ബിഹാറില്‍ എന്‍ഡിഎ സഖ്യം നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ലീഡില്‍ ഡബിള്‍ സെഞ്ചുറി തികച്ച് നിതീഷ് കുമാറും കൂട്ടരും; 101 സീറ്റില്‍ മത്സരിച്ച് 94 സീറ്റില്‍ വിജയത്തോട് അടുക്കുന്ന ബിജെപിയുടേത് എക്‌സിറ്റ്‌പോളുകളെ കവച്ചുവെക്കുന്ന വിജയക്കുതിപ്പ്; 84 സീറ്റില്‍ ജെഡിയു; വന്‍ തോല്‍വിയായി പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത അവസ്ഥയിലേക്ക് ആര്‍ജെഡിയും കോണ്‍ഗ്രസും
ബിഹാറില്‍ എന്‍ഡിഎ സഖ്യം നേടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം
പട്‌ന: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഏറ്റവും വിലിയ കുതിപ്പാണ് ബിജെപി നടത്തുന്നത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെങ്ങും എന്‍ഡിഎയുടെ സമഗ്ര തേരോട്ടം. പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന മുന്നേറ്റമാണ് ബിഹാറില്‍ എന്‍ഡിഎയ്‌ക്കെന്ന് വ്യക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒടുവില്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ലീഡ് നിലയില്‍ എന്‍ഡിഎ സഖ്യം 206 സീറ്റുകള്‍ കടന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്.
101 സീറ്റില്‍ മത്സരിച്ചു 94 സീറ്റില്‍ വിജയിച്ച ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ് ഏവരെയും അമ്പരപ്പിക്കുന്നതാണ്. എക്‌സിറ്റ് പോളുകളെയും കവച്ചുവെക്കുന്ന വിജയമാണ് ബിജെപി ബിഹാറില്‍ നേടിയത്. 84 സീറ്റുകളില്‍ ജെഡിയുവും വിജയം നേടി. നിതീഷ് കുമാറെന്ന കരുത്തനായ നേതാവിനെ മുന്നില്‍ നിര്‍ത്തിയതാണ് എന്‍ഡിഎയുടെ വിജയത്തില്‍ നിര്‍ണായകമായത്.
സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം തന്നെ ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എന്‍ഡിഎയ്ക്ക് ജനം സമ്മാനിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 36 സീറ്റുകളില്‍ മാത്രമാണ് നിലവില്‍ ലീഡുള്ളത്. ഇതില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം നാലിലൊതുങ്ങിയെന്നതും സഖ്യത്തെ നയിക്കുന്ന ആര്‍ജെഡി തകര്‍ന്നടിയുന്നതുമാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കാണുന്നത്.
തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന ഇന്ത്യാസഖ്യത്തിന്റെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. എസ്‌ഐആറും ചെറുകക്ഷികലും അടക്കം കോണ്‍ഗ്രസിനെ ബാധിച്ചു എന്നാണ് കരുതേണ്ടത്. നിതീഷിന്റെ ഭരണത്തിലെ പോരായ്മകള്‍ക്ക് പുറമേ എസ്ഐആര്‍, വോട്ട് മോഷണം തുടങ്ങിയ ആരോപണമെല്ലാം ഉയര്‍ത്തി മഹാസഖ്യം പ്രചാരണം നടത്തിയെങ്കിലും നിതീഷിനെയും എന്‍ഡിഎയെയും അത് യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല.
ബിജെപി, ജെഡിയു, എല്‍ജെപി (രാം വിലാസ്), ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്‍പ്പെട്ടിട്ടുള്ളത്. 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചത്. അതേ സമയം കനത്ത തോല്‍വിയില്‍ കൃത്യമായ പ്രതികരണം നടത്താന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തന്നെ ഇത് എസ്.ഐ.ആറിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ച് കഴിഞ്ഞു. വോട്ടര്‍ പട്ടികയുടെ തീവ്രപരിഷ്‌കരണം കഴിഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. ജൂണ്‍ 24ലെ കണക്കുകള്‍ പ്രകാരം 7.89 കോടി വോട്ടര്‍മാരാണ് ബിഹാറിലെ പട്ടികയില്‍ ഉണ്ടായിരുന്നത്. ആഗസ്റ്റ് ഒന്നിന് എസ്.ഐ.ആറിന് ശേഷം ആദ്യഘട്ട പട്ടിക പുറത്ത് വന്നപ്പോള്‍ 65 ലക്ഷം പേര്‍ പട്ടികക്ക് പുറത്തായി. പിന്നീട് 3.66 ലക്ഷം അര്‍ഹതയില്ലാത്ത വോട്ടര്‍മാരെ ഒഴിവാക്കിയും 21.53 ലക്ഷം പേരെ കൂട്ടിച്ചേര്‍ത്തും പുതിയ വോട്ടര്‍ പട്ടിക ബിഹാറില്‍ പുറത്തിറക്കി.
എസ്.ഐ.ആറിന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ചേര്‍ത്തത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ശക്തികേന്ദ്രമായ മഗധ മേഖലയില്‍ ആയിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള സീമാഞ്ചലിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ഒഴിവാക്കിയത്. ഈ രണ്ട് തീരുമാനങ്ങളും തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായെന്ന് ആദ്യഘട്ട ഫലങ്ങളില്‍ നിന്ന് വ്യക്തമാവും. മഗധയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നില പരുങ്ങലിലായപ്പോള്‍ എന്‍.ഡി.എ വന്‍ മുന്നേറ്റമുണ്ടാക്കുകയും ചെയ്തു.
