്നതിലെ അതൃപ്തി താക്കീതിലൊതുക്കും. തരൂരിന്റെ തുടര്‍ നിലപാടും, പ്രതികരണങ്ങളും നിരീക്ഷിക്കും.
ഇന്നലത്തെ യോഗത്തില്‍ നല്‍കിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശം പഹല്‍ഗാമില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് വിമര്‍ശനത്തിന് ,ഏത് രാജ്യത്തിനും രഹസ്യാന്വേഷണ വീഴ്ചയുണ്ടാകാമെന്ന് തരൂര്‍ നിലപാടടെടുത്തു. 1971ലെ യുദ്ധ വിജയം ചൂണ്ടിക്കാട്ടി ഇന്ദിര ഗാന്ധിയായിരുന്നു ഇപ്പോഴെങ്കിലെന്ന കോണ്‍ഗ്രസ് പ്രചാരണത്തെ , സാഹചര്യം മാറിയെന്ന ഒറ്റ വാക്ക് കൊണ്ട് വെട്ടിലാക്കി. ട്രംപിന്റെ നിലപാട് തള്ളി മൂന്നാം കക്ഷിയുടെ ഇടപെടല്‍ കൊണ്ടല്ല പാകിസ്ഥാന്‍ കാല് പിടിച്ചതു കൊണ്ടാണ് വെടിനിര്‍ത്തലിന് ധാരണയായതെന്ന േേമാദിയുടെ വാദത്തെയും തരൂര്‍ പിന്തുണച്ചു.
രാഷ്ട്രീയമില്ല, രാജ്യതാല്‍പര്യം മാത്രമാണെന്ന മറുപടിയിലൂടെയും നേതൃത്വത്ത പ്രതിസന്ധിയിലാക്കുന്നു. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ തരൂര്‍ നല്‍കുന്നതെന്ന ചര്‍ച്ചയും സജീവമാണ്. മുന്‍പും പലതവണ തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനു തലവേദന സൃഷ്ടിച്ചിരുന്നു. അഭിപ്രായപ്രകടനത്തിനു കോണ്‍ഗ്രസ് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും ഇക്കുറി തരൂര്‍ 'ലക്ഷ്മണരേഖ' കടന്നെന്നു പ്രവര്‍ത്തകസമിതി യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുള്ള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ അഭിപ്രായമാണു സമൂഹത്തില്‍ അവതരിപ്പിക്കേണ്ടതെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലില്‍ അതൃപ്തി അറിയിച്ച തരൂര്‍, ഇന്ത്യ വിദേശരാജ്യങ്ങളുടെ മധ്യസ്ഥത തേടാന്‍ സാധ്യതയില്ലെന്നും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. യുഎസ് ഇടപെടലിനെ കോണ്‍ഗ്രസ് ചോദ്യംചെയ്യുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം. ഇന്ത്യപാക്ക് സംഘര്‍ഷം മോദി മികച്ച രീതിയിലാണു കൈകാര്യം ചെയ്തതെന്ന് തരൂര്‍ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ഫുള്‍ മാര്‍ക്ക് നല്‍കിയ തരൂര്‍, മോദി കഴിഞ്ഞ ദിവസം നടത്തിയ അഭിസംബോധനയെയും പ്രകീര്‍ത്തിച്ചിരുന്നു.