വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ വെള്ളാപ്പള്ളി; ശിവഗിരിയില്‍ മൈക്ക് വലിച്ചെറിഞ്ഞതിലെ ക്ഷീണം തീര്‍ക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും പിടിവിട്ടു; മാധ്യമ പ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ചു ആകെപെട്ട അവസ്ഥയിലും; വെള്ളാപ്പള്ളിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയനും; വെള്ളാപ്പള്ളിയുടെ നാവില്‍ 'സരസ്വതി വിളയാടുന്നത്' തിരിച്ചടിയാകുന്നത് പിണറായിക്ക്

വെള്ളാപ്പള്ളിയുടെ നാവില്‍ 'സരസ്വതി വിളയാടുന്നത്' തിരിച്ചടിയാകുന്നത് പിണറായിക്ക്

Update: 2026-01-02 06:54 GMT

ആലപ്പുഴ: വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരിയില്‍ വെച്ച് മുസ്ലിംവിരുദ്ധ പ്രസ്താവനയില്‍ ഉയര്‍ന്ന ചോദ്യത്തോട് നിയന്ത്രണം വിട്ട് ചാനല്‍ മൈക്ക് വലിച്ചെറിഞ്ഞു കൊണ്ട് ക്ഷുഭിതനായിരുന്നു വെള്ളാപ്പള്ളി. ഇതില്‍ വിശദീകരിക്കാനും ന്യായീകരിക്കാനും വേണ്ടിയായിരുന്നു ഇന്ന് കണിച്ചുകുളങ്ങരയിലെ വീട്ടല്‍ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ച്ചത്. എന്നാല്‍. ഈ വാര്‍ത്താസമ്മേളനത്തിലും വെള്ളാപ്പള്ളിയുടെ നാടവില്‍ സരസ്വതി വിളയാടി. ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെ തീവ്രവാദി എന്നു വിളിച്ച വെള്ളാപ്പള്ളി കൂടുതല്‍ വെട്ടിലാകുകയും ചെയ്തു.

റിപ്പോര്‍ട്ടല്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകനായ റാഹിസ് റഷീദിനെയാണ് വെള്ളപ്പള്ളി പോര് നോക്കി തീവ്രവാദി എന്നു വിളിച്ചത്. ഈ തീവ്രവാദി വിളിയെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തത് വെള്ളാപ്പള്ളി ക്ഷുഭിതനായി. മൈക്ക് എടുത്തു വലിച്ചെറിയുമെന്ന വിധത്തില്‍ അടക്കമാണ് അദ്ദേഹം പ്രതികരിച്ചത്. ഇതോടെ വിവാദ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളിയെ തള്ളി മാധ്യമ ലോകവും രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു.

വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേരള പത്രപ്രവര്‍ത്തക യൂണിയനും. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിലാണ് യൂണിയനും നടപടി സ്വീകരിക്കുക. വിവാദ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശനം കടുക്കുമ്പോഴും അദ്ദേഹത്തെ പൂര്‍ണമായും തള്ളിപ്പറയാത്ത പിണറായി വിജയനാണ് വീണ്ടും വെട്ടിലായത്. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രംഗത്തുവന്നത്. ഇന്ന് എം വി ഗോവിന്ദനും വെള്ളാപ്പള്ളിയെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ഇതോടെ വെള്ളാപ്പള്ളിയുടെ നാവില്‍ 'സരസ്വതി വിളയാടുന്നത്' രാഷ്ട്രീയമയി തിരിച്ചടിയാകുന്നത് പിണറായിക്കാണ്. ഇങ്ങനെ ഒരാളെ എന്തിന് പിണറായിയും സിപിഎമ്മും പിന്തുണയ്ക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. പ്രത്യേകിച്ചു മുസ്ലിം വിഭാഗങ്ങളില്‍ നിന്നു.

കഴിഞ്ഞദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‌ലിംകളുടെ വലിയ വക്താവാണെന്നുമാണ് വെള്ളാപ്പള്ളി ഇന്ന് വാര്‍ത്താസമ്മേളനത്തല്‍ പറഞ്ഞത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്ലിങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഹീസ് ചോദിച്ച ചോദ്യത്തില്‍ പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് വാര്‍ത്താസമ്മേളനത്തിലും ഉണ്ടായത്.

മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം. ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസാരിക്കേണ്ടതിന് ഒരു രീതിയുണ്ട്. പെരുമാറ്റത്തില്‍ പക്വത കാണിക്കണം. ഒന്നുമില്ലെങ്കിലും ആ മാധ്യമപ്രവര്‍ത്തകന്റെ അപ്പൂപ്പനകാനുള്ള പ്രായം തനിക്കില്ലേ? ദാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്. മൈക്കുമായി തന്റെ അടുത്തേയ്ക്ക് വന്നപ്പോള്‍ തട്ടിമാറ്റുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിച്ചു.

റിപ്പോര്‍ട്ടറിനെതിരെയും രൂക്ഷ വിമര്‍ശനം വെള്ളാപ്പള്ളി ഉന്നയിച്ചു. റിപ്പോര്‍ട്ടറിന് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. രാഷ്ട്രീയക്കാരും ചാനലുകളുമായി റിപ്പോര്‍ട്ടര്‍ ടിവി ഏറ്റുമുട്ടലിലാണെന്നും അങ്ങനെ മുട്ടാന്‍ ഇവര്‍ പൊന്നുതമ്പുരാനാണോയെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു. റിപ്പോര്‍ട്ടര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ ചില സത്യങ്ങളാണ് പറയുന്നത്. താന്‍ പറയുന്നത് സത്യങ്ങളാണ് എന്ന് പറയുന്നതിന് പകരം റിപ്പോര്‍ട്ടര്‍ വേട്ടയാടുകയാണ്. താന്‍ എന്താ തെറ്റ് ചെയ്തത്? താന്‍ എന്താ പറഞ്ഞത്?. മലപ്പുറത്ത് തങ്ങള്‍ക്ക് സ്‌കൂളും കോളേജുമില്ല എന്നാണ് പറഞ്ഞത്. അതില്‍ എന്തിനാണ് ഇത്ര വിഷമം എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. റഹീസിന്റെ പേരാണോ പ്രശ്നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താന്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ അനുഭവത്തില്‍ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആരാണെന്നും കൂടുതല്‍ കസര്‍ക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു.

മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകനെ നോക്കി താന്‍ അവിടെ കുറേ കസറിയെന്നും ഇവിടെ കസറേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കേണ്ടെന്നും താന്‍ പറയുന്നത് കേട്ടാല്‍ മതിയെന്നും പറഞ്ഞ വെള്ളാപ്പള്ളി റിപ്പോര്‍ട്ടറിന്റെ മൈക്കിന് മുകളില്‍ ആഞ്ഞടിക്കുകയും ചെയ്തു. ഇവന്മാര്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Similar News