'എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ, അത്രയും ഉയരംമാത്രമുള്ള ആളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്'; പ്രതിപക്ഷ എംഎല്‍എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; പിണറായിയുടെ വാക്കുകള്‍ ബോഡി ഷേമിങ് എന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസുകാരും

'എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ, അത്രയും ഉയരംമാത്രമുള്ള ആളാണ് ആക്രമിക്കാന്‍ പുറപ്പെടുന്നത്'

Update: 2025-10-08 07:47 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ മറുപടിപ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനൊപ്പം, പ്രതിപക്ഷനിരയിലെ ഒരു എംഎല്‍എയ്ക്കെതിരേ അദ്ദേഹത്തിന്റെ ഉയരത്തിന്റെ പേരിലും മുഖ്യമന്ത്രി പരിഹാസമുന്നയിച്ചു. ഇത് ബോഡി ഷേമിങാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

''എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം'', മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷാംഗത്തെ കളിയാക്കാനായി 'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍' എന്ന പ്രയോഗമാണ് മുഖ്യമന്ത്രി ഉപയോഗിച്ചതില്‍ കടുത്ത എതിര്‍പ്പും ഉയരുന്നുണ്ട്. 'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍' എന്നത് മലയാളത്തിലെ ഒരു പ്രയോഗമാണ്. ഇത് സാധാരണയായി ഒരു അസ്ഥിരമായ, അശാന്തമായ അല്ലെങ്കില്‍ പലഭാഗത്തും പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാളെയോ അവസ്ഥയെയോ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു

ഇത് സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നല്‍കും. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം. പ്രതിപക്ഷ പ്രതിഷേധത്തെ കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി വനിതാ വാച്ച് ആന്റ് വാര്‍ഡിനെ വരെ പ്രതിപക്ഷം ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇതിനിടയിലാണ് എന്റെ നാട്ടില്‍ ഒരു വര്‍ത്തമാനം ഉണ്ട് എന്നു പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന പ്രയോഗം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉയരക്കുറവിനെ പരിഹസിച്ചതാണെന്നാണ് പ്രതിപക്ഷ ആക്ഷേപം. അതിനാല്‍ പ്രയോഗം നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാണ് പ്രതിപക്ഷ തീരുമാനം. വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ രണ്ടുദിവസമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

''ഈ സഭയില്‍ രണ്ടുദിവസം സഭാനടപടികളാകെ സ്തംഭിപ്പിച്ച് പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ എന്താണ് അവരുടെ ആവശ്യം? ഏത് പ്രതിപക്ഷത്തിനും സഭയില്‍ ആവശ്യങ്ങളുന്നയിക്കാം. സര്‍ അങ്ങ് പലവട്ടം ചോദിച്ചല്ലോ എന്താണ് ആവശ്യമെന്ന്. അവര്‍ ഇതേവരെ ഉന്നയിക്കാന്‍ തയ്യാറായോ. എന്താണ് അവര്‍ ഭയപ്പെടുന്നത്. അവര്‍ ഉന്നയിച്ചാല്‍ ഉന്നയിക്കുന്ന ഏത് പ്രശ്നത്തിനും വിശദീകരണം നല്‍കാനും മറുപടി പറയാനും ഞങ്ങള്‍ തയ്യാറാണല്ലോ. എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. അവര്‍ ഇവിടെ ഉയര്‍ത്തിയ ചില ബാനറുകളില്‍ കാണാന്‍ കഴിഞ്ഞു, സഭയില്‍ ഭയമെന്ന്. അത് അവര്‍ക്കുള്ള ഭയമല്ലേ. ആ ഭയത്തിന്റെ ഭാഗമായല്ലേ അവര്‍ ഇവിടെ ഒരുപ്രശ്നവും ഉന്നയിക്കാതിരുന്നത്. ഉന്നയിക്കാന്‍ പല മാര്‍ഗങ്ങളുണ്ടല്ലോ. ചോദ്യോത്തരവേളയില്‍ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം. ശ്രദ്ധക്ഷണിക്കലാകാം. സബ്മിഷനാകാം. അങ്ങനെ പല മാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു മാര്‍ഗം ഇതേവരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായോ. എന്താണ് അതിന് കാരണം. അവര്‍ ഭയപ്പെടുന്നു. വസ്തുതകളെ ഭയപ്പെടുന്നു.

വസ്തുതകള്‍ അവര്‍ക്ക് വലിയ വിഷമകരമായരീതിയില്‍ ഉയര്‍ന്നുവരും. അത് ഭയപ്പെട്ടുകൊണ്ട് ഒന്നും സഭയില്‍ ഉന്നയിക്കാന്‍ തയ്യാറല്ല. അതേസമയം, വല്ലാത്തൊരു പുകമറ സൃഷ്ടിക്കാന്‍ നോക്കുന്നു. പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടേതായരീതികളുണ്ട്. ആ രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന അവരുടെ സംവിധാനങ്ങളുമുണ്ട്. അതിനെയെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാകുമോ എന്നാണ് നോക്കുന്നത്. ഞങ്ങള്‍ അത്തരത്തിലുള്ള ഒരു പുകമറയെയും ഭയപ്പെടുന്നില്ല. വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News