കൃഷ്ണകുമാറിനെ മതിയെന്ന് സുരേന്ദ്രനും എംടി രമേശും; ശോഭ സുരേന്ദ്രന് എന്താ കുഴപ്പമെന്ന് കുമ്മനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ജയസാധ്യതയുള്ള പാലക്കാട്ടെ സ്ഥാനാര്‍ഥി വിഷയത്തില്‍ ആശയകുഴപ്പം തുടര്‍ന്ന് ബിജെപി; സമവായ സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യര്‍ എത്തുമോ?

കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടത് ഗ്രൂപ്പുകളുടെ യോജിപ്പിന്റെ തെളിവായി

Update: 2024-10-16 04:44 GMT

കോഴിക്കോട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ശോഭാ സുരേന്ദ്രനെ നീക്കാന്‍ മുരളീധര-കൃഷ്ണദാസ് പക്ഷങ്ങളുടെ സംയുക്ത നീക്കം. ഈ രണ്ട് ഗ്രൂപ്പുകളും പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്നത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സി കൃഷ്ണകുമാറിനെയാണ്. എന്നാല്‍ ശോഭയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാട്. ഇതിനിടെ സ്ഥാനാര്‍ത്ഥിയാകാന്‍ സന്ദീപ് വാര്യരും കരുനീക്കം നടത്തുന്നുണ്ട്. ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാകും നിര്‍ണ്ണായകം. കേരളാ ആര്‍ എസ് എസിലെ ഉത്തരമേഖലാ പ്രാന്തത്തോടും അഭിപ്രായം തേടും. ആര്‍ എസ് എസ് ഉത്തരമേഖലാ പ്രാന്തപ്രചാരക് വിനോദിന്റെ തീരുമാനവും സ്ഥാനാര്‍ത്ഥി ആരെന്നത് നിശ്ചയിക്കും.

ബിജെപിയുടെ നേതൃയോഗത്തില്‍ നാടകീയ സംഭവങ്ങളാണുണ്ടായത്. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് എംടി രമേശ് ആവശ്യപ്പെട്ടത് ഗ്രൂപ്പുകളുടെ യോജിപ്പിന്റെ തെളിവായി. കൃഷ്ണകുമാറിന്റെ പേരു മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു രമേശിന്റെ നിര്‍ദ്ദേശം. ഇതിനോട് കുമ്മനം യോജിച്ചില്ല. പാലക്കാട് ബിജെപിയുടെ വോട്ട് ശതമാനം ഉയര്‍ത്തിയത് മുമ്പ് ശോഭാ സുരേന്ദ്രനാണ്. ആലപ്പുഴ ലോക്‌സഭയിലും ജനപിന്തുണ തെളിയിച്ചു. പ്രവര്‍ത്തകര്‍ക്കിടയിലെ സര്‍വ്വേയിലും ശോഭയ്ക്കായിരുന്നു മുന്‍തൂക്കം. ഈ സാഹചര്യത്തില്‍ ശോഭയാണ് നല്ല സ്ഥാനാര്‍ത്ഥിയെന്ന് കുമ്മനം തുറന്നടിച്ചു. ഈ ചര്‍ച്ചകളിലൊന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചില്ല. എന്നാല്‍ മനസ്സ് കൊണ്ട് സുരേന്ദ്രനും കൃഷ്ണകുമാറിനൊപ്പമാണ്. മുരളീധര പക്ഷത്തെ പ്രമുഖനാണ് കൃഷ്ണകുമാര്‍. ഈ സാഹചര്യത്തിലാണ് കൃഷ്ണദാസ് പക്ഷത്തെ രമേശിനെ കൂടെ കൂട്ടി ശോഭയെ വെട്ടാനുള്ള ശ്രമം.

ശോഭയ്ക്കും കൃഷ്ണകുമാറിനും വേണ്ടിയുള്ള വാദമുഖങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ സമവായ സ്ഥാനാര്‍ത്ഥിയായി ഇറങ്ങാനാണ് സന്ദീപ് വാര്യരുടെ ശ്രമം. മുമ്പ് മുരളീധര വിരുദ്ധ പക്ഷത്തായിരുന്നു സന്ദീപ്. ഇതു മൂലം പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ പോലും പോയി. തിരിച്ച് പാര്‍ട്ടിയില്‍ സജീവമായ സന്ദീപ് കളം മാറ്റിയെന്ന ആരോപണം സജീവമാണ്. നിലവില്‍ കെ സുരേന്ദ്രനൊപ്പമാണ് സന്ദീപിന്റെ മനസ്സ്. ഇതുകൊണ്ട് തന്നെ മുമ്പ് പിന്തുണച്ച പലരും സന്ദീപിനൊപ്പം ഇപ്പോഴില്ല. ഇത് സന്ദീപിനും കുഴപ്പമാണ്. ബിജെപി ദേശീയ നേതൃത്വത്തില്‍ കൃഷ്ണകുമാറിന് സ്വാധീനമുണ്ട്. കൃഷ്ണകുമാറിന്റെ അടുത്ത കുടുംബ സുഹൃത്താണ് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ ബിഎല്‍ സന്തോഷ്. ഇതടക്കം കൃഷ്ണകുമാറിന് അനുകൂലമായി മാറുമെന്ന വിലയിരുത്തലിലാണ് മുരളീധര പക്ഷം.

അതിനിടെ ആര്‍ എസ് എസ് നേതൃത്വം ആര്‍ക്ക് വേണ്ടിയാകും രംഗത്ത് വരികയെന്ന ചോദ്യം ഉയരുന്നുണ്ട്. അവര്‍ പറയുന്നവര്‍ക്ക് സീറ്റ് നല്‍കും. തൃശൂര്‍ ലോക്‌സഭയില്‍ സുരേഷ് ഗോപിയുടെ വിജയം ഉറപ്പിച്ചത് പരിവാര്‍ നേതൃത്വമാണ്. ആര്‍ എസ് എസില്‍ കാര്യങ്ങള്‍ പഠിച്ച് തീരുമാനം എടുക്കുന്ന വിഭാഗത്തില്‍ പെടുന്ന വ്യക്തിയാണ് ഉത്തര കേരളാ പ്രാന്തപ്രചാരക് വിനോദ്. ആരുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയുമില്ല. അതുകൊണ്ട് തന്നെ ഉചിതമായ ആളിനെ വിനോദ് മുമ്പോട്ട് വയ്ക്കുമെന്നാണ് വിലയിരുത്തല്‍. ശോഭയും കൃഷ്ണകുമാറും സന്ദീപും ഈ പ്രതീക്ഷകളിലാണ്. അതിനിടെ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന അഭിപ്രായവും പൊതുവേയുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനമാകും നിര്‍ണ്ണായകം.

വയനാട് ലോക്‌സഭയില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത്. വയനാട്ടില്‍ ശോഭ മത്സരിക്കുന്നതിലും സുരേന്ദ്രന്‍ വിഭാഗം വെല്ലുവിളി കാണുന്നുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ സുരേന്ദ്രന്‍ പിടിച്ചതിനേക്കാള്‍ വോട്ട് ശോഭ ഉപതിരഞ്ഞെടുപ്പില്‍ നേടുമോ എന്നതാണ് ആശങ്ക. എങ്കിലും പാലക്കാട് ശോഭയെ മത്സരിപ്പിക്കാതിരിക്കാന്‍ വയനാട്ടില്‍ ശോഭയുടെ പേര് സജീവമായി സുരേന്ദ്രനും കൂട്ടരും ഉയര്‍ത്തുന്നുണ്ട്. രണ്ട് ഗ്രപ്പുകളും ഒരുമിച്ചതിനാല്‍ കോര്‍ ഗ്രൂപ്പില്‍ സുരേന്ദ്രന് മേല്‍ക്കൈയുണ്ടെന്നതാണ് വസ്തുത. അടുത്ത ബിജെപി സംസ്ഥാന അധ്യക്ഷനാകണമെന്ന ആഗ്രഹം എടി രമേശിനുണ്ട്. ഇതിന് വേണ്ടിയാണ് സുരേന്ദ്രനൊപ്പം ചേരുന്നതെന്ന വിലയിരുത്തലും ശക്തം.

സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി പാലക്കാട്ടെ ബിജെപിയിലും തര്‍ക്കമുണ്ട്. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍.ശിവരാജന്‍ ആവശ്യപ്പെട്ടു.ശോഭാ സുരേന്ദ്രനാണെങ്കില്‍ വിജയം ഉറപ്പെന്നും തന്റെ അഭിപ്രായം നേതാക്കളെ അറിയിച്ചെന്നും എന്‍.ശിവരാജന്‍ പ്രതികരിച്ചു. സി .കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ശിവരാജന്റെ പ്രതികരണം. കല്‍പ്പാത്തി രഥോത്സവത്തിന്റെ പേരില്‍ വോട്ടെടുപ്പ് തിയതി മാറ്റരുതെന്നും ശിവരാജന്‍ ആവശ്യപ്പെട്ടു. വയനാട്ടില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രനേതൃത്വമാണ് ശോഭയുടെ പേര് നിര്‍ദേശിച്ചത്.

പാലക്കാട് ശോഭയെ പരിഗണിക്കേണ്ടെന്നായിരുന്നു ബിജെപിയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം എന്ന് വ്യക്തമായതോടെയാണ് ശിവരാജന്‍ രംഗത്ത് വന്നത്. ഇത് ശോഭയെ നേതൃത്വം തഴയുന്നുവെന്ന പരാതിക്ക് വഴിവെച്ചിരുന്നു. ഏത് മണ്ഡലത്തില്‍ നിര്‍ത്തിയാലും വോട്ടുനില മെച്ചപ്പെടുത്താന്‍ കഴിയുന്ന നേതാവാണ് ശോഭയെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിച്ചിരുന്നു.

Tags:    

Similar News