മുഖ്യമന്ത്രി പദത്തിനില്ലെന്ന് ഹൈക്കമാന്‍ഡിനോട് തരൂര്‍; കേരളത്തില്‍ 'താരപ്രചാരകനാകും'; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അടക്കം തരൂരിന്റെ വാക്കുകളും കേള്‍ക്കും; കെസിയും തരൂരും ഒരുമിച്ച് നീങ്ങും; വെള്ളാപ്പള്ളിയെ തള്ളി പറഞ്ഞ് എല്ലാ വിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കും; മുസ്ലീം ലീഗിനെ അനുനയിപ്പിക്കും; കോണ്‍ഗ്രസില്‍ വോട്ടെണ്ണല്‍ വരെ എല്ലാം നല്ല വഴിയില്‍

Update: 2026-01-07 07:37 GMT

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്ന് ശശി തരൂര്‍ എംപി ഹൈക്കമാന്‍ഡിനെ ഔദ്യോഗികമായി അറിയിച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ തരൂരിനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. അതേസമയം, കേരളത്തില്‍ പാര്‍ട്ടിക്ക് കരുത്തേകാന്‍ തരൂര്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വരെ ആരും മുഖ്യമന്ത്രി പദ മോഹം കോണ്‍ഗ്രസില്‍ ആളിക്കത്തിക്കില്ല. ഇതും ഹൈക്കമാണ്ട് നിര്‍ദ്ദേശമായി നേതാക്കള്‍ക്ക് കിട്ടിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ സ്വയം അവതരിപ്പിക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് തരൂര്‍ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എന്തെങ്കിലും തിരിച്ചടിയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തന്റെ തലയില്‍ വരരുതെന്ന ജാഗ്രതയും അദ്ദേഹം പങ്കുവെച്ചു. നഗരപ്രദേശങ്ങളിലും നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം പരമാവധി പ്രയോജനപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും കെപിസിസിയോട് നിര്‍ദ്ദേശിച്ചു. ഇതിന്റെ ഭാഗമായാണ് വയനാട് നേതൃക്യാമ്പില്‍ തരൂര്‍ സജീവമായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലുള്ള നിര്‍ണ്ണായക തീരുമാനങ്ങളില്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50 ശതമാനം യുവ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന വി.ഡി. സതീശന്റെ പ്രസ്താവനയില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച വേണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തരൂരിന് അര്‍ഹമായ പരിഗണനകള്‍ നല്‍കും. നഗരപ്രദേശങ്ങളിലും ക്രൈസ്തവ-നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം പരമാവധി ഉപയോഗിക്കും. അതിനിടെ കെസിയും തരൂരിന്റെ പങ്കിനെക്കുറിച്ച് വ്യക്തത വരുത്തി. തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ 'താരപ്രചാരകന്‍' ആയിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. മുന്‍പ് മോദിയെ പുകഴ്ത്തിയ തരൂരിന്റെ നിലപാട് പാര്‍ട്ടിയെ വേദനിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തരൂരിന് കാര്യങ്ങള്‍ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ നിലവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നും അത്തരമൊരു തര്‍ക്കം സിപിഎം സൃഷ്ടിയാണെന്നും കെസി പറഞ്ഞു.

ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനിന്നിരുന്ന ശശി തരൂര്‍ പാര്‍ട്ടി ലൈനിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് വസ്തുത. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ തരൂര്‍ സജീവമായി പങ്കെടുത്തതോടെ നേതൃത്വവുമായുള്ള അസ്വാരസ്യങ്ങള്‍ അവസാനിച്ചതായാണ് സൂചന. മോദി അനുകൂല നിലപാടുകളുടെ പേരില്‍ മുന്‍പ് ഉയര്‍ന്ന വിവാദങ്ങള്‍ ക്യാമ്പിലെ ചര്‍ച്ചകളോടെ മഞ്ഞുരുകി. അടിസ്ഥാനപരമായി പാര്‍ട്ടിയും താനും പറയുന്നത് ഒന്നാണെന്നും 17 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം അനാവശ്യ തെറ്റിദ്ധാരണകളുടെ ആവശ്യമില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. 'എന്റെ പ്രസംഗങ്ങളും എഴുത്തും കൃത്യമായി നിരീക്ഷിച്ചാല്‍ തെറ്റിദ്ധാരണകള്‍ മാറും.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഉണ്ടാകും,' തരൂര്‍ വ്യക്തമാക്കി. നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ കെ.സി. തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതും കോണ്‍ഗ്രസ് തുടരും. അന്യമതസ്ഥരെ നിന്ദിക്കുന്നത് ഗുരുനിന്ദയാണെന്നും ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി സീറ്റ് വിഭജനത്തില്‍ യാതൊരു തര്‍ക്കവുമില്ല. അതിനിടെ മലപ്പുറത്തിന് പുറമെ മധ്യ-ദക്ഷിണ കേരളത്തിലും ലീഗ് അധിക സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഗുരുവായൂര്‍, തിരുവമ്പാടി, കുന്നമംഗലം, പേരാമ്പ്ര മണ്ഡലങ്ങള്‍ വച്ചുമാറില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു.മുസ്ലീം ലീഗ് സീറ്റ് കൂടുതല്‍ ചോദിക്കുന്നത് ഹൈന്ദവ-ക്രൈസ്തവ വോട്ടുകളെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Tags:    

Similar News