രേഖ ഗുപ്ത മുഖ്യമന്ത്രി ആകുന്നതോടെ ബിജെപിക്ക് ഡല്‍ഹിയില്‍ മാത്രമല്ല അങ്ങ് ബിഹാറിലും യുപിയിലും വരെ പിടി; ഡല്‍ഹിയിലെ 30 ശതമാനം ഒബിസി വോട്ടുബാങ്കിന് പുറമേ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 63 ശതമാനത്തിലും ഒരുകണ്ണ്; രേഖയുടെ നിയമനം സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കം

രേഖ ഗുപ്ത മുഖ്യമന്ത്രി ആകുന്നതോടെ ബിജെപിക്ക് ഡല്‍ഹിയില്‍ മാത്രമല്ല അങ്ങ് ബിഹാറിലും യുപിയിലും വരെ പിടി

Update: 2025-02-19 17:42 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയുക്ത മുഖ്യമന്ത്രി രേഖ ഗുപ്ത ബുധനാഴ്ച വൈകിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പമാണ് രാജ് നിവാസില്‍ എത്തി ഗവര്‍ണറെ കണ്ടത്. ഫെബ്രുവരി 5 ന് നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ ബിജെപി രേഖ ഗുപ്തയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പര്‍വേശ് വര്‍മ്മയേയും സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയുമാണ് തീരുമാനിച്ചത്.

രാം ലീല മൈതാനത്ത് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വച്ച് രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബിജെപി മുഖ്യമന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. നാളെ രാവിലെ 10 മണിക്കാണ്് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുക. പന്ത്രണ്ട് മണിക്ക് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലി കൊടുക്കും. വികസിത ഡല്‍ഹിയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ചടങ്ങ്. വികസിത് ഡല്‍ഹി ശപഥ് സമാരോഹ് എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്.

20 സംസ്ഥാനങ്ങളിലെയും എന്‍ഡിഎ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും എല്ലാ പ്രധാന നേതാക്കളെയും സെലിബ്രിററികളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തിപ്രകടനമാക്കാനാണ് ബിജെപി തീരുമാനം. അതേസമയം ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കാവല്‍ മുഖ്യമന്ത്രി അതിഷിയെയും,ഡല്‍ഹി പിസിസി അധ്യക്ഷന്‍ ദേവേന്ദ്ര യാദവിനെയും ക്ഷണിച്ചിട്ടുണ്ട്.

രേഖയെ തലപ്പത്ത് കൊണ്ടുവരാനുള്ള കാരണങ്ങള്‍

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, ഡല്‍ഹിയുടെ തലപ്പത്ത് വനിത വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതോടെ, രേഖ ഗുപ്തയും പട്ടികയിലെ പേരുകാരില്‍ മുന്‍പന്തിയിലെത്തി. ഔദ്യോഗിക പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ വലിയ വോട്ടുബാങ്കുള്ള ബനിയ സമുദായത്തില്‍ പെട്ട നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. വിജേന്ദ്ര ഗുപ്ത, രേഖ ഗുപ്ത, ജിതേന്ദ്ര മഹാജന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയാവുകയും ചെയ്തു.




പര്‍വേഷ് വര്‍മ്മ ജാട്ട് സമുദായത്തിന്റെ നേതാവാണ്. ഡല്‍ഹിയില്‍ 8 ലക്ഷത്തിലധികം ജാട്ട് സമുദായങ്ങളുണ്ട്. പര്‍വേഷിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും ആര്‍ എസ് എസിന്റെ പിന്തുണ രേഖ ഗുപ്തയ്ക്കായിരുന്നു. 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ അധികാരം പിടിച്ച ബിജെപി വനിതാ വോട്ടര്‍മാരിലാണ് ശ്രദ്ധയൂന്നിയിരുന്നത്. വനിതകള്‍ക്ക് മാസം തോറും 2500 രൂപ, ഗര്‍ഭിണികള്‍ക്ക് 21,000, മുതിര്‍ന്നവര്‍ക്ക് പെന്‍ഷന്‍ എന്നിങ്ങനെ സ്ത്രീശാക്തീകരണ പദ്ധതികള്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. സ്ത്രീകള്‍ക്ക് മാസന്തോറും 2100 രൂപ വാഗ്ദാനം ചെയ്ത എഎപിയെ വെല്ലാനായിരുന്നു ഈ വാഗ്ദാനം.

ഒബിസി വോട്ടുബാങ്കില്‍ കണ്ണ്

രേഖ ഗുപ്ത മുഖ്യമന്ത്രിയാകുന്നതോടെ, ഒബിസി വിഭാഗത്തിലേക്ക് ബിജെപി തങ്ങളുടെ തന്ത്രപ്രധാനമായ സ്വാധീനമുറപ്പിക്കുക കൂടിയാണ്. ഡല്‍ഹി വോട്ടര്‍മാരില്‍ 30 ശതമാനമാണ് ഒബിസി വിഭാഗം. ജാട്ടുകള്‍, ഗുജ്ജറുകള്‍, യാദവര്‍, ഗുപ്തകള്‍ എന്നീ സമുദായങ്ങള്‍ ഒബിസിയില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹിയില്‍ മാത്രമല്ല, മറ്റുസംസ്ഥാനങ്ങളിലും അതുവഴി ഒബിസി വോട്ടര്‍മാരെ പാട്ടിലാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ രേഖ ഗുപ്തയുടെ മുഖ്യമന്ത്രി സ്ഥാനം ചലനങ്ങള്‍ ഉണ്ടാക്കും. ബിഹാറിലെ വോട്ടര്‍മാരില്‍ 63 ശതമാനം ഒബിസികളാണ്. ഡല്‍ഹിയില്‍ ഒബിസി നേതാവിനെ ഉയര്‍ത്തിക്കാട്ടുക വഴി ബിഹാറില്‍ ആര്‍ജെഡിയുടെ സ്വാധീനം ദുര്‍ബലമാക്കാനും തങ്ങളുടെ സ്വാധീനം വിപുലമാക്കാനും ബിജെപി ലക്ഷ്യമിടുന്നു.

ബിഹാറിന് പുറമേ ഒബിസി വോട്ടര്‍മാര്‍ ഗണ്യമായ പങ്കുവഹിക്കുന്ന യുപിയിലും ബിജെപി ഒരു കണ്ണുവയ്ക്കുന്നു. യുപിയിലെ ഒബിസികളിലെ 52 ശതമാനത്തില്‍ 43 ശതമാനവും യാദവി ഇതര വിഭാഗത്തില്‍ പെട്ടവരാണ്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുമാണ്. അതില്‍ വിള്ളലുണ്ടാക്കാമെന്ന് ബിജെപി കരുതുന്നു.




അതിനൊപ്പം മൂന്നുപതിറ്റാണ്ടുകാലത്തെ ശക്തമായ ആര്‍എസ്എസ് ബന്ധവും രേഖ ഗുപ്തയുടെ നിയമനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയകാലത്ത് എബിവിപിയിലാണ് രേഖ പ്രവര്‍ത്തിച്ചത്. അഭിഭാഷകയായ ഗുപ്ത, 1996 മുതല്‍ 1997 വരെ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. പിന്നീട് മുനിസിപ്പല്‍ രാഷ്ട്രീയത്തിലേക്ക് മാറി, 2007 ല്‍ ഉത്തരി പിതംപുരയില്‍ (വാര്‍ഡ് 54) നിന്ന് ഡല്‍ഹി കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2012 ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിജെപി ഡല്‍ഹി മഹിള മോര്‍ച്ച ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചതിന് പുറമേ, പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ അംഗവുമാണ്.

അതുകൊണ്ട് രേഖയെ ഡല്‍ഹി മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം ഭരണപരം മാത്രമല്ല ക്യത്യമായ കണക്കുകൂട്ടലോടെയുളള രാഷ്ട്രീയ നീക്കം കൂടിയാണെന്ന് വിലയിരുത്തേണ്ടി വരും.

Tags:    

Similar News